മുഹമ്മദ് 
Kerala

സംഘത്തിന്റെ 'മുഹമ്മദിക്ക'; മുസ്ലിം സമൂഹത്തില്‍നിന്ന് ആര്‍എസ്എസിലേക്കെത്തിയ അപൂര്‍വ യാത്ര

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കല്‍പ്പറ്റ: കേരളത്തില്‍ ആര്‍എസ്എസുമായി മുസ്ലിം സമൂഹത്തിന്റെ ബന്ധം എന്നും വിരളമായിരുന്നു. ആ വിരളതയ്ക്കിടയില്‍ നാല് പതിറ്റാണ്ടിലേറെക്കാലം സ്വയംസേവകനായി പ്രവര്‍ത്തിച്ച ഒരാളായിരുന്നു വയനാട് ചീരാലിലെ മുഹമ്മദ്. ശനിയാഴ്ച 56-ാം വയസ്സില്‍ അദ്ദേഹം വിടവാങ്ങുമ്പോള്‍, ഒരു സംഘടനാ പ്രവര്‍ത്തകന്റെ വിയോഗം മാത്രമല്ല, വ്യത്യസ്തമായൊരു ജീവിതയാത്രയുടെ ഓര്‍മകളുമാണ് സഹപ്രവര്‍ത്തകരും നാട്ടുകാരും പങ്കുവെക്കുന്നത്.

ആര്‍എസ്എസിന്റെ പ്രവര്‍ത്തകര്‍ക്കിടയിലും നാട്ടുകാര്‍ക്കിടയിലും അദ്ദേഹം 'മുഹമ്മദിക്ക' എന്ന പേരിലാണ് കൂടുതല്‍ അറിയപ്പെട്ടിരുന്നത്. ചീരാലില്‍ ആര്‍എസ്എസിന്റെ ശാഖ ആരംഭിച്ച കാലത്താണ് അദ്ദേഹത്തിന്റെ സംഘപരിവാറുമായുള്ള ബന്ധം തുടങ്ങുന്നത്. ഏകദേശം 40 വര്‍ഷം മുമ്പ്, ഹൈന്ദവ സുഹൃത്തുക്കള്‍ക്കൊപ്പമാണ് ആദ്യമായി ശാഖയിലെത്തിയത്. പിന്നീട് ആ ബന്ധം ജീവിതത്തിന്റെ ഭാഗമായി മാറി.

സംഘത്തിന്റെ ഒന്നാം വര്‍ഷവും രണ്ടാം വര്‍ഷവും സംഘശിക്ഷാ വര്‍ഗങ്ങള്‍ പൂര്‍ത്തിയാക്കിയ മുഹമ്മദ് ദീര്‍ഘകാലം സംഘടനാപ്രവര്‍ത്തനങ്ങളില്‍ സജീവമായി. അച്ചടക്കവും ലാളിത്യവും നിസ്വാര്‍ഥ സേവനവുമായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ മുഖമുദ്രയെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. രാഷ്ട്രീയമോ മതമോ നോക്കാതെ എല്ലാവരോടും സൗഹൃദം പുലര്‍ത്തിയ അദ്ദേഹം, നാട്ടിലെ പൊതുപ്രവര്‍ത്തനങ്ങളിലും സജീവസാന്നിധ്യമായിരുന്നു.

സംഘപ്രവര്‍ത്തനത്തിനപ്പുറം കായികരംഗത്തും മുഹമ്മദിക്കയുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. വയനാട്ടിലെ പ്രമുഖ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബായ ഭാവന പഴൂര്‍ ക്ലബ്ബിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം, ക്ലബ്ബിന്റെ ഫുട്‌ബോള്‍ ടീമിന്റെ വിശ്വസ്തനായ ഗോള്‍കീപ്പറുമായിരുന്നു. കളിക്കളത്തിലും സാമൂഹിക ഇടപെടലുകളിലും ഒരുപോലെ ആത്മാര്‍ഥത പുലര്‍ത്തിയ വ്യക്തിയെന്ന ഓര്‍മയാണ് അദ്ദേഹത്തെ അറിയുന്നവര്‍ പങ്കുവയ്ക്കുന്നത്.

മുസ്ലിം സമൂഹത്തില്‍നിന്ന് ആര്‍എസ്എസില്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ പലപ്പോഴും വ്യത്യസ്തനായി അടയാളപ്പെടുത്തിയിരുന്നെങ്കിലും, രാഷ്ട്രീയത്തോട് അദ്ദേഹം അകലം പാലിച്ചിരുന്നുവെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. ദീര്‍ഘകാലം ആര്‍എസ്എസിന്റെ സജീവ സ്വയംസേവകനായിരുന്നെങ്കിലും ബിജെപിയുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലേക്ക് അദ്ദേഹം ഒരിക്കലും കടന്നില്ല.

'അദ്ദേഹത്തിന്റെ കുടുംബത്തിന് സംഘവുമായി യോജിപ്പില്ലായിരുന്നു. ഇന്നും കുടുംബാംഗങ്ങള്‍ മറ്റു രാഷ്ട്രീയ-സാമൂഹിക സംഘടനകളുടെ ഭാഗമാണ്. പക്ഷേ മുഹമ്മദിക്ക സംഘടനാപ്രവര്‍ത്തനത്തില്‍ ഉറച്ചുനിന്ന വ്യക്തിയായിരുന്നു. അതേസമയം രാഷ്ട്രീയത്തിലേക്ക് വരാന്‍ അദ്ദേഹം ഒരിക്കലും താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല. മരണംവരെ ആര്‍എസ്എസിനൊപ്പമുണ്ടായിരുന്നെങ്കിലും ബിജെപിക്കുവേണ്ടി പ്രവര്‍ത്തിച്ചിട്ടില്ല. അതിനായി ഞങ്ങളും ഒരിക്കലും നിര്‍ബന്ധിച്ചിട്ടില്ല,' ബിജെപി ചീരാല്‍ പഞ്ചായത്ത് സെക്രട്ടറി ജയന്‍ പുതുവീട്ടില്‍ പറഞ്ഞു.

ഒരു വര്‍ഷം മുമ്പാണ് മുഹമ്മദിനെ ന്യൂമോണിയ ബാധിച്ചത്. കൃഷിയായിരുന്നു പ്രധാന ഉപജീവനം. കഠിനാധ്വാനിയായ കര്‍ഷകനായിരുന്ന അദ്ദേഹം മഴയിലും വയലിലും പറമ്പിലും ജോലി ചെയ്തതിനെ തുടര്‍ന്നാണ് അസുഖം പിടിപെട്ടതെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. പിന്നീട് ആരോഗ്യനില മോശമായെങ്കിലും അവസാന നാളുകളിലും സംഘത്തിലെ സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.

'ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതും മരുന്ന് എത്തിക്കുന്നതുമെല്ലാം ഞങ്ങള്‍ ചെയ്തിരുന്നു. അദ്ദേഹത്തിന്റെ അന്ത്യകര്‍മങ്ങള്‍ മതാചാരപ്രകാരമായിരുന്നെങ്കിലും അതിലും ഞങ്ങള്‍ പൂര്‍ണമായി പങ്കാളികളായിരുന്നു. സംഘടനയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം അവസാന നിമിഷംവരെയും അതേ ആത്മാര്‍ഥതയോടെയായിരുന്നു,' ജയന്‍ പുതുവീട്ടില്‍ പറഞ്ഞു.

The Sangh's 'Muhammadika'; A rare journey from the Muslim community to the RSS

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആഗ്രഹം പോലെ ജാനകിയമ്മ മടങ്ങി; അന്ത്യകര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചത് കൊച്ചുമകള്‍; ഇനി ഓര്‍മകളില്‍...!

ജാനകിയമ്മയെക്കൊണ്ട് രണ്ടു പാട്ട് പാടിക്കണം, 19 കാരന്റെ കയ്യിലുള്ളത് 5000 രൂപ; എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി!

'ബാസ്ബോൾ' ക്രിക്കറ്റിന് 'മരണ മണി'! ബ്രണ്ടൻ മക്കെല്ലത്തെ പുറത്താക്കി

ജാനകിയമ്മയുടെ വേര്‍പാട് അറിഞ്ഞ നിമിഷം, മനസ്സിലേക്ക് ആദ്യം ഓടിയെത്തിയത് നവാസിന്റെ മുഖം: നിയാസ് ബക്കര്‍

'മനിതര്‍പോല്‍ കടവുള്‍ക്കും ഒരു ടൈം ഇര്ക്ക്'; കുസൃതിച്ചിരിയോടെ അമ്മ പറഞ്ഞു; ഓര്‍മകളിലൂടെ വേണുഗോപാല്‍