തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തോടെ നിയമസഭാ സമ്മേളനത്തിന് തുടക്കം. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും അല്ലാതെ സഭാ നടപടികളുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. പ്രതിപക്ഷം തിണ്ണമിടുക്ക് കാണിക്കാതെ സഭ നല്‍കുന്ന അവകാശം വിനിയോഗിക്കണമെന്ന് മന്ത്രി എംബി രാജേഷ് മറുപടി നല്‍കി.
സഭാ നടുത്തളത്തില്‍ പോറ്റിയേ കേറ്റിയേ എന്ന പാരഡി ഗാനവുമായി എത്തിയ പ്രതിപക്ഷ അംഗങ്ങള്‍ മന്ത്രി വിഎന്‍ വാസവന്റെ രാജി ആവശ്യപ്പെട്ട് സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്ലക്കാര്‍ഡും ബാനറുമായി മുദ്രാവാക്യം വിളി തുടര്‍ന്നു. സ്വര്‍ണം കട്ടത് കോണ്‍ഗ്രസ് ആണെന്ന് ഭരണപക്ഷ അംഗങ്ങളും മുദ്രാവാക്യം വിളി തുടര്‍ന്നു. പ്രതിഷേധം വകവയ്ക്കാതെ സഭാ നടപടികള്‍ ആരംഭിച്ചു.
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി വിഎന്‍ വാസവനെയും പ്രസിഡന്റ് പ്രശാന്തിനെയും പുറത്താക്കണമെന്നതായിരുന്നു പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടത്. ഈ ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചുനില്‍ക്കുകയാണ്. 2024-25 കാലത്ത് ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ മന്ത്രി രാജിവയ്ക്കണമെന്നും എസ്‌ഐടിയുടെ മീതെ മുഖ്യമന്ത്രിയുടെ ഓഫീസിന് മേലുള്ള സമ്മര്‍ദം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം സമരത്തിലാണ്. സഭാ നടപടികളുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്'- വിഡി സതീശന്‍ പറഞ്ഞു.
അടിയന്തരപ്രമേയം കൊണ്ടുവരാനുള്ള അവകാശമാണ് പ്രതിപക്ഷം വിനിയോഗിക്കേണ്ടതെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. 'ആ അവകാശം ഉപയോഗിക്കാന്‍ ഭയപ്പെട്ട പ്രതിപക്ഷം പാര്‍ലമെന്റേതര നടപടികളാണ് സ്വീകരിക്കുന്നത്. ചരിത്രത്തില്‍ അത്യപൂര്‍വമായിട്ടേ ഒരു പ്രതിപക്ഷം അടിയന്തരപ്രമേയത്തിനുളള അവകാശം വിനിയോഗിക്കാതിരുന്നിട്ടൂള്ളൂ. അതിനുള്ള ധൈര്യം പ്രതിപക്ഷത്തിനില്ല. ചര്‍ച്ച ഒഴിവാക്കാനാണ് പ്ലക്കാര്‍ഡുമായി എത്തിയത്. ഇത് ഈ നാട് മുഴുവന്‍ കാണും. ചര്‍ച്ച നടത്തിയപ്പോഴൊക്കെ സഭയില്‍ നിന്ന് പ്രതിപക്ഷത്തിന് ഇറങ്ങി ഓടേണ്ടി വന്നിട്ടുണ്ട്. ഭീരുത്വത്തിന്റെ ലജ്ജയില്ലാത്ത പ്രദര്‍ശനമാണ് ഇവിടെ കാണുന്നത്. തിണ്ണമിടുക്ക് ആണ് പ്രതിപക്ഷം കാണിക്കുന്നത്. സഭ നല്‍കുന്ന അവകാശം വിനിയോഗിക്കാതെ ധൈര്യമില്ലാത്ത പ്രതിപക്ഷത്തെ ജനം വിലയിരുത്തും'- എംബി രാജേഷ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates