കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനായി സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി യോഗം ചേരും. ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍, മന്ത്രി പി രാജീവ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് എന്നിവര്‍ യോഗത്തില്‍ സംബന്ധിക്കും.
സിപിഎം ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ എസ് അരുണ്‍കുമാര്‍, കൊച്ചി മേയര്‍ അഡ്വ. എം അനില്‍കുമാര്‍, ഡോ. കൊച്ചുറാണി ജോസഫ് തുടങ്ങിയ പേരുകള്‍ക്കാണ് മുന്‍തൂക്കം. ഡിവൈഎഫ്‌ഐ നേതാവ് പ്രിന്‍സി കുര്യാക്കോസ്, ജില്ലാ പഞ്ചായത്തംഗം യേശുദാസ് പറപ്പിള്ളി എന്നിവരുടെ പേരുകളും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.
ഹൈക്കോടതിയിലെ അഭിഭാഷകനും ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റുമാണ് നിലവില്‍ അരുണ്‍കുമാര്‍. സാമ്പത്തികശാസ്ത്ര വിദഗ്ധയും കോളജ് മുന്‍ അധ്യാപികയുമാണ് ഡോ. കൊച്ചുറാണി ജോസഫ്. തൃക്കാക്കര ഭാരതമാതാ കോളജ് എക്കണോമിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് മുന്‍ ഹെഡ്ഡായിരുന്നു. സിറോ മലബാര്‍ സഭയുടെ ഔദ്യോഗിക വക്താവ് കൂടിയാണ് ഡോ. കൊച്ചുറാണി ജോസഫ്. കൊച്ചുറാണിയെ സ്ഥാനാര്‍ത്ഥി ആക്കുന്നതിലൂടെ സഭയുടെ പിന്തുണയും ഉണ്ടാവുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നത്.
നേരത്തെ പ്രധാനമായും പരിഗണിച്ചിരുന്നത് കൊച്ചി മേയര്‍ എം അനില്‍കുമാറിനെയാണ്. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം, കൊച്ചി നഗരസഭയില്‍ നടപ്പാക്കിയ ഭരണപരിഷ്‌കാരങ്ങളും അനില്‍കുമാറിന്റെ വിജയസാധ്യത വര്‍ധിപ്പിക്കുമെന്നായിരുന്നു സിപിഎമ്മിന്റെ വിലയിരുത്തല്‍. എന്നാല്‍ അനില്‍കുമാര്‍ മാറിനിന്നാല്‍ കൊച്ചി കോര്‍പ്പറേഷന്‍ ഭരണം കൈവിട്ടു പോകുമോയെന്ന ആശങ്ക, അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates