JOSE CHAKO 
Kerala

'ഒരു ഫ്‌ളോയിലങ്ങ് പറഞ്ഞുപോയതാ...'; മുഖ്യമന്ത്രിയുടെ 'ആന്‍ജിയോപ്ലാസ്റ്റി'യില്‍ ജോസ് ചാക്കോയുടെ മറുപടി

രോഗികളില്‍ അനാവശ്യമായ ആന്‍ജിയോപ്ലാസ്റ്റി ഒഴിവാക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പഠിച്ചുപറഞ്ഞതാവാന്‍ സാധ്യത ഇല്ലെന്നും രാഷ്ട്രീയ പ്രസംഗത്തിന്റെ ഫ്‌ളോയില്‍ പറഞ്ഞതാകാം എന്നും പ്രശസ്ത ഹൃദ്രോഗവിദഗ്ദന്‍ ജോസ് ചാക്കോ പെരിയപ്പുറം പറയുന്നു

Author : SANAL DEV B

രോഗികളില്‍ അനാവശ്യമായി ആന്‍ജിയോപ്ലാസ്റ്റി ചെയ്യരുതെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസംഗം ഏറെ ചര്‍ച്ചകള്‍ക്കാണ് വഴി വെച്ചിരിക്കുന്നത്. ഈ പ്രസ്താവനയെ വിമര്‍ശിച്ചും അനുകൂലിച്ചും ഡോക്ടര്‍മാരും വിവിധ ആരോഗ്യ സംഘടനകളും രംഗത്തെത്തിക്കഴിഞ്ഞു. മുഖ്യമന്ത്രിയുടെ ഈ അഭിപ്രായത്തോട് പ്രശസ്ത ഹൃദ്രോഗവിദഗ്ദന്‍ ജോസ് ചാക്കോ പെരിയപ്പുറം സമകാലിക മലയാളത്തില്‍ പ്രതികരിക്കുന്നു.....

ഇരുപത്തയ്യായിരത്തിലധികം ഹൃദയശസ്ത്രക്രിയകള്‍ വിജയകരമായി ചെയ്യുകയും രാജ്യം പത്മശ്രീ നല്‍കി ആദരിക്കുകയും ചെയ്ത പ്രശസ്തനായ ഹൃദ്രോഗവിദഗ്ദന്‍ ആണ് താങ്കള്‍. ഹൃദ്രോഗികളില്‍ അനാവശ്യമായി ആന്‍ജിയോപ്ലാസ്റ്റി ചെയ്യുന്നുണ്ടെന്നും ഇത് ഒഴിവാക്കണമെന്നുമാണ് മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞത്. ഈ പ്രസ്താവനയോട് ഡോക്ടര്‍ യോജിക്കുന്നുണ്ടോ...?

പ്രസംഗത്തിന് പൊലിപ്പ് ഉണ്ടാവാന്‍ വേണ്ടി അദ്ദേഹം അറിഞ്ഞോ അറിയാതെയോ പറഞ്ഞ് പോയതാവാം എന്നാണ് എനിക്ക് തോന്നുന്നത്. രാഷ്ട്രീയക്കാരുടെ പ്രസംഗങ്ങള്‍ അങ്ങിനെ ആണല്ലോ...?ചിലപ്പോള്‍ മുഖ്യമന്ത്രിയുടെ അടുത്ത് പോയി ആരെങ്കിലും തനിക്ക് അനാവശ്യമായി ആന്‍ജിയോപ്ലാസ്റ്റി ചെയ്തു, ഇത്ര സ്റ്റെന്റ് ഇട്ടു എന്നൊക്കെ പരാതി പറഞ്ഞ് കാണും.

അദ്ദേഹം പഠിച്ചു പറഞ്ഞതായി തോന്നുന്നില്ല. രാഷ്ട്രീയ പ്രസംഗത്തിന്റെ ഒഴുക്കില്‍ പറഞ്ഞുപോയതാവാം.. ഇനി അതല്ലാ, അല്‍പ്പംകൂടി സിസ്റ്റമാറ്റിക്കായിട്ടുള്ള ഒരു മെഡിക്കല്‍ സംവിധാനം നമ്മുടെ സംസ്ഥാനത്ത് ഉണ്ടാകണം എന്നുള്ള ഉദ്ദേശത്തോടുകൂടിയാണ് മുഖ്യമന്ത്രി അത് പറഞ്ഞതെങ്കില്‍ ഞാന്‍ അതിനെ പിന്തുണക്കുന്നു.

ആശുപത്രികളില്‍ എത്തുന്ന രോഗികളെ ഭയപ്പെടുത്തിക്കൊണ്ട് ആന്‍ജിയോപ്ലാസ്റ്റി ഉള്‍പ്പടെയുള്ള ചിലവേറിയ ചികിത്സകള്‍ ചെയ്യിക്കുന്നു എന്ന് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി തന്നെ പറയുമ്പോള്‍ ഗുരുതരമായ ആരോപണം അല്ലേ അത്...?

കേരളത്തിലുള്ള ആശുപത്രികളും ഡോക്ടര്‍മാരും അത്തരത്തില്‍ ഭയപ്പെടുത്തി ശസ്ത്രക്രിയയും മരുന്നെഴുത്തും നടത്തുന്നു എന്ന് എനിക്ക് അഭിപ്രായം ഇല്ല. ഇന്ത്യയില്‍ തന്നെ ഏറ്റവും ധാര്‍മ്മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മികച്ച മെഡിക്കല്‍ പ്രാക്ടീസ് നടത്തുന്നത് നമ്മുടെ സംസ്ഥാനത്താണ്. ഇവിടുത്തെ സ്വാകാര്യ-സര്‍ക്കാര്‍ ആശുപത്രികള്‍ മറ്റ് സംസ്ഥാനങ്ങളിലെ ആശുപത്രികളുമായി താരതമ്യം ചെയ്യുമ്പോള്‍ എത്രയോ നിലവാരം ഉള്ളതാണ്.

പക്ഷേ, ഇവിടെ രോഗിയും ഡോക്ടറും തമ്മില്‍ ഊഷ്മളമായ ഒരു ബന്ധം ഉണ്ടാകുന്നില്ലെന്നുള്ളത് പരമാര്‍ത്ഥമാണ്... രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും വ്യക്തമായി ഡോക്ടര്‍മാര്‍ രോഗിയോടും ബന്ധുക്കളോടും വിശദീകരിച്ച് നല്‍കണം. ചികിത്സ എങ്ങിനെയാണ്, ശസ്ത്രക്രിയ എന്താണ് എന്നുള്ള കാര്യങ്ങള്‍ എല്ലാം പറയണം. പകുതി പറഞ്ഞു കൊടുക്കുകയും പകുതി പറഞ്ഞ് കൊടുക്കാതിരിക്കുകയും ചെയ്യുന്നിടത്താണ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. കൂടാതെ ഡോക്ടര്‍മാരുടെ ജോലിഭാരവും കൂടുതലാണ്.. രോഗികള്‍ കൂടിയില്ലേ...?

ഒരാള്‍ക്ക് പെട്ടെന്ന് നെഞ്ചുവേദന വരുന്നു. ഈ അവസ്ഥയില്‍ ഡോക്ടര്‍ പറയുന്നതു പോലെ കേള്‍ക്കാനേ രോഗിക്ക് കഴിയൂ... ഈ സാഹചര്യമല്ലേ യഥാര്‍ത്ഥത്തില്‍ ആശുപത്രികളും ഡോക്ടര്‍മാരും മുതലെടുക്കുന്നത്...?

നെഞ്ചുവേദനയുമായി ഒരു രോഗി ആശുപത്രിയിലേക്ക് വരുന്നു. അയാള്‍ക്ക് 90 ശതമാനം ബ്ലോക്കുണ്ട്. അത് തുറന്നുകൊടുത്തില്ലെങ്കില്‍ പിന്നെ ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകും. പിന്നെ മരുന്നുകൊണ്ട് അത് തടയാന്‍ കഴിയില്ല. പിന്നെ ബ്ലോക്കുകള്‍ വരാതിരിക്കാനും ചെറിയ ബ്ലോക്കുകള്‍ രൂപപ്പെടാതിരിക്കാനും ജീവിതകാലം മുഴുവന്‍ മരുന്ന് കഴിക്കേണ്ടി വരും.

നെഞ്ചുവേദയുമായി വന്ന് ഇസിജിയില്‍ വ്യത്യാസം കണ്ട് രക്തപരിശോധനയും പോസിറ്റീവ് ആയി നില്‍ക്കുന്ന രോഗിക്ക് ആന്‍ജിയോപ്ലാസ്റ്റി ചെയ്തില്ലെങ്കിലുള്ള കാര്യം നിങ്ങള്‍ ആലോചിച്ച് നോക്കൂ. അവിടെ ഡോക്ടറോട് എങ്ങിനെയാവും രോഗിയുടെ ബന്ധുക്കള്‍ പെരുമാറുക... കുറ്റം മുഴുവന്‍ ആ ഡോക്ടര്‍ക്കായിരിക്കും. ഇതിന് മറുവശവും ഉണ്ട്. ആന്‍ജിയോപ്ലാസ്റ്റി വേണ്ടാത്ത സാഹചര്യങ്ങളില്‍ അതിന് നിര്‍ദേശിക്കുന്നുണ്ടെങ്കില്‍ അത് പരിശോധിക്കണം... വളരെ ചെറിയ കേസുകള്‍ മാത്രമായിരിക്കും അത്... മുഖ്യമന്ത്രി ആന്‍ജിയോപ്ലാസ്റ്റിയെക്കുറിച്ച് മാത്രം എടുത്തു പറഞ്ഞതാണ് ഇത്ര വലിയ ചര്‍ച്ചക്ക് കാരണമായത്.

പത്ത് ആന്‍ജിയോപ്ലാസ്റ്റി ചെയ്താല്‍ അതില്‍ രണ്ട് എണ്ണത്തിന്റെ കാശ് ഡോക്ടര്‍ക്ക് കമ്മീഷനായി കിട്ടും എന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്...

സര്‍ക്കാര്‍ സര്‍വ്വീസിനൊപ്പം സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടര്‍മാരെ പിടികൂടുന്നതും സസ്‌പെന്റ് ചെയ്യുന്നതുമൊക്കെ നമ്മള്‍ കുറേ കാലമായി കാണുന്നതാ.... അതൊക്കെ കുറഞ്ഞിട്ടുണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്‌റ്റെന്റ് ഉപയോഗിക്കുന്നത് മെഡിക്കല്‍ കോളേജുകളിലാണ്.

മെഡിക്കല്‍ കോളേജിലൊന്നും ഒരു ഡോക്ടര്‍ക്കും സൗജന്യമായി സ്റ്റെന്റൊന്നും ആരും കൊടുക്കില്ല. കാരണം അവിടെ സ്റ്റെന്റ് കിട്ടുന്നത് തന്നെ കഷ്ടിച്ചാ, പിന്നെ ഡോക്ടേഴ്‌സിന് പൈസ വീട്ടില്‍ കൊണ്ടു പോയി കൊടുക്കുമോ എന്ന് ചോദിച്ചാല്‍ എനിക്ക് തോന്നുന്നില്ല അങ്ങിനെയുള്ള ഡോക്ടേഴ്‌സ് ഉണ്ട് എന്ന്... മെഡിക്കല്‍ ബോര്‍ഡിനെ കൊണ്ട് ഒരു ഹെല്‍ത്ത് പ്രോട്ടോക്കോള്‍ ഉണ്ടാക്കി അത് ഫോളോ ചെയ്യണം. അപ്പോള്‍ എല്ലാം സുതാര്യമാകും.

വിവാദമായ പ്രസംഗത്തില്‍ വി ഡി സതീശന്‍ വ്യക്തത വരുത്തണം എന്ന അഭിപ്രായം ഡോക്ടര്‍ക്കുണ്ടോ..?

മുഖ്യമന്ത്രി വി ഡി സതീശന്‍ വളരെ അറിവുള്ള പരന്ന വായനയുള്ള ആളാണ്. പക്ഷേ, അദ്ദേഹം പ്രസംഗിച്ച കാര്യങ്ങള്‍ ഒരു ബുക്കില്‍ നിന്നും കിട്ടുന്ന അറിവല്ല. പ്രായോഗിക തലത്തില്‍ അറിഞ്ഞ് പറയണമായിരുന്നു. ആന്‍ജിയോപ്ലാസ്റ്റി എന്നൊരു വിഷയത്തില്‍ മാത്രം വിമര്‍ശനം നടത്താതെ പൊതുവായി ആരോഗ്യമേഖലയിലെ കാര്യങ്ങള്‍ വെച്ച് സംസാരിക്കണമായിരുന്നു. അതുകൊണ്ടാണ് ഈ ഒരു വിഷയം മാത്രം സോഷ്യല്‍ മീഡിയ എടുത്ത് ചര്‍ച്ച ചെയ്തത്. ഞാന്‍ പറഞ്ഞില്ലേ, രാഷ്ട്രീയക്കാര്‍ പ്രസംഗിക്കുമ്പോള്‍ ഒരു ഒഴുക്കിലങ്ങനെ ഓരോന്ന് പറയും... അങ്ങിനെ കണ്ടാല്‍ മതി ഇതും...

The statement of V. D. Satheesan needs only to be viewed as a political speech, said cardiologist Jose Chacko Periappuram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

അഗാര്‍ക്കറുടെ 'നോ', നാല് വര്‍ഷം നീണ്ട കാത്തിരിപ്പ്; ഒടുവില്‍ തിരിച്ചെത്തി ഭുവനേശ്വര്‍

ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും കടുത്ത പ്രതിഷേധം, രാഹുല്‍ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍, കേരളത്തിന് എയിംസ് പരിഗണനയിലില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ചരിത്രം താങ്കളോട് നീതി പുലര്‍ത്തും'; അജിത് അഗാര്‍ക്കറെ പ്രകീര്‍ത്തിച്ച് ഗംഭീര്‍

രഞ്ജി ട്രോഫി: വിഷ്ണു വിനോദ് കേരള ടീം നീയകൻ; ഝാർഖണ്ഡിനെതിരായ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു