Bishop Joseph Pamplany Express Phote/ T P Soorej
Kerala

സുരേഷ് ഗോപിയുടെ വിജയത്തില്‍ കത്തോലിക്കാ സഭ 'ക്രെഡിറ്റ്' എടുക്കുന്നില്ല: ബിഷപ്പ് ജോസഫ് പാംപ്ലാനി

ബിജെപി വിജയിക്കുമ്പോഴെല്ലാം അത് ക്രിസ്ത്യന്‍ വോട്ടുകള്‍ മൂലമാണെന്ന പ്രചാരണം തെറ്റാണെന്ന് ബിഷപ്പ് പാംപ്ലാനി പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ബിജെപി വിജയിക്കുമ്പോഴെല്ലാം അത് ക്രിസ്ത്യന്‍ വോട്ടുകള്‍ മൂലമാണെന്ന പ്രചാരണം തെറ്റാണെന്ന് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. രാഷ്ട്രീയ മുന്നണികള്‍ ആത്മപരിശോധന നടത്തുന്നതില്‍ പരാജയപ്പെട്ടു എന്നതാണ് ഈ വാദം വ്യക്തമാക്കുന്നത്. തൃശൂര്‍ മണ്ഡലത്തില്‍ ചില ക്രിസ്ത്യാനികള്‍ സുരേഷ് ഗോപിക്ക് വോട്ട് ചെയ്തിട്ടുണ്ടെങ്കില്‍, അത് അദ്ദേഹത്തെ പരിചിതനും ജനപ്രിയനുമായ ഒരു പൊതു വ്യക്തിയായി അവര്‍ കണ്ടതുകൊണ്ടാണ്. അതുകൊണ്ട് ക്രിസ്ത്യന്‍ സമൂഹം ഒന്നടങ്കം ബിജെപിയെ പിന്തുണയ്ക്കുന്നുവെന്ന് വ്യാഖ്യാനിക്കാന്‍ കഴിയില്ല. പാംപ്ലാനി പറഞ്ഞു.

ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രതിഷേധ വോട്ടുകളോ ഭരണവിരുദ്ധ വികാരമോ കൊണ്ടുണ്ടാകാം. ആത്മപരിശോധന നടത്താനും തിരുത്താനുമുള്ള പാര്‍ട്ടികളുടെ വിമുഖതയാണ് ഇത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കാന്‍ കാരണമാകുന്നതെന്നും ബിഷപ്പ് പാംപ്ലാനി കുറ്റപ്പെടുത്തി.

ബിജെപിയെ തൊട്ടുകൂടാത്തവരായി സഭ കണക്കാക്കുന്നില്ല. എന്നാല്‍ വടക്കേ ഇന്ത്യയില്‍ പള്ളികള്‍ക്കും കന്യാസ്ത്രീകള്‍ക്കും നേരെയുള്ള ആക്രമണങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കുന്നു. ക്രിസ്ത്യാനികളുമായുള്ള സൗഹൃദം കേരളത്തില്‍ മാത്രമായി പരിമിതപ്പെടുത്താന്‍ കഴിയില്ല. ദേശീയതലത്തില്‍ തുല്യതയും ഭരണഘടനാ അവകാശങ്ങളും ഉറപ്പാക്കേണ്ടതുണ്ട്. ജോസഫ് പാംപ്ലാനി പറഞ്ഞു.

ബിജെപി ഭരണത്തില്‍ ക്രിസ്ത്യാനികള്‍ സുരക്ഷിതരാണോ എന്ന ചോദ്യത്തെ സാമാന്യവല്‍ക്കരിക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ നിരന്തരം ആവര്‍ത്തിക്കുന്ന ആക്രമണങ്ങള്‍ സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഭരണഘടനാപരമായ സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. സഭ ഒരിക്കലും ഞങ്ങള്‍ ക്രിസ്ത്യന്‍ അനുകൂല നിലപാട് വേണമെന്ന് ആവശ്യപ്പെടുന്നില്ല. സര്‍ക്കാരുകള്‍ ക്രിസ്ത്യന്‍ വിരുദ്ധര്‍ ആകരുതെന്ന് മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ. ഭരണഘടനാപരമായ അവകാശങ്ങള്‍ക്കപ്പുറം ക്രിസ്ത്യന്‍ സമൂഹം ഒരിക്കലും ഒന്നും ആവശ്യപ്പെട്ടിട്ടില്ല.

കോടതി നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി, ജനസംഖ്യാ അനുപാതത്തില്‍ അവകാശങ്ങള്‍ ന്യായമായി വിതരണം ചെയ്യണമെന്നാണ് സഭയുടെ നിലപാട്. പ്രധാന വകുപ്പുകള്‍ പ്രത്യേക സമുദായങ്ങള്‍ നിയന്ത്രിക്കുന്നതിനു പകരം, മുന്നണിയിലെ പ്രധാന പാര്‍ട്ടികള്‍ കൈകാര്യം ചെയ്യുന്നതാണ് നല്ലത്. കോണ്‍ഗ്രസോ സിപിഎമ്മോ അത്തരം വകുപ്പുകള്‍ കൈകാര്യം ചെയ്യുമ്പോള്‍, തീരുമാനങ്ങള്‍ കൂടുതല്‍ സന്തുലിതമായിരിക്കും.

മുസ്ലിം ലീഗിന് വര്‍ഷങ്ങളായി വിദ്യാഭ്യാസ വകുപ്പ് നല്‍കുന്നതിനെ പരാമര്‍ശിച്ചാണോ ഈ വിമര്‍ശനമെന്ന ചോദ്യത്തോട്, ഒരാളുടെയും പേരെടുത്ത് പറയാന്‍ ആഗ്രഹമില്ലെന്നായിരുന്നു ജോസഫ് പാംപ്ലാനിയുടെ പ്രതികരണം. ഇന്നയാള്‍ മന്ത്രിയാകണമെന്ന് സഭ ഒരിക്കലും ആവശ്യപ്പെടാറില്ല. ഏതു രംഗത്തും അനീതി ഒഴിവാക്കണമെന്നതു മാത്രമാണ് ഞങ്ങള്‍ ഉന്നയിക്കുന്നത്. മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സഭയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. എന്നാലിപ്പോള്‍ ഇടതു നേതാക്കളും സഭാനേതൃത്വവുമായി ഊഷ്മളമായ ബന്ധമാണ് പുലര്‍ത്തിപ്പോരുന്നത്.

സ്പീക്കര്‍ ഷംസീര്‍ പല തവണയാണ് തലശ്ശേരി ബിഷപ്പ് ഹൗസിലെത്തി ചര്‍ച്ച നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും താനുമായി പലതവണ സംഭാഷണം നടത്തിയിരുന്നു. ഇതെല്ലാം ഇടതുനേതാക്കള്‍ക്ക് ക്രിസ്ത്യന്‍ വിരുദ്ധ മനോഭാവം ഇല്ലെന്നതിന് തെളിവാണ്. മനുഷ്യ-വന്യജീവി സംഘര്‍ഷത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍, സഭ സമര്‍പ്പിച്ച നിരവധി നിര്‍ദ്ദേശങ്ങള്‍ വന്യജീവി സംരക്ഷണ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത് ഞാന്‍ പരസ്യമായി സമ്മതിച്ചിട്ടുണ്ടെന്നും ബിഷപ്പ് ജോസഫ് പാംപ്ലാനി പറഞ്ഞു.

Bishop Mar Joseph Pamplany says that the propaganda that every time the BJP wins, it is due to Christian votes is wrong.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആൾക്കൂട്ടക്കൊല: രാം നാരായണിന്റെ കുടുംബത്തിന് 10 ലക്ഷം നൽകും; മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള ചെലവും സർക്കാർ വഹിക്കും

'കാമുകി ആരെന്ന് പോലും ചോദിക്കാതെ അച്ഛന്‍ കല്യാണം നടത്തിത്തന്നു; അവളുടെ വീട്ടില്‍ പോയി സംസാരിച്ചതും അച്ഛന്‍'; ധ്യാന്‍ പറഞ്ഞത്

മുൻ കേരള ഫുട്ബോൾ താരം പി പൗലോസ് അന്തരിച്ചു

പണപ്പെട്ടിയൊക്കെ ഔട്ട്, ചില്ലറ വേണ്ടേ വേണ്ട! കേരളത്തില്‍ യുപിഐ ഇടപാടുകളില്‍ കുതിച്ചുചാട്ടം

'അയാള്‍ ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരൻ'; ബ്രിട്ടാസിനെ പരിഹസിച്ച് വിടി ബല്‍റാം

SCROLL FOR NEXT