പത്തനംതിട്ട: മണ്ഡല മകരവിളക്കു തീര്‍ഥാടനത്തിനു സമാപനം കുറിച്ച് റാന്നി പെരുനാട് കക്കാട്ട് കോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍ ഇന്ന് തിരുവാഭരണം ചാര്‍ത്ത് ഉത്സവം. മകരസംക്രമ സന്ധ്യയില്‍ ശബരിമലയിലെ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തിയ തിരുവാഭരണമാണ് പന്തളത്തേക്കുള്ള മടക്കയാത്രയില്‍, സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന കക്കാട്ട് കോയിക്കല്‍ ക്ഷേത്രത്തിലും ചാര്‍ത്തുന്നത്.
യുവതികള്‍ക്കു ശബരിമലയില്‍ പ്രവേശനമില്ലാത്തതിനാല്‍ അവര്‍ക്ക് തിരുവാഭരണം ചാര്‍ത്തിയ അയ്യപ്പദര്‍ശനം നടത്താനാവുന്നത് ശബരിമലയുടെ മൂലക്ഷേത്രമായ പെരുനാട് കക്കാട്ട് കോയിക്കലാണ്. മറ്റു ജില്ലകളില്‍നിന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നും സ്ത്രീകള്‍ ഇവിടെയെത്താറുണ്ട്. അതുകൊണ്ടാണ് സ്ത്രീകളുടെ ശബരിമല എന്ന്് ഈ ക്ഷേത്രം അറിയപ്പെടുന്നത്. പന്തളം രാജാവ് പെരുനാട്ടില്‍ താമസിച്ചാണ് ശബരിമല ക്ഷേത്രം പണിതത്. പെരുനാട്ടിലെ പ്രധാന കുടുംബങ്ങളെല്ലാം ക്ഷേത്ര നിര്‍മാണത്തില്‍ രാജാവിനൊപ്പമുണ്ടായിരുന്നു.
ശബരിമലയില്‍നിന്ന് ഇന്നലെ പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര വൈകിട്ട് ളാഹ വനം സത്രത്തിലാണ് വിശ്രമിച്ചത്. ഇന്നു പുലര്‍ച്ചെ അവിടെനിന്നു പുറപ്പെട്ട് പരമ്പരാഗത തിരുവാഭരണ പാതയിലൂടെ മഠത്തുംമൂഴി സ്രാമ്പിക്കല്‍ വീട്ടിലെത്തും. അവിടെ പ്രത്യേക മണ്ഡപത്തില്‍ ഇറക്കി വയ്ക്കുന്ന തിരുവാഭരണ പേടകങ്ങള്‍ക്കു മുന്നില്‍ ഭക്തര്‍ക്കു വഴിപാടുകള്‍ സമര്‍പ്പിക്കാം. 9 മണിയോടെ ഘോഷയാത്ര ക്ഷേത്രത്തിലെത്തും. രാവിലെ 11.30 ന് തിരുവാഭരണം അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തും. പുലര്‍ച്ചെ 2 വരെ ദര്‍ശനമുണ്ടാകും. തുടര്‍ന്ന് പന്തളത്തേക്കു യാത്ര ആരംഭിക്കും. നാളെ ആറന്മുമുളയിലാണു വിശ്രമം. 23 ന് രാവിലെ പന്തളത്തു മടങ്ങിയെത്തും. ശബരിമലയും പന്തളം വലിയകോയിക്കല്‍ ശാസ്താ ക്ഷേത്രവും കഴിഞ്ഞാല്‍ പെരുനാട് ക്ഷേത്രത്തില്‍ മാത്രമാണ് തിരുവാഭരണം ചാര്‍ത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates