തിരുവനന്തപുരം: കേരളത്തിലെ ഒരേയൊരു ഡെന്റല്‍ ഡിറ്റക്റ്റീവ്... പല്ലും, ദന്തക്ഷതങ്ങളും പരിശോധിച്ച് നിരവധി ക്രിമിനല്‍ കേസുകളില്‍ തുമ്പുണ്ടാക്കിയ തിരുവനന്തപുരം സര്‍ക്കാര്‍ ഡെന്റല്‍ കോളജിലെ ഓറല്‍ പത്തോളജി ആന്‍ഡ് മൈക്രോ ബയോളജി വകുപ്പ് മേധാവി ഡോക്ടര്‍ എസ്‌കെ പദ്മകുമാര്‍ അടുത്ത ഏപ്രില്‍ ജോലിയില്‍ നിന്നും വിരമിക്കും. ഫോറന്‍സിക് ഓഡന്റോളോജി സംസ്ഥാനത്ത് കൂടുതല്‍ വളരണമെന്നാണ് തന്റെ ആഗ്രഹമെന്നും പുതിയ തലമുറ ഡെന്റിസ്റ്റുകള്‍ ഇത് പഠിക്കാന്‍ താല്പര്യം കാണിക്കണമെന്ന് അദ്ദേഹം പറയുന്നു.
ഫോറന്‍സിക് ഒഡോന്റോളജി രാജ്യത്ത് വളര്‍ന്നുവരുന്ന ശാസ്ത്രശാഖയാണ്. ദന്തം, ദന്തക്ഷതങ്ങള്‍, തലയോട്ടി എന്നിവയാണ് ഇതില്‍ പരിശോധിക്കപ്പെടുന്നത്. നിങ്ങള്‍ മറ്റൊരാളെ കടിച്ച് മുറിവേല്‍പ്പിച്ചാല്‍ ദന്തക്ഷതം പരിശോധിച്ച് അത് നിങ്ങളുടേതാണോ എന്ന് തിരിച്ചറിയാന്‍ സാധിക്കും. കടിച്ചയാളുടെ പല്ലിന്റെ മോള്‍ഡ് എടുത്ത് സോഫ്ട്‌വെയറിന്റെ സഹായത്തോടെയുള്ള ശാസ്ത്രീയ പരിശോധനയിലൂടെയാണ് ഇത് കണ്ടെത്താനാവുന്നത്.
പൊതുവില്‍ ജനങ്ങള്‍ക്ക്, ചില നിയമപാലകര്‍ക്കും വക്കീലന്മാര്‍ക്കും ഉള്‍പ്പെടെ, ഫോറന്‍സിക് ഒഡോന്റോളജിയെക്കുറിച്ച് വലിയ ധാരണയില്ലെന്ന് പറയുന്നു പദ്മകുമാര്‍. അങ്ങനെ ഒരു വക്കീല്‍ കക്ഷിയെ അബദ്ധത്തിലാക്കിയ സംഭവം തിരുവനന്തപുരത്തുണ്ടായി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീടിനടുത്തുള്ള വര്‍ക് ഷോപ്പ് മെക്കാനിക് ബലാത്സംഗം ചെയ്തതാണ് കേസ്. ചെറുത്ത്‌നില്‍പ്പിനിടെ പെണ്‍കുട്ടി അയാളുടെ നെഞ്ചില്‍ കടിച്ചു. പദ്മകുമാറിന്റെ പരിശോധനയില്‍ ദന്തക്ഷതം പെണ്‍കുട്ടിയുടേതാണെന്ന് കണ്ടെത്തി.
എന്നാല്‍ കോടതിയില്‍ പദ്മകുമാറിന്റെ റിപ്പോര്‍ട്ട് പ്രതിയുടെ വക്കീല്‍ ചോദ്യം ചെയ്തു. കുടുംബ വഴക്കിനിടെ പ്രതിയുടെ ഭാര്യ അയാളുടെ നെഞ്ചില്‍ കടിച്ചപ്പോഴുണ്ടായ മുറിപ്പാടാണതെന്ന് വക്കീല്‍ വാദിച്ചു. കോടതി നിര്‍ദേശ പ്രകാരം ഭാര്യയുടെ പല്ലിന്റെ മോള്‍ഡ് എടുത്ത് വീണ്ടും പരിശോധന നടത്തി. ഭാര്യ കടിച്ചുണ്ടായ മുറിപ്പാടല്ല അതെന്ന് സംശയാതീതമായി തെളിഞ്ഞു. കോടതി പ്രതിക്ക് 20 വര്‍ഷം തടവാണ് വിധിച്ചത്.
ഇന്ത്യയില്‍ ഫോറന്‍സിക് ഒഡോന്റോളജിയുടെ തലതൊട്ടപ്പനായി കരുതപ്പെടുന്ന ഡോക്ടര്‍ അഷിത് ആചാര്യയാണ് പദ്മകുമാറിന്റെ ഗുരു. കേരളത്തിലെ മറ്റു ചില ഡെന്റല്‍ കോളജുകളില്‍ പ്രാഥമികമായുള്ള ഫോറന്‍സിക്സ് നടത്തുന്നുണ്ട്. ദന്തക്ഷതം മനുഷ്യന്റേതാണോ എന്നത് മാത്രമാണ് അവിടങ്ങളില്‍ സ്ഥിരീകരിക്കുന്നത്. പൂര്‍ണമായ അനാലിസിസ് നടത്തി പൊലീസിനെ അസിസ്‌ററ് ചെയ്യുന്ന സംസ്ഥാനത്തെ ഏക ഡോക്ടര്‍ പദ്മകുമാറാണ്. നിലവില്‍ തിരുവനന്തപുരം ഡെന്റല്‍ കോളജില്‍ പദ്മകുമാര്‍ നയിക്കുന്ന ടീമാണ് പരിശോധനകള്‍ നടത്തുന്നത്.
രാജ്യത്തും കേരളത്തിലും നടന്ന രണ്ടു ബലാത്സംഗ കൊലപാതക കേസുകളില്‍ - നിര്‍ഭയ കേസിലും പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനിയുടെ കേസിലും - ഡെന്റല്‍ ഫോറന്‍സിക്സ് പ്രതിയെ തിരിച്ചറിയാന്‍ സഹായകമായി. രണ്ടു കേസുകളിലും ഡോക്ടര്‍ അഷിത് ആചാര്യയാണ് പരിശോധന നടത്തിയത്.
അജ്ഞാത മൃതദേഹങ്ങള്‍ തിരിച്ചറിയാനും ഡെന്റല്‍ ഫോറന്‍സിക്സ് ഉപയോഗപ്പെടുത്തുന്നുണ്ട്. അഗ്‌നിക്കിരയായ ശരീരങ്ങളില്‍ എല്ലുകള്‍ നശിക്കപ്പെട്ടാലും പല്ലുകള്‍ അവശേഷിക്കാറുണ്ട്. വിമാനാപകടങ്ങളില്‍, അടുത്തിടെ നടന്ന ഗുജറാത്ത് അപകടത്തിലും, മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡെന്റല്‍ ഫോറന്‍സിക്സ് സഹായകമായി. കള്ളക്കേസുകളില്‍ കുടുങ്ങിയ ചില നിരപരാധികളെ രക്ഷിച്ച സംഭവങ്ങളും തന്റെ ഔദ്യോഗിക ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടെന്ന് പദ്മകുമാര്‍ പറഞ്ഞു.
തിരുവനന്തപുരത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബലാത്സംഗ ശ്രമം അതിലൊന്നാണ്. റോഡിലൂടെ നടന്ന് പോകുകയായിരുന്ന പെണ്‍കുട്ടിയെ നാല് പേര്‍ ബലമായി കാറില്‍ കയറ്റി ആളൊഴിഞ്ഞ കെട്ടിടത്തില്‍ കൊണ്ടുപോയെന്നാണ് പരാതി. അതിലൊരാള്‍, യുവതിക്ക് അറിയാവുന്ന യുവാവ്, ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെങ്കിലും താന്‍ ഓടി രക്ഷപെട്ടു എന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴി. തെളിവായി കയ്യില്‍ യുവാവ് കടിച്ചതിന്റെ മുറിപ്പാടും കാണിച്ചു.
പ്രതികളുടെയെല്ലാം മോള്‍ഡ് എടുത്തു നടത്തിയ പരിശോധനയില്‍ ആരുടേ മുറിപ്പാടുമായി ചേര്‍ച്ചയില്ല. 'എന്തോ ഒരു ഉള്‍പ്രേരണയാല്‍ ഞാന്‍ ആ പെണ്‍കുട്ടിയുടെ മോള്‍ഡും എടുത്തിരുന്നു. അതുമായി ഒത്തുനോക്കിയപ്പോള്‍ അത് പെണ്‍കുട്ടി സ്വയം കടിച്ചുണ്ടാക്കിയ മുറിപ്പാടാണെന്ന് മനസിലായി,' ഡോക്ടര്‍ പറഞ്ഞു. തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോള്‍ സത്യം പുറത്തായി- തന്റെ വിവാഹ ആലോചന നിരസിച്ച യുവാവിനോട് പ്രതികാരം ചെയ്യാനാണ് കള്ളപ്പരാതി കൊടുത്തതെന്നായിരുന്നു പെണ്‍കുട്ടിയുടെ മറുപടിയെന്ന് ഡോക്ടര്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates