തൃശൂര്‍ : സ്വര്‍ണക്കടത്തുകാരുടെയും സ്ത്രീപീഡകരുടെയും സംരക്ഷകരായി സിപിഎം മാറിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സൈബറിടങ്ങളില്‍ സിപിഎം ഗുണ്ടായിസത്തിന് നേതൃത്വം നല്‍കുന്നവര്‍ തന്നെയാണ് പല ക്രിമിനല്‍ കേസുകളിലെയും പ്രതികള്‍. സ്വര്‍ണക്കടത്തില്‍ സിപിഎം പങ്ക് പുറത്തായിയെന്നും സതീശന്‍ തൃശൂരില്‍ ആരോപിച്ചു.
കണ്ണൂര്‍ ശാന്തമായപ്പോള്‍ പാര്‍ട്ടി ക്രിമിനല്‍ സംഘങ്ങള്‍ മറ്റു കുറ്റകൃത്യങ്ങള്‍ തുടങ്ങി. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്ക് ക്രിമിനല്‍ സംഘങ്ങളെ ഓരോദിവസവും ന്യായീകരിക്കേണ്ട സ്ഥിതി വന്നിരിക്കുകയാണ്. രാമനാട്ടുകര സ്വര്‍ണക്കടത്തുകേസില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ക്കും പങ്കുണ്ട്. അവരുടെ പങ്കും അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. മുഖ്യമന്ത്രി മൗനം വെടിഞ്ഞ് നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഇത്തരം കേസുകളിലെ അന്വേഷണം ഒരു പരിധി വിട്ടുകഴിഞ്ഞാല്‍ മരവിപ്പിക്കുന്ന സമീപനമാണ് സിപിഎം സ്വീകരിച്ചു വരുന്നതെന്നും സതീശന്‍ ആരോപിച്ചു.
രാഷ്ട്രീയ കൊലപാതകം നടത്തുന്നവര്‍ക്കും സ്വര്‍ണക്കടത്തും സ്ത്രീപീഡനവും നടത്തുന്നവര്‍ക്ക് സംരക്ഷണവും പ്രോല്‍സാഹനവുമാണ് സിപിഎം നല്‍കി വരുന്നത്. കാസര്‍കോട് ജില്ലാ ആശുപത്രിയിലേക്ക് 450 അപേക്ഷകരുണ്ടായിട്ടും, 100 പേരെ ഇന്റര്‍വ്യൂവിന് വിളിച്ചിട്ട്, പെരിയ ഇരട്ടക്കൊലക്കേസിലെ ഒന്നാം പ്രതിയുടെ ഭാര്യക്ക് ഒന്നാം റാങ്കും രണ്ടാം പ്രതിയുടെ ഭാര്യയ്ക്ക് രണ്ടാം റാങ്കും മൂന്നാം പ്രതിയുടെ ഭാര്യയ്ക്ക് മൂ്ന്നാം റാങ്കും നല്‍കി നിയമനത്തെ മുഴുവന്‍ സിപിഎം അട്ടിമറിച്ചു.
രാഷ്ട്രീയ കൊലപാതകങ്ങളെ പാര്‍ട്ടി പരസ്യമായി ന്യായീകരിക്കുകയാണ്. ഇത്തരം കൊലപാതകങ്ങളില്‍പ്പെട്ടവരെ പാര്‍ട്ടി സംരക്ഷിക്കും എന്നതിന്റെ സന്ദേശമാണിത്. കൊടകര കുഴല്‍പ്പണക്കേസ് മൂന്നുമാസമായിട്ടും എങ്ങുമെത്താതെ നില്‍ക്കുകയാണ്. ഈ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുകയാണ്. കേരളത്തിലെ സിപിഎമ്മും ബിജെപിയും നടത്തുന്നത് സര്‍ക്കസിലെ വെറും തല്ല് ഒച്ച മാത്രമാണെന്നും സതീശന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates