കൊച്ചി: ദേശീയ പണിമുടക്ക് ഒരു ദിവസം പിന്നിടുമ്പോള്‍ സംസ്ഥാനത്ത് സമ്മിശ്ര പ്രതികരണം. എറണാകുളം ജില്ലയില്‍ നാളെ കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍ അറിയിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ഉള്‍പ്പെടെ അഞ്ചു സംഘടനകളാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. കൊച്ചിയില്‍ തീയേറ്ററുകള്‍ തുറന്നു. സിനിമാ പ്രദര്‍ശനം ആരംഭിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ ജീവനക്കാര് ജോലിക്ക് ഹാജരാകണം
അതേസമയം, സര്‍ക്കാര്‍ ജീവനക്കാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന് കാണിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ചീഫ് സെക്രട്ടറിയുടെതാണ് ഉത്തരവ്. ജോലിക്ക് ഹാജരാകാത്തവര്‍ക്ക് ഡയസ്നോണ്‍ ബാധകമാണെന്നും അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ ലീവ് എടുക്കരുതെന്നും ചീഫ് സെക്രട്ടറി ഉത്തരവില്‍ പറയുന്നു.
ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നത് നിയമവിരുദ്ധമെന്ന് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി.
കോഴിക്കോട് പെട്രോള്‍ പമ്പുകള്‍ തുറക്കാന്‍ നിര്‍ദേശം
കോഴിക്കോട് പെട്രോള്‍ പമ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. തുറക്കുന്ന പമ്പുകള്‍ക്ക് സംസുരക്ഷ ഒരുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി. ദേശീയ പണിമുടക്ക് അവശ്യ സര്‍വിസായ ആംബുലന്‍സുകളെയും മറ്റ് അത്യാവശ്യ സര്‍വിസ് നടത്തുന്ന വാഹനങ്ങളെയും ബാധിക്കാതിരിക്കാനാണ് കലക്ടര്‍ ഉത്തരവിട്ടത്. പണിമുടക്കിനെ തുടര്‍ന്ന് ആംബുലന്‍സ് ഉള്‍പ്പെടെ രോഗികളുമായി പോകുന്ന വാഹനങ്ങള്‍ക്കും മറ്റ് അത്യാവശ്യ സര്‍വിസ് നടത്തുന്ന വാഹനങ്ങള്‍ക്കും ഡീസലും പെട്രോളും ലഭിക്കാത്ത സാഹചര്യമുണ്ടെന്ന കലക്ടര്‍ ചൂണ്ടിക്കാട്ടി.
മനുഷ്യത്വപരമായ സമീപനത്തോടെ ആംബുലന്‍സുകള്‍ക്കും ഇതര അവശ്യ സര്‍വിസ് വാഹനങ്ങള്‍ക്കും ഇന്ധനം നല്‍കാന്‍ പെട്രോള്‍ പമ്പുടമകള്‍ സഹകരിക്കണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates