കുട്ടികളുടെ കത്ത്, രമേശ് ചെന്നിത്തല 
Kerala

'പ്രിയപ്പെട്ട മക്കളെ.... നിങ്ങളുടെ പിന്തുണ വിലപ്പെട്ട അംഗീകാരമായി കേരള പൊലീസും ഞാനും ഹൃദയത്തോട് ചേർക്കുന്നു'

'ലഹരിക്കെതിരായ നിങ്ങളുടെ ഈ ഉറച്ച നിലപാട് ക്യാമ്പസുകൾക്കും നാടിനാകെയും വഴിവിളക്കാകട്ടെ'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനായ ഓപ്പറേഷൻ തൂഫാനെ പിന്തുണച്ച് കത്തെഴുതിയ വിദ്യാർത്ഥികൾക്ക് മറുപടിയുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മുട്ടാർ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കാണ് ചെന്നിത്തലയുടെ മറുപടി. 'പ്രിയപ്പെട്ട മക്കളെ' എന്ന് ആരംഭിക്കുന്ന കുറിപ്പിൽ കുട്ടികളെയും, അവരെ പ്രോത്സാഹിപ്പിച്ച അധ്യാപകരെയും, ഈ ആശയം നടപ്പാക്കിയ മാനേജ്മെന്റിനെയും മന്ത്രി അഭിനന്ദിച്ചു.

ചങ്ങനാശേരി അതിരൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ നേതൃത്വത്തിൽ കോർപ്പറേറ്റിന്റെ കീഴിലുള്ള എല്ലാ സ്കൂളുകളിലെയും വിദ്യാർത്ഥികൾക്കായി സെപ്റ്റംബർ 30 ന് ആണ് കത്തെഴുത്ത് മത്സരം നടത്തിയത്. ‘തൂഫാൻ സ്നേഹപൂർവം നന്മയ്ക്ക്’ എന്നതായിരുന്നു വിഷയം. മനസ്സിലുറയ്ക്കുന്ന ആ വരികൾ വായിച്ചപ്പോൾ തോന്നിയ സന്തോഷം വാക്കുകൾക്കതീതമാണെന്ന് മന്ത്രി ചെന്നിത്തല സമൂഹമാധ്യമക്കുറിപ്പിൽ പറഞ്ഞു.

ഡിജിറ്റൽ യുഗത്തിലും നീലനിറമുള്ള ആ ഇൻലൻഡുകളിൽ നിങ്ങളുടെ സ്വന്തം കൈപ്പടയിലെഴുതിയ ഓരോ അക്ഷരത്തിനും മായാത്തൊരു ഓട്ടോഗ്രാഫിന്റെ ജീവനും ആത്മാർത്ഥതയുമുണ്ട്. ആ താളുകളിൽ നിങ്ങൾ പകർന്നുനൽകിയ പിന്തുണ ഈ പോരാട്ടത്തിന് കിട്ടിയ ഏറ്റവും വിലപ്പെട്ട അംഗീകാരമായി കേരള പൊലീസും ഞാനും ഹൃദയത്തോട് ചേർക്കുന്നു. ലഹരിക്കെതിരായ നിങ്ങളുടെ ഈ ഉറച്ച നിലപാട് ക്യാമ്പസുകൾക്കും നാടിനാകെയും വഴിവിളക്കാകട്ടെ. രമേശ് ചെന്നിത്തല ഫെയ്സ്ബുക്കിൽ കുറിച്ചു.

ആഭ്യന്തര മന്ത്രിയുടെ കുറിപ്പിന്റെ പൂർണരൂപം:

പ്രിയപ്പെട്ട മക്കളെ,

ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിങ്ങൾ അയച്ച കത്തുകളിൽ പലതും ഞാൻ കണ്ടു; മനസ്സിലുറയ്ക്കുന്ന ആ വരികൾ വായിച്ചപ്പോൾ തോന്നിയ സന്തോഷം വാക്കുകൾക്കതീതമാണ്.

ലഹരി മാഫിയയുടെ വേരറുക്കാൻ നാടൊന്നാകെ പൊരുതുന്ന ഈ ഘട്ടത്തിൽ, ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്‌‌മെന്റിന്റെ കീഴിലെ സ്കൂളുകളിൽ നിന്ന് ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഒന്നിച്ച് കത്തെഴുതി മുന്നോട്ടുവന്നത് ലഹരിക്കെതിരെ നമ്മുടെ ചെറുത്തുനിൽപ്പിന്റെ വലിയൊരു മാതൃകയാണ്.

ഡിജിറ്റൽ യുഗത്തിലും നീലനിറമുള്ള ആ ഇൻലൻഡുകളിൽ നിങ്ങളുടെ സ്വന്തം കൈപ്പടയിലെഴുതിയ ഓരോ അക്ഷരത്തിനും മായാത്തൊരു ഓട്ടോഗ്രാഫിന്റെ ജീവനും ആത്മാർത്ഥതയുമുണ്ട്. ആ താളുകളിൽ നിങ്ങൾ പകർന്നുനൽകിയ പിന്തുണ ഈ പോരാട്ടത്തിന് കിട്ടിയ ഏറ്റവും വിലപ്പെട്ട അംഗീകാരമായി കേരള പൊലീസും ഞാനും ഹൃദയത്തോട് ചേർക്കുന്നു.

യുവത്വത്തിന്റെ തെളിമയാർന്ന ചിന്തകളിലേക്കും സ്വപ്നങ്ങളിലേക്കും ലഹരിയുടെ വിഷപ്പുക ഒരിക്കലും പടരരുത്. ലഹരിക്കെതിരായ നിങ്ങളുടെ ഈ ഉറച്ച നിലപാട് ക്യാമ്പസുകൾക്കും നാടിനാകെയും വഴിവിളക്കാകട്ടെ. സ്വന്തം ജീവിതം കൊണ്ടും തീരുമാനങ്ങൾ കൊണ്ടും സമൂഹത്തിന് മുന്നറിയിപ്പും വെളിച്ചവുമാകാൻ നിങ്ങൾക്ക് സാധിക്കട്ടെ.

സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പുതിയ തലമുറയെ വാർത്തെടുക്കുന്നതിൽ മുന്നിൽ നിൽക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരെയും ചങ്ങനാശ്ശേരി അതിരൂപതാ മാനേജ്‌മെന്റിനെയും ഞാൻ ഹൃദയപൂർവ്വം അഭിനന്ദിച്ചതായി അറിയിക്കുക. പ്രതിരോധത്തിന്റെ വഴിയിൽ കേരളത്തിന് മുഴുവൻ വലിയൊരു മാതൃകയാണ് നിങ്ങൾ കാണിച്ചുതന്നത്!

സ്നേഹാദരങ്ങളോടെ,

നിങ്ങളുടെ സ്വന്തം

-രമേശ് ചെന്നിത്തല

Ramesh Chennithala responds to students who wrote a letter supporting 'Operation Toofan'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

44 കൊല്ലങ്ങൾ... വനിതാ ഹോക്കിയിൽ ചരിത്രമെഴുതി ഇന്ത്യ, സ്വർണം!

ഫൈനലിന് 'നഖ്‌‍വി' വരില്ല, ഇന്ത്യയ്ക്ക് മെഡൽ 'കിട്ടും'!

മെസിയുടെ പേരില്‍ തട്ടിപ്പ്: മുന്‍ മന്ത്രി വി അബ്ദുറഹിമാനെ എസ്‌ഐടി ചോദ്യം ചെയ്തു

കയ്യിൽ തോക്കുമായി മമ്മൂട്ടിയും ധനുഷും; 'ഓം' എത്തുക നവംബറിൽ, റിലീസ് തീയതി പുറത്ത്

'ആരെങ്കിലും എന്നെ ഈ സിനിമയിലേക്ക് കാസ്റ്റ് ചെയ്യൂ'; അല്ലു അർജുൻ ചിത്രത്തിൽ താനില്ലെന്ന് ഐശ്വര്യ ലക്ഷ്മി