തിരുവനന്തപുരം: സംസ്ഥാനത്ത് ആത്മഹത്യ ചെയ്യുന്നവരില്‍ ഏറെയും പുരുഷന്‍മാര്‍. സംസ്ഥാനത്ത് ആകെ ആത്മഹത്യയ്ക്ക് വിധേയരാകുന്നവരില്‍ 79 ശതമാനം പുരുഷന്‍മാരാണ്. 21 ശതമാനം മാത്രമാണ് ഇക്കൂട്ടത്തില്‍ സ്ത്രീകള്‍. കേരളത്തിലെ ആത്മഹത്യ നിരക്ക് സംബന്ധിച്ച് സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് എറണാകുളം ജില്ലാ കാര്യാലയം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. 2020 മുതല്‍ 2023വരെയുള്ള കണക്കുകളാണ് പഠനവിധേയമാക്കിയത്.
വടക്കന്‍ കേരളത്തെ അപേക്ഷിച്ച് തെക്കന്‍ കേരളത്തിലാണ് ആത്മഹത്യകള്‍ കൂടുതല്‍ സംഭവിക്കുന്നതെന്നാണ് പഠന റിപ്പോര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലാണ് ഇതരജില്ലകളെ അപേക്ഷിച്ച് ആത്മഹത്യാ നിരക്ക് കൂടുതല്‍. കേരളത്തിലെ ആത്മഹത്യകളുടെ 41 ശതമാനം ഈ ജില്ലകളിലാണ് സംഭവിക്കുന്നത്.
സംസ്ഥാനത്ത് ആത്മഹത്യ ചെയ്ത പുരുഷന്‍മാരില്‍ ഏറെയും 45നും 60നും ഇടയില്‍ പ്രായമുള്ളവരായിരുന്നു. എന്നാല്‍ സ്ത്രീകളുടെ കാര്യത്തില്‍ സ്ഥിതി വിഭിന്നമാണ്, ആത്മഹത്യയ്ക്ക് വിധേയരായ സ്ത്രീകളിലേറെയും 60 വയസിന് മേല്‍ പ്രായമുള്ളവരായിരുന്നു.
തൊഴില്‍രഹിതരെ അപേക്ഷിച്ച് തൊഴിലുള്ളവര്‍ക്കിടയിലാണ് ആത്മഹത്യ കൂടുതലായി സംഭവിക്കുന്നത്. ഇക്കൂട്ടത്തില്‍ ദിവസവേതനാക്കാര്‍ക്കിടയിലും സ്വകാര്യസ്ഥാപനങ്ങളില്‍ തൊഴില്‍ എടുക്കുന്നവര്‍ക്കിടയിലുമാണ് കൂടുതല്‍ ആത്മഹത്യകള്‍ സംഭവിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനാചരണത്തോടനുബന്ധിച്ച് കാക്കനാട് സിവില്‍ സ്‌റ്റേഷനില്‍ മുപ്പതിന് പുറത്തിറക്കും.
Around 79% of those who had ended their lives between 2020 and 2023 were men, according to a study by the Ernakulam district office of the Department of Economics and Statistics.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates