ശശി തരൂര്‍/ ട്വിറ്റര്‍ ചിത്രം 
Kerala

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാനില്ല; ഹൈക്കമാന്‍ഡിനു മുന്നില്‍ നിലപാട് വ്യക്തമാക്കി തരൂര്‍, കേരളത്തില്‍ സജീവമാവും

തരൂര്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി എത്തുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ്, നേതൃത്വത്തെ തിരുവനന്തപുരം എംപി നിലപാട് അറിയിച്ചത്.

കെഎസ് ശ്രീജിത്ത്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി സ്വയം അവതരിപ്പിക്കാനുള്ള ഒരു പദ്ധതിയും തനിക്കില്ലെന്നു ഹൈക്കമാന്‍ഡിനെ അറിയിച്ച് ശശി തരൂര്‍ എംപി. ആഴ്ചകള്‍ക്ക് മുന്‍പ് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും രാഹുല്‍ ഗാന്ധിയുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കു മത്സരിക്കാന്‍ താനില്ലെന്ന് തരൂര്‍ വ്യക്തമാക്കിയത്. തരൂര്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി എത്തുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ്, നേതൃത്വത്തെ തിരുവനന്തപുരം എംപി നിലപാട് അറിയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പായി കേരള രാഷ്ട്രീയത്തില്‍ സജീവമാവാന്‍ നേതാക്കള്‍ തരൂരിനോട് ആവശ്യപ്പെട്ടു. ഇതിനോട് അനുകൂലമായി പ്രതികരിച്ച തരൂര്‍ ഇക്കഴിഞ്ഞ ദിവസം വയനാട്ടില്‍ നടന്ന നേതൃക്യാംപില്‍ സജീവമായി രംഗത്തുണ്ടായിരുന്നു.

ഈ വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തരൂര്‍ കേരള രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമാകണമെന്ന് രാഹുലും ഖാര്‍ഗെയും ആവശ്യപ്പെട്ടതായാണ് വിവരം. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് തരൂര്‍ നേതൃത്വത്തെ അറിയിച്ചതായാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. മാധ്യമങ്ങള്‍ തന്റെ പ്രസ്താവനകള്‍ ഭാഗികമായി റിപ്പോര്‍ട്ട് ചെയ്യുന്നതാണ് പല വിവാദങ്ങള്‍ക്കും കാരണമെന്നും, തന്റെ പ്രസ്താവന പൂര്‍ണമായി മനസിലാക്കാതെ മറ്റ് നേതാക്കള്‍ പ്രതികരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ കേരളത്തിലെ നേതാക്കളെ അറിയിക്കുകയും തരൂരിനെ പ്രകോപിപ്പിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാനില്ലെന്ന തരൂരിന്റെ നിലപാട് മുഖ്യമന്ത്രി പദം സ്വപ്നം കാണുന്ന മറ്റ് നേതാക്കള്‍ക്കും ആശ്വാസമായിരിക്കുകയാണ്. യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ തമ്മില്‍ പല മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരം നടക്കുന്ന സാഹചര്യത്തിലാണ് തരൂര്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്ന നിലപാട് സ്വീകരിക്കാന്‍ തയ്യാറായത്. യുഡിഎഫിന് ഏതെങ്കിലും തരത്തിലുള്ള തിരിച്ചടിയുണ്ടായാല്‍ അതിന്റെ പഴി കേള്‍ക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും തരൂര്‍ പറഞ്ഞു. വയനാട്ടില്‍ നടന്ന 'ലക്ഷ്യ-2026' നേതൃക്യാപില്‍ തരൂരിന് മികച്ച പരിഗണനയാണ് ലഭിച്ചത്. വിഡി സതീശന്റെ സമാപന പ്രസംഗത്തില്‍ തരൂരിന്റെ ചില നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.

പാര്‍ട്ടി സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് വര്‍ക്കിങ് കമ്മിറ്റി അംഗങ്ങളെ വിശ്വാസത്തിലെടുക്കണമെന്ന് തരൂര്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടു. സ്ഥാനാര്‍ത്ഥികളില്‍ 50 ശതമാനം യുവാക്കളും സ്ത്രീകളുമായിരിക്കുമെന്ന വിഡി സതീശന്റെ പ്രസ്താവന അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം നിര്‍ണ്ണായക കാര്യങ്ങളില്‍ മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചന നടത്തേണ്ടതിന്റെ ആവശ്യകത തരൂര്‍ ഊന്നിപ്പറഞ്ഞു. നഗരപ്രദേശങ്ങളിലും മറ്റുമുള്ള തരൂരിന്റെ സ്വാധീനം യുഡിഎഫിന്റെ പ്രചാരണത്തിന് കരുത്തേകുമെന്നാണ് നേതാക്കള്‍ പറയുന്നത്. 'യുഡിഎഫ് ലീഗിന്റെ തിരക്കഥയ്ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്ന ആരോപണം മറികടക്കാന്‍ തരൂരിനെപ്പോലെയുള്ള നേതാവിന്റെ വരവ് സഹായകരമാകും' ഒരു യുഡിഎഫ് നേതാവ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

തരൂരിന്റെ വരവ് ക്രൈസ്തവ വിഭാഗങ്ങളുടെ പിന്തുണ തിരിച്ചുപിടിക്കാന്‍ സഹായിക്കുമെന്നും ചില നേതാക്കള്‍ കരുതുന്നു. ലീഗ് സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ഹമാസിനെ പരസ്യമായി വിമര്‍ശിച്ച ഏക നേതാവ് തരൂരാണെന്ന് ഒരു കെപിസിസി ഭാരവാഹി ചൂണ്ടിക്കാട്ടി. പലസ്തീന്‍ വിഷയത്തില്‍ കേരളത്തിലെ രാഷ്ട്രീയ പ്രതികരണങ്ങളില്‍ ക്രൈസ്തവ പുരോഹിതര്‍ക്കിടയില്‍ അതൃപ്തിയുണ്ടായിരുന്നു. 'മുസ്ലീം പ്രീണനം എന്ന ആരോപണത്തില്‍ സഭയ്ക്കുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ നേതൃത്വത്തിലുള്ള തരൂരിന്റെ സാന്നിധ്യം സഹായിക്കും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tharoor rules himself out of CM race; active role expected in Kerala politics

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പൊലീസ് ജീപ്പ് തള്ളാന്‍ ഒപ്പം കൂടിയില്ല, കള്ളനെന്നു വിളിച്ച് 'അകത്തിട്ടു', താജുദ്ദീന്‍ ജയിലില്‍ കിടന്നത് 54 ദിവസം

'നിങ്ങള്‍ കെട്ടിയാടുന്ന ആ കപടവ്യക്തിത്വം; പൂത്തുലയുന്ന കാപട്യം'; ഗീതുവിന് കസബ സംവിധായകന്റെ മറുപടി

ഒടിടിയിൽ തിളങ്ങാനാകുമോ ദിലീപ് ചിത്രത്തിന് ? 'ഭഭബ' സ്ട്രീമിങ് തീയതി പുറത്ത്, എവിടെ കാണാം

സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; പവന് 520 രൂപ കൂടി

വിസ ദുരുപയോഗം ചെയ്താല്‍ യാത്രാവിലക്ക്; ബി1, ബി2 വിസക്കാര്‍ക്ക് യുഎസ് മുന്നറിയിപ്പ്

SCROLL FOR NEXT