Kerala

പൂരനഗരിയില്‍ 'പുലി'യായി സുരേഷ് ഗോപി, കനലടങ്ങാത്ത വിവാദങ്ങള്‍; രാഷ്ട്രീയ കേരളം 2024

വിവാദങ്ങളും കൂറുമാറ്റങ്ങളും കൊണ്ട് സംഭവബഹുലമായിരുന്നു 2024

സമകാലിക മലയാളം ഡെസ്ക്

കത്തിക്കയറിയ വിവാദങ്ങളും, കളം നിറഞ്ഞ രാഷ്ട്രീയപ്പോരുകളും നിറഞ്ഞതായിരുന്നു 2024 ല്‍ രാഷ്ട്രീയകേരളം. നിലവിലെ സഖ്യ രാഷ്ട്രീയ സമവാക്യങ്ങളെ അപ്പാടെ അമ്പരപ്പിച്ച ജനവിധിക്കും കേരളം സാക്ഷിയായി. മലയാള സിനിമയിലെ ആക്ഷന്‍ഹീറോ സുരേഷ് ഗോപിയിലൂടെ ബിജെപി ലോക്സഭയില്‍ അക്കൗണ്ട് തുറന്നു. പി വി അന്‍വര്‍ എല്‍ഡിഎഫ് വിട്ടതും, പി സി ജോര്‍ജും പത്മജയും ബിജെപിയില്‍ ചേര്‍ന്നതും ഈ വര്‍ഷത്തെ രാഷ്ട്രീയ നീക്കങ്ങളാണ്.

പൂരനഗരിയിലെ 'താമര'

സുരേഷ് ​ഗോപി

തൃശൂരില്‍ ഇടതു വലതു മുന്നണികളെ ഞെട്ടിച്ച് ബിജെപിയുടെ സുരേഷ് ഗോപി ലോക്സഭയിലേക്ക് അക്കൗണ്ട് തുറന്നതാണ് ഏപ്രില്‍ 26 ന് കേരളത്തില്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കിയത്. വയനാട്ടില്‍ രാഹുല്‍ഗാന്ധി മികച്ച മാര്‍ജിനില്‍ വിജയിച്ചു. യുപിയിലെ റായ് ബറേലിയിലും രാഹുല്‍ വിജയിച്ചു.

അതേസമയം കേരളത്തില്‍ തിരിച്ചുവരവ് ലക്ഷ്യമിട്ട സിപിഎമ്മിനും ഇടതുപക്ഷത്തിനും ലോക്‌സഭ തെരഞ്ഞെടുപ്പ് നിരാശയാണ് സമ്മാനിച്ചത്. ഇത്തവണയും എല്‍ഡിഎഫ് പ്രാതിനിധ്യം ഒന്നില്‍ ചുരുങ്ങി. കഴിഞ്ഞ തവണ ആരിഫ് എങ്കില്‍, ഇത്തവണ കെ രാധാകൃഷ്ണനില്‍ കനല്‍ത്തരി ചുരുങ്ങി. തൃശൂരില്‍ നിന്നും വിജയിച്ച സുരേഷ് ഗോപിയേയും, മുതിര്‍ന്ന നേതാവ് ജോര്‍ജ് കുര്യനേയും ബിജെപി കേന്ദ്രമന്ത്രിമാരാക്കുകയും ചെയ്തു.

റായ് ബറേലി നിലനിര്‍ത്താന്‍ രാഹുല്‍ തീരുമാനിച്ചതോടെ, വയനാട്ടിലും, മന്ത്രിയായിരുന്ന കെ രാധാകൃഷ്ണനും എംഎല്‍എ ഷാഫി പറമ്പിലും ലോക്സഭയിലേക്ക് തട്ടകം മാറിയതോടെ, ചേലക്കരയിലും പാലക്കാടും ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി.

തിരികൊളുത്തിയ വിവാദങ്ങള്‍

സുരേഷ് ഗോപി

തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തൃശൂര്‍ പൂരം അലങ്കോലമായത് വന്‍ രാഷ്ട്രീയ വിവാദമായി മാറി. ബിജെപിയെ സഹായിക്കാനാണ് പൂരം അലങ്കോലമാക്കിയതെന്നാണ് എല്‍ഡിഎഫും യുഡിഎഫും ആരോപിച്ചത്. ഏപ്രില്‍ 21ന് പുലര്‍ച്ചെ നടക്കുന്ന വെടിക്കെട്ടിന് തിരക്ക് നിയന്ത്രിക്കാനായി രാത്രി 10ന് സ്വരാജ് റൗണ്ടില്‍ പൊലീസ് ബാരിക്കേഡ് വെച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. പ്രവേശനം പൊലീസ് തടഞ്ഞതോടെ, തിരുവമ്പാടി ഭഗവതിയുടെ ഘോഷയാത്രയും പഞ്ചവാദ്യവും തടസപ്പെട്ടു. വെടിക്കെട്ടും അനിശ്ചിതത്വത്തിലായി.

സംഭവസ്ഥലത്തേക്ക് സ്വകാര്യ ആംബുലന്‍സില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി എത്തിയതും രാഷ്ട്രീയവിവാദത്തിന് ആക്കംകൂട്ടി. വിവാദമായതോടെ പൊലീസ് നിയന്ത്രണം ലംഘിച്ചുവെന്ന പേരില്‍ സുരേഷ് ഗോപിക്കെതിരെ കേസെടുത്തു. സംഭവത്തില്‍ സര്‍ക്കാര്‍ ത്രിതല അന്വേഷണത്തിന് ഉത്തരവിട്ടു. പൂരം കലക്കലില്‍ തിരുവമ്പാടി ദേവസ്വത്തിന് പങ്കുണ്ടെന്നാണ് എഡിജിപി എം ആര്‍ അജിത് കുമാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്

കെകെ ശൈലജ - ഷാഫി പറമ്പില്‍

വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ലോക്സഭ തെരഞ്ഞെടുപ്പ് വേളയില്‍ വലിയ ചര്‍ച്ചയായിരുന്നു. മുന്‍മന്ത്രി കെ കെ ശൈലജയും ഷാഫി പറമ്പിലും തമ്മിലായിരുന്നു വടകരയിലെ മത്സരം. ഷാഫിക്ക് വോട്ടു ചോദിച്ചുകൊണ്ടെന്ന തരത്തില്‍ പ്രചരിച്ച സ്‌ക്രീന്‍ഷോട്ടാണ് വിവാദമായത്. എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിമിന്റെ പേരിലായിരുന്നു സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചത്. കേസ് ഹൈക്കോടതിയിലെത്തിയതോടെ, കാസിമിന് ക്ലീന്‍ചിറ്റ് നല്‍കി പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

എഡിജിപി- ആര്‍എസ്എസ് കൂടിക്കാഴ്ച

എഡിജിപി എംആര്‍ അജിത് കുമാര്‍

പൂരം കലക്കല്‍ വിവാദം കത്തിപ്പടരുന്നതിനിടെയാണ് ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി എം ആര്‍ അജിത് കുമാര്‍ കൂടിക്കാഴ്ച നടത്തിയ വിവരം പുറത്തു വരുന്നത്. ആര്‍എസ്എസ് നേതാക്കളായ ദത്താത്രേയ ഹൊസബെലെ, രാം മാധവ് എന്നിവരെയാണ് എഡിജിപി അജിത് കുമാര്‍ സന്ദര്‍ശിച്ചത്. തുടക്കത്തില്‍ എഡിജിപിയെ സംരക്ഷിച്ച സര്‍ക്കാര്‍, ഒടുവില്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്നും സായുധ പൊലീസ് ബറ്റാലിയനിലേക്ക് മാറ്റി.

കലാപക്കൊടി ഉയര്‍ത്തി അന്‍വര്‍

പി വി അന്‍വര്‍

എഡിജിപി അജിത് കുമാര്‍, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഇടത് എംഎല്‍എ പി വി അന്‍വര്‍ രംഗത്തുവന്നത് എല്‍ഡിഎഫ് കേന്ദ്രങ്ങളെ അമ്പരപ്പിച്ചു. കരിപ്പൂര്‍ സ്വര്‍ണക്കടത്ത്, എസ്പി ക്യാംപ് ഓഫീസിലെ മരംമുറി തുടങ്ങി നിരവധി ഗുരുതര ആരോപണങ്ങളാണ് എഡിജിപിക്കെതിരെ അന്‍വര്‍ ഉയര്‍ത്തിയത്. ആരോപണങ്ങളില്‍ കടുത്ത നടപടികളെടുക്കാതിരുന്നതോടെ, അന്‍വര്‍ പിന്നീട് മുഖ്യമന്ത്രിക്കെതിരായി. മുഖ്യമന്ത്രിയെ ചതിയനെന്നും ആര്‍എസ്എസ് പ്രീണകനെന്നും വിളിച്ച അന്‍വര്‍ ഇടതുപക്ഷവുമായി എല്ലാ ബന്ധവും അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു. ഡിഎംകെ എന്ന കൂട്ടായ്മ രൂപീകരിച്ചു ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചു.

പി ആര്‍ വിവാദം

മുഖ്യമന്ത്രി പിണറായി വിജയൻ

ആരോപണ- പ്രത്യാരോപണങ്ങള്‍ കൊഴുക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ദ ഹിന്ദുവിന് നല്‍കിയ അഭിമുഖം വിവാദമാകുന്നത്. മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത്, ഹവാല ഇടപാടുകള്‍ എന്നിവയെകുറിച്ച് നടത്തിയ പരാമര്‍ശമാണ് മുഖ്യമന്ത്രിയെ വെട്ടിലാക്കിയത്. മലപ്പുറത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശമാണ് മുഖ്യമന്ത്രി നടത്തിയതെന്ന് പ്രതിപക്ഷ വിമര്‍ശനം ഉയര്‍ന്നു. അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ മുഖ്യമന്ത്രിയുടെയോ സംസ്ഥാന സര്‍ക്കാരിന്റെയോ അഭിപ്രായമല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിയുടെ ഓഫിസ് വാര്‍ത്താക്കുറിപ്പ് ഇറക്കി.

പോരാട്ടച്ചൂട്

പ്രിയങ്കാഗാന്ധി

വയനാട്ടിലും ചേലക്കരയിലും നവംബര്‍ 13 നും കല്‍പ്പാത്തി രഥോത്സവം പരിഗണിച്ച് നവംബര്‍ 20 നുമാണ് ഉപതെരഞ്ഞെടുപ്പ് നിശ്ചയിച്ചത്. വയനാട്ടില്‍ രാഹുലിന് പകരം പ്രിയങ്കാഗാന്ധി മത്സരത്തിനെത്തിയതോടെ ആവേശം വാനോളം ഉയര്‍ന്നു. ഷാഫി പറമ്പില്‍ ഒഴിഞ്ഞ പാലക്കാട് പിടിക്കാനായിരുന്നു മുന്നണികള്‍ ഏറെ വീറും വാശിയുമോടെ പോരാട്ടത്തിനിറങ്ങിയത്.

കളംമാറ്റി ചവിട്ടലുകള്‍

സരിൻ, സന്ദീപ് വാര്യർ

ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പാര്‍ട്ടികള്‍ക്കുള്ളിലെ സ്ഥാനാര്‍ത്ഥിമോഹികള്‍ പതിവുപോലെ രംഗത്തുവന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതോടെ, ഡേ. പി സരിന്‍ പാര്‍ട്ടി വിട്ട് ഇടതുകൂടാരത്തിലേക്ക് ചേക്കേറി. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാനിബും എല്‍ഡിഎഫിലേക്ക് മാറി. കോണ്‍ഗ്രസ് വിട്ടെത്തിയ സരിനെ എല്‍ഡിഎഫ് പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്തു.

ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ നടത്തിയ കൂടുമാറ്റമാണ് ഉപതെരഞ്ഞെടുപ്പിനിടെയുണ്ടായ മറ്റൊരു ട്വിസ്റ്റ്. ഇടതുപക്ഷത്തോടൊപ്പം ചേരുമെന്ന സൂചനകള്‍ക്കിടെ അപ്രതീക്ഷിതമായി സന്ദീപ് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. സന്ദീപിന്റെ കൂടുമാറ്റം തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയുമായി.

നീല ട്രോളിയും പാതിരാ റെയ്ഡും

സിസിടിവി ദൃശ്യങ്ങള്‍

പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കോണ്‍ഗ്രസ് നേതാക്കളുടെ ഹോട്ടല്‍ റൂമുകളില്‍ കള്ളപ്പണം എത്തിച്ചെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പാതിരാത്രി നടത്തിയ റെയ്ഡ് വിവാദമായി. നവംബര്‍ അഞ്ചിന് രാത്രി ബിന്ദു കൃഷ്ണ, ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങിയ കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ മുറികളിലാണ് പൊലീസ് പരിശോധന നടത്തിയത്. വിവരമറിഞ്ഞ് കോണ്‍ഗ്രസ്- സിപിഎം പ്രവര്‍ത്തകര്‍ ഹോട്ടലിന് മുന്നില്‍ തമ്പടിച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. എന്നാല്‍ പരിശോധനയില്‍ പൊലീസിന് ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല.

സൂപ്പര്‍ വിജയം

യു ആർ പ്രദീപ്, രാഹുൽ മാങ്കൂട്ടത്തിൽ

ഉപതെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ പ്രിയങ്കാഗാന്ധിയും പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലും തകര്‍പ്പന്‍ വിജയം നേടി. ചേലക്കരയില്‍ സിപിഎമ്മിന്റെ യു വി പ്രദീപും വിജയം നേടി. രാഹുല്‍ ഗാന്ധിയേക്കാള്‍ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയിച്ചത്. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡലത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷം നേടി നിയമസഭയിലേക്കെത്തി. ചേലക്കരയില്‍ പ്രതീക്ഷിച്ചതുപോലെ സിപിഎം സീറ്റ് നിലനിര്‍ത്തി. അതേസമയം ഇടതുക്യാംപിലെത്തി പാലക്കാട് പോരാട്ടത്തിനിറങ്ങിയ ഡോ. സരിന് പരാജയമായിരുന്നു ഫലം.

വിവാദനായകനായി ഇപി

ഇ പി ജയരാജൻ

ഇടതുമുന്നണി കണ്‍വീനര്‍ ആയിരുന്ന ഇ പി ജയരാജന്‍ ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവഡേക്കറെ കണ്ടത് രാഷ്ട്രീയ കോലാഹലമുണ്ടാക്കി. ജനം പോളിങ്ബൂത്തിലേക്ക് പോകുന്ന ദിവസം തന്നെയായിരുന്നു കൂടിക്കാഴ്ച വാര്‍ത്ത പുറത്തുവന്നത്. ഇപി ബിജെപിയില്‍ ചേക്കേറാന്‍ ശ്രമം നടത്തുന്നു എന്ന തരത്തില്‍ വരെ പ്രചാരണമുണ്ടായി. ഇപിയുടെ ആത്മകഥയുടെ ഭാഗങ്ങള്‍ ചോര്‍ന്നതും ഏറെ ചര്‍ച്ചയായി. ഡിസി ബുക്സിന്റേതെന്ന പേരില്‍ പ്രചരിച്ച വാര്‍ത്തകളെ ഇപി തള്ളിപ്പറഞ്ഞു. തുടര്‍ വിവാദങ്ങള്‍ മൂലം ഇപി ജയരാജന് എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം നഷ്ടമാകുകയും ചെയ്തു.

പി സി ജോര്‍ജ് മുതല്‍ നവീന്‍ബാബു വരെ

എഡിഎം നവീൻ ബാബു, പി പി ദിവ്യ

വിവാദങ്ങള്‍ കൊണ്ട് എന്നും ചര്‍ച്ചകളില്‍ ഇടംപിടിച്ചിരുന്ന പിസി ജോര്‍ജിന്റെ ബിജെപി പ്രവേശനവും കോണ്‍ഗ്രസ് നേതാവ് കരുണാകരന്റെ മകള്‍ പത്മജ ബിജെപിയിലേക്ക് ചേക്കേറിയതും ഈ വര്‍ഷമായിരുന്നു. കണ്ണൂര്‍ എഡിഎം നവീന്‍ബാബുവിന്റെ ആത്മഹത്യയാണ് രാഷ്ട്രീയകേരളത്തെ പിടിച്ചുലച്ച മറ്റൊരു സംഭവം. സിപിഎം നേതാവും ജില്ലാ പഞ്ചായത്തു പ്രസിഡന്റുമായിരുന്ന പി പി ദിവ്യ, യാത്രയയപ്പു ചടങ്ങില്‍ കടന്നെത്തി അഴിമതി ആരോപണം ഉന്നയിച്ചതാണ് നവീന്‍ബാബുവിന്റെ ആത്മഹത്യയില്‍ കലാശിച്ചത്. സംഭവം വിവാദമായതോടെ പി പി ദിവ്യയ്ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി രാജിവെക്കേണ്ടി വന്നു. കേസില്‍ അറസ്റ്റിലായി ജയിലിലടയ്ക്കുകയും ചെയ്തു.

മേയര്‍- ഡ്രൈവര്‍ വിവാദം

ആര്യാ രാജേന്ദ്രന്‍, റോഡിലെ വാക്കേറ്റം

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ ഉള്‍പ്പെട്ട നടുറോഡിലെ തര്‍ക്കമാണ് 2024 ല്‍ ഉണ്ടായ മറ്റൊരു രാഷ്ട്രീയ വിവാദം. ഏപ്രില്‍ 27ന് പാളയത്ത് സാഫല്യം കോംപ്ലക്‌സിന് മുന്നില്‍വെച്ച് യദു എന്ന ഡ്രൈവര്‍ ഓടിച്ചിരുന്ന കെഎസ്ആര്‍ടിസി ബസ് ആര്യയും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും ചേര്‍ന്ന് തടഞ്ഞതായിരുന്നു സംഭവം. ഡ്രൈവര്‍ യദു തങ്ങളോട് മോശമായി പെരുമാറിയെന്നാണ് മേയര്‍ ആരോപിച്ചത്.

മുനമ്പം വഖഫ് തര്‍ക്കം

മുനമ്പം സമരം

കൊച്ചി മുനമ്പം വഖഫ് തര്‍ക്കമാണ് 2024 ല്‍ ചര്‍ച്ചയായ മറ്റൊരു വിഷയം. മുനമ്പം തീരദേശ ഗ്രാമത്തിലെ 404 ഏക്കറിലധികം ഭൂമിയില്‍ സംസ്ഥാന വഖഫ് ബോര്‍ഡ് അവകാശവാദം ഉയര്‍ത്തുന്നതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമാകുന്നത്. 1950 ല്‍ സിദ്ദിഖ് സേഠ് എന്നയാള്‍ കോഴിക്കോട് ഫാറൂഖ് കോളജിന് ദാനം ചെയ്തതായി പറയപ്പെടുന്നതാണ് വിവാദ ഭൂമി. പ്രദേശത്തെ താമസക്കാര്‍ക്ക് വില്ലേജ് ഓഫീസില്‍ ഭൂനികുതി അടയ്ക്കാന്‍ കഴിയാതിരുന്നതോടെയാണ് പ്രശ്നം വീണ്ടും സജീവമായത്. വിഷയം ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. അതേസമയം പ്രശ്നപരിഹാരത്തിനായി സംസ്ഥാന സര്‍ക്കാര്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരെ ഏകാംഗ ജുഡീഷ്യല്‍ കമ്മീഷനായി നിയോഗിച്ചിരിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

എറണാകുളം-ബംഗളൂരു വന്ദേ ഭാരത് ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ; സമയക്രമം അറിയാം

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച ഡിഎ അടങ്ങുന്ന ശമ്പളം ഇന്നുമുതല്‍

'ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള കേരളത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം'

SCROLL FOR NEXT