High Speed Rail എഐ ഇമേജ്‌
Kerala

തിരുവനന്തപുരം - കോഴിക്കോട് രണ്ടര മണിക്കൂര്‍; കൊച്ചി വരെ 80 മിനിറ്റ്; ഓരോ അഞ്ച് മിനിറ്റിലും ട്രെയിനുകള്‍; അതിവേഗ റെയില്‍ പദ്ധതി വിശദീകരിച്ച് ഇ ശ്രീധരന്‍

ട്രെയിനില്‍ എട്ടുകോച്ചുകളാണ് ഉണ്ടാകുക. 560 യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അതിവേഗ റെയില്‍ പാത വരുന്നതോടെ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് എത്താന്‍ വേണ്ടി വരുന്ന സമയം മൂന്നേകാല്‍ മണിക്കൂറെന്ന് മെട്രോ മാന്‍ ഇ ശ്രീധരന്‍. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് വേണ്ടിവരുന്ന സമയം ഒരു മണിക്കൂറും ഇരുപത് മിനിറ്റുമാണ്. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെ എത്താനെടുക്കുന്ന സമയം രണ്ടര മണിക്കൂറാണ്. അഞ്ചുമിനിട്ട് കൂടുമ്പോള്‍ ട്രെയിനുണ്ടാകും. ഒരുലക്ഷംകോടി രൂപ ചെലവു വരുമെന്നും ഇ ശീധരന്‍ മലപ്പുറത്ത് പറഞ്ഞു. തുടക്കത്തില്‍ തിരുവന്തപുരം മുതല്‍ കണ്ണൂര്‍ വരെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ആവശ്യമെങ്കില്‍ കാസര്‍കോട്ടേക്കും മംഗലാപുരം, മുംബൈ വരെ നീട്ടാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ട്രെയിനില്‍ എട്ടുകോച്ചുകളാണ് ഉണ്ടാകുക. 560 യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയും. നിന്ന് യാത്ര ചെയ്യാന്‍ അനുമതി ഉണ്ടാകില്ല. ട്രെിയന്‍ കോച്ചുകളുടെ എണ്ണം 12, 16 എന്നിങ്ങനെ ഉയര്‍ത്താന്‍ കഴിയും. പരമാവധി കോച്ചുകളുടെ എണ്ണം 16 ആയിരിക്കുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു. ഒരു കിലോമീറ്ററിന് ആകെ ചെലവ് വരിക 200 കോടിയാണ്. മണിക്കൂറില്‍ വേഗം 200 കിലോമീറ്റര്‍ ആയിരിക്കും.

ബിസിനസ്, ഫസ്റ്റ് ക്ലാസ്, ജനറല്‍ കോച്ചുകളുണ്ടാകും. നാലുവര്‍ഷത്തിനകം പദ്ധതി തീര്‍ക്കാനാവുമെന്നും മലപ്പുറം, കൊട്ടാരക്കര പോലെ റെയില്‍ ഇല്ലാത്തിടത്തും എത്താമെന്നും ഇ ശ്രീധരന്‍ പറഞ്ഞു. സ്റ്റേഷനുകള്‍: തിരുവനന്തപുരം സെന്‍ട്രല്‍, എയര്‍പോര്‍ട്ട്, വര്‍ക്കല, കൊല്ലം, കൊട്ടാരക്കര, അടൂര്‍, ചെങ്ങന്നൂര്‍, കോട്ടയം, വൈക്കം, എറണാകുളം, (ബൈപ്പാസ് -പാലാരിവട്ടം), ആലുവ, നെടുമ്പാശേരി, തൃശൂര്‍ , കുന്നംകുളം, എടപ്പാള്‍, തിരൂര്‍, മലപ്പുറം, കരിപ്പൂര്‍, കോഴിക്കോട്, തലശേരി, കണ്ണൂര്‍ എന്നിങ്ങനെയാണ്.

സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ച സില്‍വര്‍ലൈന്‍ പദ്ധതി പ്രായോഗികമല്ലെന്നും അതിനു പകരമായി കേരളത്തിന് അനുയോജ്യമായ മറ്റൊരു അതിവേഗ റെയില്‍ പാതയാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. സില്‍വര്‍ലൈന്‍ പദ്ധതിക്ക് ബദലായി കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ ഹൈസ്പീഡ് റെയില്‍ പദ്ധതിയാണിത്. പദ്ധതിയുടെ വിശദമായ പദ്ധതി രേഖ (ഡിപിആര്‍) തയാറാക്കുന്നതിനുള്ള ചുമതല ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന് (ഡിഎംആര്‍സി) നല്‍കി കഴിഞ്ഞു. ഒമ്പത് മാസത്തിനുള്ളില്‍ പദ്ധതിയുടെ ഡിപിആര്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി പൊന്നാനിയില്‍ ഡിഎംആര്‍സിയുടെ ഓഫിസ് പ്രവര്‍ത്തനം രണ്ടാം തീയതി മുതല്‍ ആരംഭിക്കും.

സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ ഉയര്‍ന്ന പ്രധാന വെല്ലുവിളിയായ ഭൂമി ഏറ്റെടുക്കല്‍ പ്രശ്‌നം പുതിയ പദ്ധതിയില്‍ ഉണ്ടാകില്ല. തൂണുകളിലൂടെയും തുരങ്കങ്ങളിലൂടെയും പോകുന്നതിനാല്‍ വളരെ കുറച്ചു സ്ഥലം മാത്രമേ ഏറ്റെടുക്കേണ്ടി വരൂ. സില്‍വര്‍ലൈന്‍ പദ്ധതിക്ക് ആവശ്യമായിരുന്നതിന്റെ മൂന്നിലൊന്ന് സ്ഥലം മതിയാകും. അതിനാല്‍ തന്നെ ജനസാന്ദ്രത ഏറിയ കേരളത്തില്‍ ഭൂമി ഏറ്റെടുക്കല്‍ വലിയ പ്രതിസന്ധിയാകില്ല. പുതിയ ഡിപിആര്‍ പ്രകാരം അത്തരം ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും ഭൂമി ഏറ്റെടുക്കല്‍ പരമാവധി കുറച്ചുകൊണ്ടുള്ള രൂപരേഖയാണ് തയാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

യാത്ര ചെലവ് കുറയുക, അപകടങ്ങള്‍ കുറയുക, പരിസ്ഥിതി മലിനീകരണം ഇല്ലാതാകുക തുടങ്ങിയവയാണ് പദ്ധതിയുടെ പ്രധാന നേട്ടങ്ങള്‍. നിലവിലുള്ള റെയില്‍വേ പാതയുമായി ഈ പുതിയ പാതയ്ക്ക് ബന്ധമുണ്ടാകില്ല. സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും യോജിച്ച് പ്രവര്‍ത്തിക്കുകയാണെങ്കില്‍ നാലുവര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് ഇ ശ്രീധരന്‍ വ്യക്തമാക്കി.

Thiruvananthapuram to Kannur in 3.15 hours: Metro Man E. Sreedharan on High-Speed Rail's impact

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എന്തുകൊണ്ട് കേരളം ഗുജറാത്ത് ആയിക്കൂടാ?; എന്‍ഡിഎയില്‍ ചേര്‍ന്നത് കേരളത്തിന്റെ വികസനം ലക്ഷ്യമിട്ട്: സാബു എം ജേക്കബ്

ക്യാപ്റ്റനായി തിരിച്ചെത്തി; 0, 14, ബാറ്റിങ് പാളി; ടീമിന് കനത്ത തോല്‍വിയും; ഗില്ലിന് നിരാശ മാത്രം

LSGD| ആസൂത്രണ വകുപ്പിൽ ഒഴിവുകൾ: എൻജിനിയറിങ് സർട്ടിഫിക്കറ്റ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ളവർക്ക് അപേക്ഷിക്കാം

20 കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ക്രിസ്മസ് -പുതുവത്സര ബമ്പര്‍ ഫലം പ്രഖ്യാപിച്ചു

ഓസീസിന് എതിരായ ടെസ്റ്റ് ; ഹർമൻപ്രീത് കൗർ ഇന്ത്യയെ നയിക്കും

SCROLL FOR NEXT