തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ മെട്രോ റെയില്‍ പദ്ധതിയുടെ നിര്‍മാണം രണ്ടര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും 8,000 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നതെന്നും നടത്തിപ്പിന്റെ ചുമതലയുള്ള കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) എംഡി ലോക്നാഥ് ബെഹ്റ. തിരുവനന്തപുരം മെട്രോ ആദ്യഘട്ട അലൈന്‍മെന്റിന് അംഗീകാരം ലഭിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ലോക്‌നാഥ് ബെഹ്റ. തിരുവനന്തപുരം മെട്രോയുമായി ബന്ധപ്പെട്ട് യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ എത്തിയതാണ് ലോക്‌നാഥ് ബെഹ്‌റ.
അടുത്താഴ്ച തിരുവനന്തപുരത്ത് എത്തി കാര്യങ്ങള്‍ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. അലൈന്‍മെന്റ് മാറ്റമുള്ളതു കൊണ്ടു മുന്‍പ് തയാറാക്കിയ ഡിപിആറില്‍ കുറച്ചു മാറ്റങ്ങള്‍ ആവശ്യമാണ്. അക്കാര്യം ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡിഎംആര്‍സി) എംഡിയുമായി സംസാരിച്ചു. ഒന്നരമാസത്തിനുള്ളില്‍ അവര്‍ ഡിപിആര്‍ തയാറാക്കി നല്‍കും. തുടര്‍ന്ന് ഡിപിആര്‍ മന്ത്രിസഭയുടെ അനുമതിക്കു സമര്‍പ്പിക്കും. അതിനു ശേഷം കേന്ദ്രാനുമതി വേണം. കേന്ദ്രമന്ത്രിസഭയുടെ അനുമതി ലഭിച്ച ശേഷം മാത്രമേ നിര്‍മാണം ആരംഭിക്കാന്‍ കഴിയൂ. ആറു മാസം കൊണ്ട് ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
കൊച്ചി മെട്രോ മാതൃകയില്‍ തന്നെ നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. അന്തിമ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണ്. 8,000 കോടിയോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത് (കിലോമീറ്ററിന് 250 കോടി). ഇതിന്റെ 20 ശതമാനം സംസ്ഥാന സര്‍ക്കാരും 20 ശതമാനം കേന്ദ്രസര്‍ക്കാരും വഹിക്കും. ബാക്കി 60 ശതമാനം വായ്പ എടുക്കും. ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെ പ്രശ്നങ്ങള്‍ ഉണ്ടായില്ലെങ്കില്‍ രണ്ടര വര്‍ഷത്തിനുള്ളില്‍ പദ്ധതി നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയും. 2029ന് മുന്‍പ് അതിനു കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരത്തെ ഭൂമിയുടെ അവസ്ഥ അനുസരിച്ച് നിര്‍മാണത്തിനു വലിയ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നു തോന്നുന്നില്ലെന്നും ബെഹ്‌റ പറഞ്ഞു.
ആറ്റിങ്ങല്‍ വരെയും നെയ്യാറ്റിന്‍കര വരെയും വികസിപ്പിക്കാവുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. വിഴിഞ്ഞം വരെയും വെള്ളായണി വരെയും കൊണ്ടുപോകാം. നല്ല രീതിയില്‍ യാത്രക്കാര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊച്ചിയില്‍ 25 സ്റ്റേഷനില്‍ 16 ഇടത്തു മാത്രമേ പാര്‍ക്കിങ് സൗകര്യമുള്ളു. എന്നാല്‍ തിരുവനന്തപുരത്ത് എല്ലാ സ്റ്റേഷനിലും പാര്‍ക്കിങ് ഒരുക്കാനാണ് ശ്രമിക്കുന്നത്. ഫീഡര്‍ സൗകര്യങ്ങളും ഫലപ്രദമായി നടപ്പാക്കുമെന്നും ലോക്നാഥ് ബെ്ഹറ പറഞ്ഞു.
11 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഇന്നലെയാണ് ആദ്യഘട്ട അലൈന്‍മെന്റിനു മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകാരം നല്‍കിയത്. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫെയ്സുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡ്, തിരുവനന്തപുരം നോര്‍ത്ത്- സെന്‍ട്രല്‍ സ്റ്റേഷനുകള്‍, സെക്രട്ടേറിയറ്റ്, മെഡിക്കല്‍ കോളജ് എന്നിവയെ ബന്ധിപ്പിക്കുന്നതാണ് ഒന്നാംഘട്ട അലൈന്‍മെന്റ്. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) ആണ് പദ്ധതി നടപ്പാക്കുക. പാപ്പനംകോടുനിന്ന് ആരംഭിച്ച് കിള്ളിപ്പാലം, പാളയം, ശ്രീകാര്യം, കഴക്കൂട്ടം, ടെക്നോപാര്‍ക്ക്, കൊച്ചുവേളി, വിമാനത്താവളം വഴി ഈഞ്ചയ്ക്കലില്‍ അവസാനിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates