തൃശ്ശൂര്‍: വരവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ തല്ലിയ സംഭവത്തില്‍ വിശദീകരണവുമായി സോഷ്യല്‍ സയന്‍സ് അധ്യാപകന്‍ മണികണ്ഠന്‍. കുട്ടിക്ക് നേരെ നടന്നത് പെട്ടെന്നുണ്ടായ വികാരപ്രകടനമാണെന്നും തന്റെ ഭാഗത്തുനിന്ന് തെറ്റ് സംഭവിച്ചതായും അധ്യാപകന്‍ പറഞ്ഞു. കാഴ്ചപരിമിതിയുള്ള തന്നോട് കുട്ടികള്‍ കോമാളിയെപ്പോലെ പെരുമാറിയതിലുണ്ടായ ദേഷ്യവും സങ്കടവുമാണ് മര്‍ദ്ദനത്തിലേക്ക് നയിച്ചതെന്നാണ് അധ്യാപകന്റെ വിശദീകരണം.
ക്ലാസെടുക്കുന്നതിനിടെ വിദ്യാര്‍ഥി ഡെസ്‌കിനു മുകളില്‍ കയറി ഇരുന്നെന്നും കാഴ്ചപരിമിതിയുള്ള താന്‍ ഇക്കാര്യം അറിഞ്ഞില്ലെന്നും മണികണ്ഠന്‍ വിശദീകരിക്കുന്നു. മറ്റൊരു അധ്യാപിക അതുവഴി കടന്നുപോയപ്പോഴാണ് ഇക്കാര്യം ചോദിച്ചത്. തന്റെ പരിമിതി മുതലെടുത്ത് വിദ്യാര്‍ഥികള്‍ ഇത്തരത്തില്‍ പലതും ചെയ്യുന്നുണ്ടാകാമെന്ന ചിന്തയാണ് അപ്പോള്‍ വന്നത്. തന്നോട് കുട്ടികള്‍ കോമാളിയേപ്പോലെ പെരുമാറിയതില്‍ പെട്ടെന്നുണ്ടായ അമര്‍ഷത്തിലാണ് കുട്ടിയെ തല്ലിയതെന്നും എന്നാല്‍ അത് സംഭവിക്കാന്‍ പാടില്ലാത്ത തെറ്റായിരുന്നുവെന്നും അധ്യാപകന്‍ പറഞ്ഞു.
സംഭവത്തില്‍ അധ്യാപകനെതിരെ ചെറുതുരുത്തി പോലീസ് കേസെടുത്തിട്ടുണ്ട്. വിഷയത്തില്‍ മന്ത്രി ഇടപെടുകയും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു. താഴെ വീണുപോയ പേനയുടെ അടപ്പ് എടുക്കാന്‍ ബെഞ്ചില്‍ നിന്ന് എത്തിനോക്കിയതിനാണ് മകനെ അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ഥിയുടെ പിതാവ് ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് രക്ഷിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. അധ്യാപകന്‍ മുന്‍പും വിദ്യാര്‍ഥികള്‍ക്ക് നേരെ സമാന മര്‍ദ്ദനമുറകള്‍ പ്രയോഗിച്ചിട്ടുണ്ടെന്നും ആരോപണമുണ്ട്.
"Exploited visual impairment and turned me into a laughingstock"; teacher claims he beaten the student in a sudden anger
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates