തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ തോല്‍വിക്ക് കാരണം വലതുപക്ഷ ശക്തികളുടെ ഏകീകരണമാണെന്ന് സിപിഎം നേതാവ് പി ജയരാജന്‍. പാര്‍ട്ടിക്കുള്ളിലെ വീഴ്ചകളേക്കാള്‍ ഉപരിയായി, കേരളത്തിലെ ഇടതുപക്ഷത്തെ പരാജയപ്പെടുത്താന്‍ വലതുപക്ഷ ശക്തികള്‍ നടത്തിയ കൂട്ടായതും ആസൂത്രിതവുമായ ശ്രമമായിരുന്നു ഇത്. ജാതി-മത ശക്തികള്‍ കൂട്ടുചേര്‍ന്ന് ഇഎംഎസ് സര്‍ക്കാരിനെ വിമോചന സമരത്തിലൂടെ താഴെയിറക്കിയതിന് സമാനമായ, വലതുപക്ഷ ധ്രുവീകരണം ഇത്തവണയും കേരളത്തിലുണ്ടായെന്ന് പി ജയരാജന്‍ പറഞ്ഞു.
ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു പി ജയരാജന്‍. ഇപ്പോള്‍ നമ്മള്‍ കാണുന്നത് അടിസ്ഥാനപരമായി 1959 ലെ വിമോചന സമരത്തിന്റെ ഒരു പുതിയ പതിപ്പാണ്. അത് വളരെ ആസൂത്രിതമാണ്. നിലവിലെ സാഹചര്യം വിശകലനം ചെയ്താല്‍, പിണറായി വിജയന്‍ സര്‍ക്കാര്‍ 10 വര്‍ഷമാണ് തുടര്‍ച്ചയായി കേരളം ഭരിച്ചത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത്, നവലിബറല്‍ നയങ്ങള്‍ക്ക് പകരം ഒരു പുതിയ വികസന മാതൃകയെ അടിസ്ഥാനമാക്കിയുള്ള ബദല്‍ നയങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കിയിരുന്നു. നടപ്പിലാക്കിയിരുന്നു.
നിപ, പ്രളയങ്ങള്‍, കോവിഡ്-19 മഹാമാരി തുടങ്ങിയ അഭൂതപൂര്‍വമായ പ്രതിസന്ധികളെ ആ സര്‍ക്കാര്‍ വലിയ മനോധൈര്യത്തോടെ നേരിട്ടു. സര്‍ക്കാരിന് ജനങ്ങള്‍ വ്യാപകമായ പിന്തുണ നല്‍കുകയും ചെയ്തു. തല്‍ഫലമായിട്ടാണ്, 2021-ല്‍ 99 സീറ്റുകള്‍ നേടി ഇടതുപക്ഷം തുടര്‍ച്ചയായ ഭരണത്തിലേറുന്നത്. അത് വലതുപക്ഷ ശക്തികളെ പ്രകോപിപ്പിച്ചു. ആ ഘട്ടത്തില്‍ നിന്ന് അവര്‍ ആരംഭിച്ച ശ്രമങ്ങള്‍ 2026-ല്‍ വലതുപക്ഷ ശക്തികളുടെ പൂര്‍ണ്ണമായ ഏകീകരണത്തില്‍ കലാശിച്ചുവെന്ന് പി ജയരാജന്‍ വ്യക്തമാക്കി.
എന്നാല്‍ ഇതു മുന്‍കൂട്ടി കാണാന്‍ കഴിയാതിരുന്നത് പാര്‍ട്ടിയുടെ വലിയ ബലഹീനതയാണെന്നും പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫ് സര്‍ക്കാര്‍ തുടര്‍ച്ചയായി അധികാരത്തില്‍ വന്നപ്പോള്‍, കേരളത്തിലെ വിവിധ വര്‍ഗീയ ശക്തികള്‍ വലതുപക്ഷത്തിന്റെ പാദസേവകരായി മാറി. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ വലിയ തോതില്‍ പൊതുജനങ്ങളില്‍ നീരസം സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍, മുസ്ലീം ഏകീകരണത്തിന്റെ ശക്തമായ സന്ദേശം വ്യാപകമായി പ്രചരിച്ചു.
ഇത് ത്വരിതപ്പെടുത്തിയ ഒരു പ്രധാന ഘടകമായിരുന്നു എസ്ഐആര്‍. മുസ്ലീം സമുദായത്തിന്റെ വോട്ടുകള്‍ യുഡിഎഫിലേക്ക് മാറ്റുന്നതില്‍ ഇത് ഫലപ്രദമായി പ്രവര്‍ത്തിച്ചു. മുസ്ലീം ലീഗും ജമാഅത്തെ ഇസ്ലാമിയും ഇതില്‍ പ്രധാന പങ്ക് വഹിച്ചു. വലിയ തോതില്‍ ക്ഷേമ നടപടികള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും നടപ്പിലാക്കുകയും ചെയ്തു. കേരളത്തില്‍ ഒരു ലക്ഷം കോടിയിലധികം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു. ഇതെല്ലാം ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല. എന്നാല്‍ വലതുപക്ഷ ശക്തികള്‍ അതിലല്ല ശ്രദ്ധ കൊടുത്തത്. വലതു ശക്തികളുടെ നീക്കം ഇടതുപക്ഷത്തിന് ഇത് ശരിയായി വിലയിരുത്താനും പ്രതിരോധിക്കാനും കഴിഞ്ഞില്ല, അത് പോരായ്മയാണെന്നും പി ജയരാജന്‍ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates