പാലക്കാട്: ഇത്തവണത്തെ 30 കോടിയുടെ ഓണം ബംബർ സമ്മാനം അടിച്ചത് തനിക്കാണെന്ന അവകാശവാദവുമായി തമിഴ്നാട് സ്വദേശി പാലക്കാട് എസ്പി ഓഫീസിലെത്തി. ഈറോഡ് സത്യമംഗലം സ്വദേശി സാദിഖ് ആണ് പരാതിയുമായി രംഗത്തെത്തിയത്. ടിക്കറ്റുമായി നേരെ ട്രഷറിയിലോ ബാങ്കിലോ പോയി പണമാക്കാതെ പൊലീസ് സ്റ്റേഷനിൽ എത്തിയതിന് കാരണം ടിക്കറ്റ് നഷ്ടപ്പെട്ടുപോയത് കൊണ്ടാണെന്നാണ് ഇയാൾ പറയുന്നത്.
ഡ്രൈവറാണ് സാദിഖ്. പാലക്കാട് എത്തിയപ്പോൾ റെയിൽവേ സ്റ്റേഷന് സമീപത്തുനിന്നാണ് ടിക്കറ്റ് എടുത്തതെന്നും ഇയാൾ പറയുന്നു. അടുത്ത ദിവസമാണ് താൻ എടുത്ത ടിക്കറ്റിനാണ് സമ്മാനം എന്നറിഞ്ഞത്. ഈ ടിക്കറ്റ് മകളെടുത്ത് വാട്സ്ആപ്പ് ഫോട്ടോയിലൂടെ വലിയച്ഛനെ അറിയിച്ചു. അതിനുശേഷം ടിക്കറ്റ് കാണാനില്ല എന്നാണ് അദ്ദേഹത്തിന്റെ പരാതി. മകളുടെ കയ്യിൽ നിന്ന് നഷ്ടമായതാണോ തൻറെ കയ്യിൽ നിന്ന് പോയതാണോ എന്നൊന്നും അദ്ദേഹം പറയുന്നില്ല. ടിക്കറ്റ് ഇപ്പോൾ കയ്യിലില്ല. നഷ്ടപ്പെട്ടു പോയെന്നാണ് സാദിഖ് പറയുന്നത്.
യഥാർത്ഥ ടിക്കറ്റ് തന്റേതാണെന്നും ഇത്രയും ദിവസം 30 കോടി രൂപയ്ക്ക് അവകാശി എത്തിയിട്ടില്ല എന്ന് പറഞ്ഞവർ സമ്മാനം കിട്ടിയ ടിക്കറ്റുമായി താൻ എത്തിയപ്പോൾ യഥാർത്ഥ സമ്മാനം കിട്ടിയ ആൾ വന്നു കഴിഞ്ഞു എന്ന് പറഞ്ഞാൽ എങ്ങനെ ശരിയാകുമെന്നും സാദിഖ് ചോദിച്ചു. ഈറോഡ് സത്യമംഗലത്ത് നഷ്ടപ്പെട്ട തന്റെ ടിക്കറ്റ് എങ്ങനെ കേരളത്തിൽ പണമാക്കി മാറ്റി. ഒറിജിനൽ ടിക്കറ്റ് തന്റെതല്ലേ. സാദിഖ് ചോദിച്ചു. ടിക്കറ്റ് പരിശോധിച്ച് ഇത് ഫേക്ക് ആണ് എന്നാണ് ഇപ്പോൾ ഉദ്യോഗസ്ഥർ പറയുന്നത്. അന്യസംസ്ഥാനത്ത് നിന്ന് വന്ന് ടിക്കറ്റെടുത്ത് പോകുന്ന തങ്ങൾ എങ്ങനെയാണ് ഒരു ടിക്കറ്റ് ഫേക്ക് ആണെന്ന് അറിയുന്നത്. അങ്ങനെയാണെങ്കിൽ അതിനെതിരെ കേരള സർക്കാർ നടപടിയെടുക്കേണ്ടത് അല്ലേയെന്നും സാദിഖ് ചോദിച്ചു.
ഭാഗ്യം വരുന്നത് ജീവിതത്തിൽ എപ്പോഴെങ്കിലും ആണ്. അത് ഇങ്ങനെ ഫേക്ക് ആയാൽ എന്ത് ചെയ്യുമെന്നും സാദിഖ് ചോദിക്കുന്നു. അതേസമയം, സാദിഖിന്റെ വാദങ്ങളൊന്നും പോലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല. ടിക്കറ്റിന്റെ പരിശോധനയിൽ യഥാർത്ഥമല്ല എന്നുതന്നെയാണ് വിലയിരുത്തൽ. നാട്ടിൽ നഷ്ടപ്പെട്ടുപോയ ടിക്കറ്റിനെ കുറിച്ച് അവിടെ പരാതി നൽകിയിട്ടുണ്ട്. തമിഴ്നാട്ടിൽ ലോട്ടറി നിരോധനം ഉള്ളതുകൊണ്ട് കേസെടുക്കാൻ കഴിയില്ല. അതുകൊണ്ടാണ് പാലക്കാട് എത്തി പരാതി നൽകിയത്. സുഹൃത്തുക്കളും ബന്ധുക്കളും കുടുംബാംഗങ്ങളും എല്ലാമായാണ് സാദിഖ് പരാതി നൽകാൻ എത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates