എം സ്വരാജ്, കെ ബാബു ഫെയ്സ്ബുക്ക്
Kerala

കെ ബാബുവിന് തിരിച്ചടി, തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസില്‍ സ്വരാജിന്റെ ഹര്‍ജി നിലനില്‍ക്കുമെന്ന് സുപ്രീംകോടതി

മതചിഹ്നങ്ങള്‍ ഉപയോഗിച്ച് കെ ബാബു വോട്ട് പിടിച്ചത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു സ്വരാജിന്റെ ഹര്‍ജി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസില്‍ കോണ്‍ഗ്രസ് എംഎല്‍എ കെ ബാബുവിന് തിരിച്ചടി. കെ ബാബുവിനെതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മതചിഹ്നങ്ങള്‍ ഉപയോഗിച്ച് കെ ബാബു വോട്ട് പിടിച്ചത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു സ്വരാജിന്റെ ഹര്‍ജി. ഹര്‍ജി നിലനില്‍ക്കുമെന്ന ഹൈക്കോടതി ഉത്തരവിന് എതിരെയാണ് ബാബു സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതിയിലെ നടപടികള്‍ തുടരാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, പി വി സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ബാബു ഉന്നയിച്ച എതിര്‍പ്പുകള്‍ക്ക് യാതൊരു ന്യായവുമില്ലെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ ഇടപെടേണ്ടതില്ലെന്നുമാണ് ബെഞ്ചിന്റെ നിരീക്ഷണം.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ ബാബുവിനോട് പരാജയപ്പെട്ട എം സ്വരാജ് ബാബുവിന്റെ തെരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹിന്ദു വോട്ടര്‍മാരെ മതത്തിന്റെ അടിസ്ഥാനത്തില്‍ ആകര്‍ഷിച്ച് തെരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിക്കുകയായിരുന്നുവെന്നാണ് കെ ബാബുവിനെതിരെ സ്വരാജ് ഉന്നയിച്ച ആരോപണം.

2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 992 വോട്ടിനാണ് എം സ്വരാജിനെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കെ ബാബു പരാജയപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ മുതല്‍ ശബരിമല വിഷയത്തില്‍ മതചിഹ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു കെ ബാബുവിന്റെ പ്രചാരണമെന്നായിരുന്നു സ്വരാജിന്റെ ഹര്‍ജിയിലെ വാദം. വോട്ടേഴ്‌സ് സ്ലിപ്പില്‍ അയ്യപ്പന്റെ ചിത്രവും ഉപയോഗിച്ചിരുന്നുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. നിങ്ങളുടെ വോട്ട് അയ്യപ്പന് എന്നായിരുന്നു സ്ലിപ്പിലുണ്ടായിരുന്നത്. ഇങ്ങനെ രേഖപ്പെടുത്തിയ സ്ലിപ്പാണ് വോട്ടര്‍മാര്‍ക്ക് നല്‍കിയതെന്നാണ് ആരോപണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT