മലപ്പുറം: ഫെബ്രുവരി 3, ചൊവ്വാഴ്ച മഹാമാഘ മഹോത്സവത്തിന്റെ അവസാനദിനമായി ആചരിക്കും. മകം നക്ഷത്രം, ദ്വിതീയ തിഥി എന്നീ അത്യന്തം ശുഭയോഗങ്ങളോടെയാണ് മഹാമാഘത്തിന്റെ സമാപനം കുറിക്കുന്നത്. സമാപനദിനത്തിലെ പ്രധാന ആചാരമായി മാഘമകം അമൃതസ്‌നാനം രാവിലെ 8 മണിക്ക് ആരതി ഘാട്ടില്‍ നടക്കും.
മഹാമാഘ മഹോത്സവത്തിലെ ഏറ്റവും വിശുദ്ധമായ ആചാരങ്ങളിലൊന്നായ അമൃതസ്‌നാനത്തില്‍ നാഗസന്യാസിവര്യന്മാര്‍ ഉള്‍പ്പെടെയുള്ള സന്യാസിമാരും ആയിരക്കണക്കിന് ഭക്തജനങ്ങളും പങ്കുചേരും. ഹിന്ദു പുരാണപരമ്പരകളനുസരിച്ച്, അമൃതസ്‌നാനം ആത്മശുദ്ധിയെയും അമരത്വസാധനയെയും പ്രതീകാത്മകമായി സൂചിപ്പിക്കുന്നു. ഈ ദിവ്യയോഗത്തില്‍ നടത്തുന്ന പുണ്യസ്‌നാനം പാപമുക്തി നല്‍കുകയും ജന്മമരണചക്രത്തില്‍ നിന്നുള്ള മോചനത്തിന് വഴിയൊരുക്കുകയും ആത്മീയ ഉണര്‍വിലേക്കുള്ള യാത്ര സഫലമാക്കുകയും ചെയ്യുമെന്നാണ് വിശ്വാസം.
യതി പൂജ
അമൃതസ്‌നാനത്തിന് ശേഷം യതി പൂജ നടക്കും. സനാതനധര്‍മ്മത്തിന്റെ നിലനില്‍പ്പിനായി സര്‍വ്വതും ഉപേക്ഷിച്ച് ജീവിതം സമര്‍പ്പിച്ച സന്യാസിമാരെയാണ് യതി എന്ന് വിളിക്കുന്നത്. ധര്‍മ്മത്തെ നയിക്കുന്ന ഇത്തരം യതി ആചാര്യന്മാരെ പൂജിക്കുന്നത് ഭക്തര്‍ക്ക് ഗുരുത്വബോധവും ജീവിതത്തില്‍ സല്‍മാര്‍ഗ്ഗഗതിയും ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ജ്ഞാനികളായ സന്യാസിമാരുടെ പാദപൂജയും അവര്‍ക്കുള്ള അന്നദാനവും വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സമൂഹത്തിനും മഹത്തായ പുണ്യം നല്‍കുമെന്നാണ് വിശ്വാസം.
ഭണ്ഡാര സമത്വത്തിന്റെ ആത്മീയ സമാപനം
തുടര്‍ന്ന് ഭണ്ഡാര എന്ന വിശിഷ്ട ആചാരവും നടക്കും. സന്ന്യാസിവര്യന്മാര്‍ക്ക് സമൃദ്ധമായ അന്നദാനം നടത്തുന്ന ഈ ചടങ്ങിന് വലിയ ആത്മീയ പ്രാധാന്യമുണ്ട്. സനാതനധര്‍മ്മത്തില്‍ ഒരു സന്ന്യാസിയെ ദൈവത്തിന്റെ ജീവനുള്ള രൂപമായാണ് കണക്കാക്കുന്നത്. അതിനാല്‍ സന്്യാസിമാര്‍ക്ക് ഭക്ഷണം നല്‍കുന്നത് ദൈവത്തിന് നേരിട്ട് സമര്‍പ്പിക്കുന്ന സേവനമായി കരുതപ്പെടുന്നു.
ഭണ്ഡാരയിലെ ഏറ്റവും ശ്രദ്ധേയമായ കാഴ്ചയാണ് 'പംഗത്' രാജാവിനും സാധാരണക്കാരനും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലാതെ എല്ലാവരും നിലത്ത് ഒരേ നിരയില്‍ ഇരുന്ന് ഒരുമിച്ച് ഭക്ഷണം കഴിക്കുന്ന ദൃശ്യം. എല്ലാ സാമൂഹിക വേര്‍തിരിവുകളെയും ഇല്ലാതാക്കുന്ന ഈ ആചാരം സനാതനധര്‍മ്മത്തിന്റെ സമത്വബോധത്തെയും മാനവിക മൂല്യങ്ങളെയും ശക്തമായി ഓര്‍മ്മിപ്പിക്കുന്നു.
മാഘമകം അമൃതസ്‌നാനം, യതി പൂജ, ഭണ്ഡാര വൈകീട്ട് നടക്കുന്ന നിള ആരതി എന്നീ ചടങ്ങുകളോടെ ഫെബ്രുവരി 3-ന് മഹാമാഘ മഹോത്സവം ഔപചാരികമായി സമാപിക്കുമ്പോള്‍, തിരുനാവായയിലെ ഭാരതപ്പുഴ തീരം ആത്മീയ ഉണര്‍വിന്റെയും സമുഹധാര്‍മ്മിക ബോധത്തിന്റെയും സാക്ഷിയായി മാറുമെന്ന് സഭാപതി മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates