ടിപി ചന്ദ്രശേഖരന്‍  ഫയല്‍
Kerala

'കൈലി മുണ്ട് ഉടുത്ത് മഴു കൈയില്‍ എടുത്തുപോയി, മുടക്കോഴിമലയില്‍ മഴയായിരുന്നത് കൊണ്ട് പട്ടിക്കും പണിയൊത്തില്ല; കുടില്‍ വളഞ്ഞ് പ്രതികളെ പിടികൂടി'- വിഡിയോ

ടി പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണവും പ്രതികളെ പിടികൂടിയ വിധവും വിവരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സ്പീക്കറുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണവും പ്രതികളെ പിടികൂടിയ വിധവും വിവരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സ്പീക്കറുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ടി പി ചന്ദ്രശേഖരന്‍ കൊലപാതകം നടന്ന സമയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആയിരുന്നു ആഭ്യന്തരമന്ത്രി. ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടു എന്ന വിവരം പൊലീസ് ഉദ്യോഗസ്ഥന്‍ ഫോണില്‍ വിളിച്ച് പറയുമ്പോള്‍ താന്‍ സത്യത്തില്‍ ഞെട്ടിപ്പോയി. തനിക്ക് നന്നായി അറിയാവുന്ന ആളായിരുന്നു ടി പി ചന്ദ്രശേഖരന്‍. ഏത് ക്രൈമിനും ഒരു ഗോള്‍ഡന്‍ ടൈം ഉണ്ട്. ആ സമയത്ത് അന്വേഷണം വേഗത്തിലാക്കിയത് കൊണ്ടാണ് പ്രതികളെ പിടികൂടാന്‍ സാധിച്ചതെന്നും ചെറിയ തെളിവുകള്‍ ഉപയോഗിച്ച് കേസിന്റെ ചുരുളഴിച്ച ഉദ്യോഗസ്ഥരെ മറക്കാന്‍ പറ്റില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍.

'ഒന്നാമത്തെ അധ്യായം പ്രതികളെ പിടിച്ചോ ഇല്ലയോ എന്നാണ്. തിരുവനന്തപുരത്ത് നിന്ന് പോയി. പിറ്റേദിവസം നിയോജകമണ്ഡലത്തില്‍ ഒരു പരിപാടി ഉണ്ടായിരുന്നു. വീട്ടില്‍ ചെന്നപ്പോള്‍ രാത്രി 10.10ന് ഒരു കോള്‍ വന്നു. ടിപി ചന്ദ്രശേഖരനെ വധിച്ചു എന്ന ആദ്യ വിവരമായിരുന്നു അത്. ഞാന്‍ തന്നെ സത്യത്തില്‍ ഞെട്ടിപ്പോയി. എനിക്ക് അദ്ദേഹത്തെ നന്നായി അറിയുന്ന ആളാണ്. എന്തു ചെയ്യണം സാര്‍ എന്ന് പൊലീസുകാരന്‍ ചോദിച്ചു. ഏത് ക്രൈമിനും ഒരു ഗോള്‍ഡന്‍ ടൈം ഉണ്ട്. ആ സമയം കഴിഞ്ഞാല്‍ പ്രതിയെ പോലും കിട്ടില്ല. ആസൂത്രിതമായി ചെയ്ത കൊലപാതകമാണെങ്കില്‍ പ്രതിയെ ഒരിക്കലും കിട്ടില്ല. അത് അതിന്റെ വഴിക്ക് പോകും. വണ്ടിയുടെ നിറം പറഞ്ഞു. ഇതാണ് ഷെയ്പ്പ് എന്ന് പറഞ്ഞു. ഉടന്‍ തന്നെ ഞാന്‍ ഹൈവേ ബ്ലോക്ക് ചെയ്യാന്‍ പറഞ്ഞു. ഉടന്‍ തന്നെ കാറില്‍ കയറി ഞാന്‍ കോഴിക്കോട് പോയി. വെളുപ്പിന് നാലര മണിയോടെയാണ് ഞാന്‍ അവിടെ എത്തുന്നത്. അതിനിടെ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ കഴിയാത്ത വിധം ഹൈവേ ബ്ലോക്ക് ചെയ്തു. ഇതോടെ ക്രിമിനല്‍ ആക്ടിവിറ്റിക്ക് ഉപയോഗിച്ച വണ്ടിക്ക് മുന്നോട്ടുപോകാന്‍ പറ്റിയില്ല. പിന്നീട് വണ്ടി പിടിച്ചു.'- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

' പരിശോധനയില്‍ വണ്ടിയില്‍ രക്തക്കറ കണ്ടെത്തി. വണ്ടി പരിശോധിച്ചപ്പോള്‍ രണ്ട് തെളിവ് കിട്ടി. ഒരു കൈച്ചെയിനും ഒരു ടെലിഫോണ്‍ നമ്പറും. വണ്ടിയോടിച്ച ആളിന്റെയായിരിക്കണം കൈച്ചെയിന്‍. ഈ വണ്ടി റെന്റ് എ കാര്‍ ആയി എടുത്തതാണ്. റെന്റ് എ കാറില്‍ പേര് രേഖപ്പെടുത്തിയിരിക്കുന്നത് ആരുടേതാണ് എന്ന് മനസിലായി. ടെലിഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷിച്ചപ്പോള്‍ കൃത്യം ചെയ്തത് ആരാണ് എന്ന് അറിയാനുള്ള ഒരു സൂചന ലഭിച്ചു. അവിടെ നിന്ന് തുടങ്ങിയ അന്വേഷണമാണ് ഈ നിലയിലേക്ക് എത്തിയത്. ചെറിയ തെളിവുകള്‍ ഉപയോഗിച്ച് കേസിന്റെ ചുരുളഴിച്ച ഉദ്യോഗസ്ഥരെ മറക്കാന്‍ പറ്റുമോ. മുടക്കോഴിമലയിലാണ് ഇവര്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. പാര്‍ട്ടി ഗ്രാമമാണ്. പൊലീസുകാര്‍ക്ക് നേരെ അവിടെ കയറാന്‍ പറ്റില്ല. അവിടെ മരംവെട്ടുണ്ട്. അതുകൊണ്ട് സംശയം തോന്നാതിരിക്കാന്‍ കൈലി മുണ്ട് ഉടുത്ത് തോര്‍ത്ത് തലയില്‍ കെട്ടി മഴു കൈയില്‍ എടുത്ത് അവിടേക്ക് പോയി. അവിടെ എത്തിയപ്പോള്‍ ആരെയും കാണാനില്ല. പുറത്ത് ഒരു പട്ടിയെ കെട്ടിയിട്ടിട്ടുണ്ട്. പട്ടി കുരയ്ക്കും അപ്പോള്‍ അകത്തുള്ളവന്‍ അറിയും. അപ്പോള്‍ അവര്‍ക്ക് റിയാക്ട് ചെയ്യാം. അവിടെ മഴയായിരുന്നത് കൊണ്ട് പട്ടിക്കും പണിയൊത്തില്ല. മഴയുടെ ശബ്ദം കാരണം കുരച്ചാലും കേള്‍ക്കില്ല. എന്നിട്ട് കുടില്‍ വളഞ്ഞാണ് പ്രതികളെ പിടികൂടിയത്.കേരള പൊലീസിന്റെ അന്വേഷണ ചരിത്രത്തില്‍ ഇത്രയും സാഹസികമായി പ്രതികളെ ഇതിന് മുന്‍പ് പിടികൂടിയിട്ടുണ്ടോ? കൊടി സുനിയെ പോലെയുള്ളവരെയാണ് പിടികൂടിയത്. ഉദ്യോഗസ്ഥര്‍ അഭിനന്ദനം അര്‍ഹിക്കുന്നു.'- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിവരിച്ചു.

Thiruvanchoor Radhakrishnan described the investigation into the TP Chandrasekharan murder case and how the accused were arrested

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടിപി കേസ്: ആളുകള്‍ പലതും പറയും, ഗൂഢാലോചനാ വാദത്തിന് ഒരു തെളിവുമില്ല: തിരുവഞ്ചൂര്‍- വിഡിയോ

'എപ്പോഴും ഡിക്ഷ്ണറി നോക്കി സംസാരിക്കാൻ പറ്റുമോ? ട്രോളൻമാർ ആ പണി തുടരട്ടെ'

'എന്റെ കുട്ടിയുടെ ശരീരം കീറിമുറിച്ചുള്ള പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ?' വെര്‍ച്വല്‍ ഓട്ടോപ്‌സിയുമായി ഫോറസിക് വിദഗ്ധര്‍

തത്കാൽ ടിക്കറ്റിംഗ് ഒരു ചതിക്കുഴിയോ? റെയിൽവേ ടിക്കറ്റുകൾ കൺഫേം ചെയ്യാൻ ആരും പറയാത്ത രഹസ്യങ്ങൾ ഇതാ

വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആകാം; ഡിപ്ലോമ യോഗ്യത, നിരവധി ഒഴിവുകൾ, അവസാന തീയതി ജൂലൈ 1

SCROLL FOR NEXT