സുകാന്ത് സുരേഷ് 
Kerala

2024 ഒക്ടോബര്‍ മുതല്‍ യുവതിയുടെ ശമ്പളം സുകാന്ത് തട്ടിയെടുത്തു, വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം; ഐബിയില്‍ നിന്നും പിരിച്ചു വിട്ടിട്ടില്ലെന്ന് അഭിഭാഷകന്‍

സുകാന്തിന് യുവതിയെ ലൈംഗികമായി ചൂഷണം ചെയ്യുക എന്ന ലക്ഷ്യം മാത്രമാണ് ഉണ്ടായിരുന്നതെന്ന് പൊലീസ്

പി രാംദാസ്

കൊച്ചി: തിരുവനന്തപുരത്ത് വനിതാ ഐബി ഓഫീസര്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍, ആരോപണ വിധേയനായ സഹപ്രവര്‍ത്തകന്‍ സുകാന്ത് സുരേഷിന്റെ പങ്ക് സംബന്ധിച്ച് പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. മരിച്ച 24 കാരിയായ ഐബി ഉദ്യോഗസ്ഥയുടെ മുഴുവന്‍ ശമ്പളവും സുകാന്ത് തട്ടിയെടുത്തിരുന്നതായി പൊലീസ് കോടതിയെ അറിയിച്ചു. വിവാഹ വാഗ്ദാനം നല്‍കി, 2024 ഒക്ടോബര്‍ മുതല്‍ ഇയാള്‍ ഇത്തരത്തില്‍ പണം തട്ടിയെടുത്തിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തല്‍.

ഐബി ഉദ്യോഗസ്ഥയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ചതില്‍ നിന്നും, ശമ്പളം ബാങ്കില്‍ ക്രെഡിറ്റ് ആയാല്‍ തൊട്ടു പിറ്റേന്ന് തന്നെ മുഴുവന്‍ പണവും സുകാന്തിന്റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിരുന്നതായാണ് പൊലീസ് കണ്ടെത്തിയത്. സുകാന്തും മരിച്ച ഐബി ഉദ്യോഗസ്ഥയും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ പിന്നീട് സുകാന്തില്‍ നിന്നും യുവതി കടുത്ത സമ്മര്‍ദ്ദവും മാനസിക പീഡനവുമാണ് അനുഭവിച്ചിരുന്നതെന്ന്, ഐബി ഉദ്യോഗസ്ഥരുടെ സുഹൃത്തുക്കള്‍, റൂം മേറ്റ്‌സ് തുടങ്ങി 30 ഓളം സാക്ഷികളുടെ മൊഴികളില്‍ നിന്ന് വ്യക്തമായതായി പൊലീസിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

തിരുവനന്തപുരം പേട്ട പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ പ്രേംകുമാറാണ് ഹൈക്കോടതിയില്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്. വ്യാജ വിവാഹ വാഗ്ദാനം നല്‍കി സുകാന്ത്, ഐബി ഉദ്യോഗസ്ഥയായ യുവതിയെ സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍, യുവതിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സുകാന്തിനെ പ്രതിയാക്കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

2024 ഏപ്രില്‍-മെയ് മാസത്തില്‍ രാജസ്ഥാനിലെ ജോധ്പൂരില്‍ നടന്ന പരിശീലന ക്യാമ്പിനിടെയാണ് സുകാന്തും യുവതിയും തമ്മില്‍ സൗഹൃദത്തിലാകുന്നത്. പരിശീലനത്തിന് പിന്നാലെ, സുകാന്തിന് കൊച്ചിയില്‍ എമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലും, യുവതിക്ക് തിരുവനന്തപുരം വിമാനത്താവളത്തിലും നിയമനം ലഭിച്ചു. ഇതിനിടെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചനാപരമായ മാര്‍ഗങ്ങളിലൂടെ സുകാന്ത് യുവതിയെ ശാരീരിക ബന്ധത്തിന് ഇരയാക്കുകയായിരുന്നു. ഈ ബന്ധത്തില്‍ യുവതി ഗര്‍ഭിണിയായി. തുടര്‍ന്ന് 2024 ജൂലൈ നാലിന് യുവതി തിരുവനന്തപുരത്തെ ആശുപത്രിയില്‍ വെച്ച് ഗര്‍ഭച്ഛിദ്രത്തിന് വിധേയയായി. ഇതിനു പിന്നാലെ പ്രണയബന്ധം യുവതി വീട്ടുകാരെ അറിയിച്ചു.

വീട്ടുകാര്‍ സമ്മതം മൂളിയതോടെ, തന്നെ വിവാഹം കഴിക്കണമെന്ന് യുവതി പലതവണ സുകാന്തിനോട് ആവശ്യപ്പെട്ടു. എന്നാല്‍ അയാള്‍ ബന്ധത്തില്‍ നിന്നും ഒഴിഞ്ഞുമാറി. ഇതോടെ യുവതി വിഷാദത്തിന് അടിമപ്പെട്ടുവെന്നും പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സുകാന്തിന് യുവതിയെ ലൈംഗികമായി ചൂഷണം ചെയ്യുക എന്ന ലക്ഷ്യം മാത്രമാണ് ഉണ്ടായിരുന്നതെന്നും, യുവതിയുടെ വലിയൊരു തുക അടിച്ചുമാറ്റിയെടുത്തെന്നും ഐബി ഉദ്യോഗസ്ഥയുടെ വീട്ടുകാര്‍ കോടതിയെ അറിയിച്ചു. വിവാഹത്തിന് തങ്ങള്‍ എതിര്‍ത്തിരുന്നുവെന്ന സുകാന്തിന്റെ വാദം പച്ചക്കള്ളമാണെന്നും വീട്ടുകാര്‍ കോടതിയില്‍ വ്യക്തമാക്കി.

തങ്ങളുടെ മകളുടെ സ്വപ്‌നങ്ങളെ സുകാന്ത് തകര്‍ത്തു. മകളുടെ മരണം വിധിയല്ല, മറിച്ച് സുകാന്ത് കരുതിക്കൂട്ടി നടപ്പാക്കിയ ക്രൂരതയാണെന്നും യുവതിയുടെ വീട്ടുകാര്‍ ആരോപിച്ചു. അതേസമയം, കേസിലെ പ്രതിയായ സുകാന്തിനെ ഐബിയില്‍ നിന്നും പിരിച്ചു വിട്ടിട്ടില്ലെന്ന് അയാളുടെ അഭിബാഷകനായ സി പി ഉദയഭാനു അറിയിച്ചു. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ സുകാന്ത് സസ്‌പെന്‍ഷനിലാണ്. എന്നാല്‍ ഇതുവരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും അഡ്വ. ഉദയഭാനു വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

SCROLL FOR NEXT