പത്തനംതിട്ട: അയ്യപ്പ വിഗ്രഹത്തില്‍ മണ്ഡലപൂജയ്ക്കു ചാര്‍ത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നു പുറപ്പെട്ടു. ആനക്കൊട്ടിലില്‍ തങ്ക അങ്കി ദര്‍ശനം നടന്നു. പ്രത്യേകം തയാറാക്കിയ രഥത്തില്‍ പൊലീസിന്റെ സുരക്ഷാ അകമ്പടിയോടെ ആറന്മുള കിഴക്കേ നടയില്‍ നിന്നായിരുന്നു ഘോഷയാത്രയ്ക്ക് തുടക്കം.
വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണങ്ങള്‍ നല്‍കി. ഓമല്ലൂര്‍ രക്തകണ്ഠസ്വാമി ക്ഷേത്രത്തില്‍ ആദ്യ ദിവസ യാത്ര അവസാനിപ്പിക്കും. നാളെ രാവിലെ എട്ടിനു വീണ്ടും പുറപ്പെടും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, അംഗങ്ങളായ എ അജികുമാര്‍, ജി സുന്ദരേശന്‍, ജില്ലാ പൊലീസ് മേധാവി വി ജി വിനോദ് കുമാര്‍, ദേവസ്വം കമ്മീഷണര്‍ സി വി പ്രകാശ്, മുന്‍ എംഎല്‍എ മാലേത്ത് സരളാദേവി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കൊടുന്തറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, അഴൂര്‍ ജംക്ഷന്‍, പത്തനംതിട്ട ഊരമ്മന്‍കോവില്‍, പത്തനംതിട്ട ശാസ്താക്ഷേത്രം, കരിമ്പനയ്ക്കല്‍ ദേവീക്ഷേത്രം, ശാരദാമഠം, മുണ്ട് കോട്ടയ്ക്കല്‍ എസ്എന്‍ഡിപി മന്ദിരം, കടമ്മനിട്ട ഭഗവതി ക്ഷേത്രം, കടമ്മനിട്ട ഋഷികേശ ക്ഷേത്രം, കോട്ടപ്പാറ കല്ലേലിമുക്ക്, പേഴുംകാട് എസ്എന്‍ഡിപി മന്ദിരം, മേക്കൊഴൂര്‍ ക്ഷേത്രം, മൈലപ്ര ഭഗവതി ക്ഷേത്രം, കുമ്പഴ ജംങ്ഷന്‍, പാലമറ്റൂര്‍ അമ്പലമുക്ക്, പുളിമുക്ക്, വെട്ടൂര്‍ മഹാവിഷ്ണു ക്ഷേത്ര ഗോപുരപ്പടി, ഇളകള്ളൂര്‍ മഹാദേവ ക്ഷേത്രം, ചിറ്റൂര്‍ മുക്ക്, കോന്നി ടൗണ്‍, കോന്നി ചിറക്കല്‍ ക്ഷേത്രംവഴി കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലെത്തി വിശ്രമം. 24ന് ചിറ്റൂര്‍ മഹാദേവക്ഷേത്രം, അട്ടച്ചാക്കല്‍, വെട്ടൂര്‍ ക്ഷേത്രം, മൈലാടുംപാറ, കോട്ടമുക്ക്, മലയാലപ്പുഴ ക്ഷേത്രം, മലയാലപ്പുഴ താഴം, മണ്ണാറക്കുളഞ്ഞി ക്ഷേത്രം, തോട്ടമണ്‍കാവ് ക്ഷേത്രം, റാന്നി രാമപുരം ക്ഷേത്രം, ഇടക്കുളം ശാസ്താക്ഷേത്രം, വടശ്ശേരിക്കര ചെറുകാവ്, വടശ്ശേരിക്കര പ്രയാര്‍ മഹാവിഷ്ണു ക്ഷേത്രം, മാടമണ്‍ ക്ഷേത്രം വഴി പെരുന്നാട് ശാസ്താ ക്ഷേത്രത്തില്‍ വിശ്രമിക്കും.
25ന് ളാഹ സത്രം, പ്ലാപ്പള്ളി, നിലയ്ക്കല്‍ ക്ഷേത്രം, ചാലക്കയം വഴി ഉച്ചയ്ക്ക് 1.30ന് പമ്പയില്‍ എത്തിച്ചേരും. പമ്പയില്‍നിന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പുറപ്പെട്ട് വൈകിട്ട് അഞ്ചോടുകൂടി ശരം കുത്തിയില്‍ എത്തി ക്ഷേത്രത്തില്‍നിന്ന് ആചാരപൂര്‍വം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. വൈകിട്ട് 6.15 ന് സന്നിധാനത്ത് എത്തി 6.30 ന് തങ്ക അങ്കി അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന. 26 ന് മണ്ഡലപൂജ. തങ്ക അങ്കി ഘോഷയാത്ര 25ന് വൈകിട്ട് സന്നിധാനത്ത് എത്തിച്ചേരുന്ന സാഹചര്യത്തില്‍ തീര്‍ഥാടകരെ പമ്പയില്‍നിന്നു വൈകിട്ട് അഞ്ചിനു ശേഷം നിയന്ത്രണങ്ങള്‍ ഒഴിവാക്കി സന്നിധാനത്തേക്ക് കയറ്റിവിടും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates