തിരുവനന്തപുരം: ഇരട്ട വോട്ടുള്ളവരുടെ പട്ടിക പുറത്തുവിട്ടതിനെ വിമര്‍ശിച്ച സിപിഎമ്മിന് എതിരെ രമേശ് ചെന്നിത്തല. സിപിഎമ്മിന് ഇത്രയുംനാള്‍ നടത്തിവന്ന കള്ളവോട്ട് കയ്യോട് പിടിച്ചതിന്റെ വെപ്രാളമാണെന്ന് അദ്ദേഹം പറഞ്ഞു. കള്ളം കയ്യോടെ പിടിക്കപ്പെട്ടപ്പോള്‍ വിവിരച്ചോര്‍ച്ച് എന്ന് പറഞ്ഞ് ജനശ്രദ്ധ തിരിച്ചുവിചാനാണ് സിപിഎം സ്രമിക്കുന്നത്. ഡേറ്റ ചോര്‍ച്ച എന്തെന്നറിയാന്‍ സ്പ്രിംക്ലര്‍ വിഷയം പഠിക്കുക എന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ ഡേറ്റ ചോര്‍ച്ച എന്ന ഗൗരവമേറിയ വിഷയം വീണ്ടും ചര്‍ച്ചയ്ക്ക് കൊണ്ടുവന്നതിന് സിപിഎമ്മിനെ നന്ദി അറിയിക്കുന്നു. സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും പ്രഖ്യാപിത നയമായിരുന്ന ഡേറ്റാ സ്വകാര്യത ലംഘിക്കപ്പെട്ട സ്പ്രിംക്ലര്‍ ഇടപാടില്‍ സര്‍ക്കാരിനു വേണ്ടി ഘോരഘോരം വാദിച്ചവര്‍ ഇപ്പോള്‍ ഈ വിഷയം മുന്നോട്ടു കൊണ്ടുവന്നു എന്നത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഏതെല്ലാമാണ് സെന്‍സിറ്റിവ് സ്വകാര്യ ഡേറ്റ ,ഏതെല്ലാമാണ് അല്ലാത്തത് എന്നതിനെക്കുറിച്ച് സിപിഎമ്മിന്റെ പ്രഖ്യാപിത ബുദ്ധിജീവികള്‍ക്കു പോലും അറിയാത്തത് കഷ്ടമാണ്. സര്‍ക്കാറിന്റെ തട്ടിപ്പുകള്‍ പൊടിപൊടിക്കുന്ന കാലത്തൊന്നും ഇവിടെ കാണാതിരുന്ന പൊളിറ്റ് ബ്യൂറോ അംഗങ്ങളെ ഇപ്പോള്‍ കാണുന്നതില്‍ സന്തോഷമുണ്ട്. -ചെന്നിത്തല പോസ്റ്റില്‍ പറഞ്ഞു.
തിരഞ്ഞെടുപ്പു പട്ടികയിലെ വ്യാജ വോട്ടുകളും ഇരട്ടവോട്ടുകളും യുഡിഎഫ് കണ്ടെത്തിയത് ദീര്‍ഘമായ പ്രയത്‌നത്തിനൊടുവിലാണ്. ഇലക്ഷന്‍ കമ്മീഷന്‍ പ്രസിദ്ധീകരിച്ച, ഇന്റര്‍ നെറ്റില്‍ ലഭ്യമായ, ലോകത്തിന്റെ എവിടെ നിന്നും ആര്‍ക്കും പ്രാപ്യമായ വിവരങ്ങള്‍ എടുത്ത് ഡേറ്റ അനലിറ്റിക്‌സ് നടത്തുക മാത്രമാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ ചെയ്തത്. ഇത് ഡേറ്റാ പ്രൈവസിയിലുള്ള കടന്നുകയറ്റമാണ് എന്നെല്ലാം പറഞ്ഞു കേള്‍ക്കുന്നത് കൗതുകകരമാണ്.
സ്പ്രിംക്ലര്‍ ഇടപാട് പരിശോധിച്ചാല്‍ എന്താണ് ഡേറ്റാ ചോര്‍ച്ച എന്ന് മനസ്സിലാക്കാം. സെന്‍സിറ്റിവ് പേഴ്‌സണല്‍ ഡേറ്റായായ ആരോഗ്യ വിവരങ്ങളാണ് സര്‍ക്കാര്‍ ശേഖരിച്ച് ഒരു മാനദണ്ഡങ്ങളുമില്ലാതെ അമേരിക്കന്‍ കമ്പനിക്ക് നല്‍കിയത്. എന്താണ് സെന്‍സിറ്റീവ് പേഴ്‌സണല്‍ ഡേറ്റ എന്നത് സംബന്ധിച്ച് കൃത്യമായ നിര്‍വചനമുണ്ട്. ആരോഗ്യവിവരങ്ങള്‍ സെന്‍സിറ്റീവ് പേഴ്‌സണല്‍ വിവരങ്ങളാണ്. അതുകൊണ്ടാണ് സ്പ്രിംക്ലര്‍ കേസ് കോടതിയിലെത്തിയപ്പോള്‍ ഇത്തരം സെന്‍സിറ്റിവ് വിവരങ്ങള്‍ ശേഖരിക്കുമ്പോള്‍ ആളുകളുടെ അനുമതി എഴുതി വാങ്ങണം എന്ന് ഹൈക്കോടതി ആവശ്യപ്പെട്ടത്. ഇവിടെ വോട്ടേഴ്‌സ് ഐഡിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇലക്ഷന്‍ കമ്മീഷന്‍ വെബ് സൈറ്റില്‍ ശേഖരിച്ചിട്ടുള്ള, ആര്‍ക്കും പ്രാപ്യമായ വിവരങ്ങളാണ്. ഇത് ഡൗണ്‍ലോഡ് ചെയ്ത് ക്രോഡീകരിക്കുക മാത്രമാണ് ഓപ്പറേഷന്‍ ട്വിന്‍സില്‍ നടത്തിയിട്ടുള്ളത്.-അദ്ദേഹം പറഞ്ഞു.
ഇലക്ഷന്‍ കമ്മീഷന്‍ പ്രസിദ്ധീകരിച്ച വിവരങ്ങള്‍ മറ്റ് ഏതെങ്കിലും രാഷ്ട്രത്തിലിരുന്ന് കോപ്പി ചെയ്ത് എടുക്കുന്നതിനും,സൂക്ഷിക്കുന്നതിനും നിയമപരമായി വിലക്കില്ല. ഏതെങ്കിലും വിവരങ്ങള്‍ പബ്ലിക് ഡൊമൈനില്‍ ലഭ്യമാണെങ്കില്‍ അത് സെന്‍സിറ്റീവ് ഡാറ്റയായി പരിഗണിക്കില്ല എന്നാണ് ചട്ടം. അത് എവിടെ വേണമെങ്കിലും ഹോസ്റ്റ് ചെയ്യാം. സ്പ്രിംക്ലര്‍ ഇടപാടില്‍ കോടികളുടെ സ്വകാര്യ ഡേറ്റയുടെ കച്ചവടമാണ് നടന്നത്. സ്പ്രിംക്ലര്‍ എന്ന കമ്പനിയുടെ കച്ചവടത്തിനായി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പരസ്യത്തില്‍ അഭിനയിക്കുകയും ചെയ്തു. തട്ടിപ്പു കേസില്‍ പിന്നീട് അദ്ദേഹം ജയിലിലായി. പ്രതിപക്ഷം ഈ വിഷയം ഉയര്‍ത്തുകയും ഹൈക്കോടതി നിയന്ത്രണങ്ങള്‍ വരുത്തുകയും ചെയ്തതോടെ ഇടതു സര്‍ക്കാരിന്റെ ഡേറ്റാ കച്ചവടം പൂട്ടിപ്പോയി. ഡേറ്റാ പ്രൈവസിയെക്കുറിച്ച് നിലപാട് എടുത്തിരുന്ന സിപിഎം, പിണറായി വിജയന്‍ മുഖ്യമന്ത്രിയായതോടെ ഇതെല്ലാം കാറ്റിപ്പറത്തി അമേരിക്കന്‍ കമ്പനിയുമായി ചങ്ങാത്തം കൂടി. പുതിയ സാഹചര്യത്തില്‍ സ്പ്രിംക്ലര്‍ ഇടപാടിലെ തട്ടിപ്പും ഡേറ്റാ കച്ചവടവും സി പി എം നേതാക്കള്‍ ഒന്ന് പുനര്‍വിചിന്തനം നടത്തുന്നത് നല്ലതായിരിക്കും-അദ്ദേഹം കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates