കൊച്ചി: ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്കായി ഉപയോഗിക്കുന്ന 'മണി മ്യൂള്‍' ബാങ്ക് അക്കൗണ്ടുകള്‍ സമൂഹത്തിന് വലിയ ഭീഷണിയാണെന്ന് ഹൈക്കോടതി. സൈബര്‍ തട്ടിപ്പുകാര്‍ക്ക് പണം കൈമാറാന്‍ സ്വന്തം ബാങ്ക് അക്കൗണ്ടുകള്‍ വിട്ടുനല്‍കുന്ന അക്കൗണ്ടുടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. തട്ടിപ്പ് നടന്നതായി സംശയമുണ്ടായതിനെത്തുടര്‍ന്ന് പൊലീസ് ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതിനെതിരെ ഒരു യുവതി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിര്‍ണായക നിരീക്ഷണം.
തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് മൂന്നര ലക്ഷം രൂപ എത്തിയത് എങ്ങനെയെന്ന് അറിയില്ലെന്ന ഹര്‍ജിക്കാരിയുടെ നിലപാട് സംശയകരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസ് കോടതിയുടെ പരിഗണനയ്ക്ക് വന്നതോടെ ഹര്‍ജി പിന്‍വലിക്കാന്‍ യുവതി അനുമതി തേടിയെങ്കിലും കോടതി നിരാകരിക്കുകയായിരുന്നു. ഈ ബാങ്ക് അക്കൗണ്ട് സൈബര്‍ തട്ടിപ്പ് ലക്ഷ്യമിട്ട് മാത്രം ആരംഭിച്ചതാണെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് എം.എ. അബ്ദുല്‍ ഹക്കീം, ഹര്‍ജിക്കാരിക്കെതിരെ സംഘടിത കുറ്റകൃത്യത്തിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം നടത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കി. സൈബര്‍ തട്ടിപ്പുകളിലെ കള്ളപ്പണ ഇടപാടുകള്‍ കണ്ടെത്താന്‍ ഇത്തരം അക്കൗണ്ടുടമകള്‍ക്കെതിരെയുള്ള അന്വേഷണം അനിവാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
വ്യാജ നിക്ഷേപങ്ങള്‍, ഓണ്‍ലൈന്‍ പാര്‍ട്ട് ടൈം ജോലികള്‍, മയക്കുമരുന്ന് കച്ചവടം തുടങ്ങിയ കുറ്റകൃത്യങ്ങളിലൂടെ തട്ടിയെടുക്കുന്ന കള്ളപ്പണം ഒളിപ്പിക്കാനും കടത്താനുമായി തട്ടിപ്പുകാര്‍ കണ്ടെത്തിയിരിക്കുന്ന പുതിയ രീതിയാണ് 'മണി മ്യൂള്‍'. സാധാരണക്കാരുടെ ബാങ്ക് അക്കൗണ്ടുകള്‍, യു.പി.ഐ ഐഡികള്‍, ക്രിപ്‌റ്റോ വാലറ്റുകള്‍ എന്നിവ വാടകയ്ക്കെടുത്ത് തട്ടിപ്പുകാര്‍ ഇതിനായി ഉപയോഗിക്കുന്നു. ചെറിയൊരു കമ്മീഷന്‍ തുകയ്ക്കായി വിദ്യാര്‍ത്ഥികളും യുവാക്കളും തങ്ങളുടെ അക്കൗണ്ടുകള്‍ ഇത്തരത്തില്‍ വിട്ടുനല്‍കി അറിയാതെ കള്ളപ്പണവാഹകരായി മാറുകയാണ് ചെയ്യുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates