തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ചതിനെച്ചൊല്ലിയുള്ള വിവാദത്തിനിടെ, മദ്യനയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ഇന്നറിയാം. സംസ്ഥാന ബജറ്റിലെ പ്രഖ്യാപനത്തില്‍ യുഡിഎഫിനുള്ളിലും അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രാവിലെ ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ വിഷയം ചര്‍ച്ചയായേക്കും. വിവാദങ്ങളില്‍ നിയമസഭയിലെ ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ വൈകീട്ട് മുഖ്യമന്ത്രി വിഡി സതീശന്‍ നിലപാട് പ്രഖ്യാപിച്ചേക്കും.
ഘടകകക്ഷിയായ മുസ്‌ലിം ലീഗിന്റെ കടുത്ത അതൃപ്തിക്കും കോൺഗ്രസിനുള്ളിലെ ആഭ്യന്തര സമ്മർദ്ദങ്ങൾക്കും ഒടുവിൽ, നികുതി നിർദേശത്തിൽ മുഖ്യമന്ത്രി തിരുത്തലിന് തയ്യാറാകുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. നികുതി കുറയ്ക്കാനുള്ള തീരുമാനം എക്സൈസ് വകുപ്പ് മന്ത്രി എം ലിജുവുമായോ മുന്നണി നേതൃത്വവുമായോ മുൻകൂട്ടി ആലോചിക്കാതെയാണ് ധനവകുപ്പ് കൈക്കൊണ്ടത് എന്ന ആക്ഷേപം കോൺഗ്രസ് പാർട്ടിയിലുമുണ്ട്. മുന്നണിയിൽ കൂടിയാലോചനയില്ലാതെ നയപരമായ തീരുമാനം കൈക്കൊണ്ടതിലാണ് മുസ്‌ലിം ലീഗിന് കടുത്ത അതൃപ്തിയുള്ളത്. ലീഗ് നേതൃത്വം വിയോജിപ്പ് സർക്കാരിനെ അറിയിച്ചതായാണ് വിവരം.
എന്നാൽ നികുതി നിശ്ചയിച്ച നടപടിയിൽനിന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പിന്നാക്കം പോകില്ലെന്നും സൂചനകളുണ്ട്. നികുതി നിശ്ചയിച്ചത് കൊണ്ടുമാത്രം വിൽപ്പനയ്ക്കുള്ള അന്തിമാനുമതി ആകുന്നില്ല. യുഡിഎഫ് സർക്കാരിന്റെ മദ്യനയം വന്നതിനുശേഷം സമവായത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടി മതിയെന്നാണ് ആലോചന. അധികാരമേറ്റ് ഒരു മാസമാകുമ്പോഴേക്കും തിരുത്തലുകൾ കൂടുന്നത് രാഷ്ട്രീയമായി തിരിച്ചടിക്കുമെന്നാണ് മുഖ്യമന്ത്രിയെ അനുകൂലിക്കുന്നവരുടെ വിലയിരുത്തൽ. പിണറായി വിജയൻ സർക്കാർ 0.5 ശതമാനം മുതൽ 20 ശതമാനംവരെ സ്പിരിറ്റുള്ളവ വീര്യംകുറഞ്ഞ മദ്യമെന്നനിലയിൽ പ്രത്യേക ഇനമാക്കി വിദേശമദ്യ ചട്ടത്തിൽ ഭേദഗതിവരുത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates