കോഴിക്കോട്: പാചകത്തിനായി പുതിയ ഇനം ഇഞ്ചി വികസിപ്പിച്ച് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം. മൂഴിക്കലിലെ ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം (ഐഐഎസ്ആർ) കർഷക പങ്കാളിത്തത്തോടെ വികസിപ്പിച്ച ഇനത്തിനു ‘ഐഐഎസ്ആർ സുരസ‘ എന്നാണ് പേരിട്ടിരിക്കുന്നത്. ഹെക്ടറിൽ 24.33 ടൺ വിളവ് സ്ഥിരത പ്രതീക്ഷിക്കുന്നതിനാൽ പുതിയ ഇനം കർഷകർക്കും പ്രതീക്ഷ നൽകുന്നതാണ്.
സാധാരണ ഇഞ്ചി കഴിക്കുമ്പോൾ അനുഭവപ്പെടുന്ന കുത്തൽ പുതിയ ഇനമായ സുരസയ്ക്കില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. നല്ല രുചിയുള്ള ഇനമാണിത്. പച്ചക്കറി ആവശ്യത്തിനായി ഇന്ത്യയിൽ ആദ്യമായി വികസിപ്പിക്കുന്ന ഇഞ്ചി ഇനമാണിത്.
കോടഞ്ചേരിയിലെ കർഷകനായ ജോൺ ജോസഫിന്റെ കൈയിലുണ്ടായിരുന്ന ഇഞ്ചിയിൽ നിന്നാണ് ആദ്യ ഗവേഷണങ്ങൾ തുടങ്ങിയത്. ഇതിൽ നടത്തിയ പരീക്ഷണത്തിലൂടെ സുരസ വികസിപ്പിച്ചത്. അടുത്ത നടീൽ സീസണായ മെയ്, ജൂൺ മാസത്തോടെ കർഷകർക്ക് വിത്തുകൾ ലഭ്യമാക്കും.
സാധാരണ ഇഞ്ചി ഇനങ്ങളേക്കാൾ വലിപ്പമുള്ളതാണ് സുരസയെന്നു മുഖ്യ ഗവേഷകയും സുഗന്ധവിള ഗവേഷണ സ്ഥാപനത്തിലെ പ്രിൻസിപ്പൽ സയിന്റിസ്റ്റുമായ ഡോ. സികെ തങ്കമണി വ്യക്തമാക്കി. ഡോ. എൻകെ ലീല, ഡോ. ടിഇ ഷീജ, ഡോ. കെഎസ് കൃഷ്ണ മൂർത്തി, ഡോ. ഡി പ്രസാദ്, ഡോ. ഷാരോൺ അരവിന്ദ്, ഡോ. എസ് മുകേഷ് ശങ്കർ എന്നിവരാണ് സംഘത്തിലെ മറ്റുള്ളവർ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates