K S Ratheesh facebook
Kerala

'ചാറ്റ് ബോട്ടുകള്‍ വിജ്ഞാനം നല്‍കുന്ന കാലമാണ്, ഇനിയും പരിഹാസ്യ ബിരുദങ്ങള്‍ നേടാതിരിക്കട്ടെ'; ബാറില്‍ ജോലി ചെയ്ത അനുഭവം പറഞ്ഞ് കെ എസ് രതീഷ്

തൂഫാന്‍ ഉള്‍പ്പെടെ ലഹരി വിമോചന ചിന്തകള്‍ ഈ വര്‍ഷം സ്‌കൂളില്‍ പകരേണ്ട തനിക്ക് അതിന് മതിയായ യോഗ്യതയുണ്ടോ എന്നതാണ് അദ്ദേഹം ചോദിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

കൊച്ചി: ലഹരിക്കേസില്‍ അധ്യാപകര്‍ അറസ്റ്റിലായതോടെ എല്ലാവരിലും ആശങ്കയുണ്ടാക്കുന്ന ചോദ്യങ്ങള്‍ ഉയരുകയാണ്. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നല്ലാതെ ഇതാദ്യമായാണ് ഒരു ശൃംഖല പോലെ അധ്യാപകര്‍ മയക്കു മരുന്ന് കേസില്‍ പ്രതികളാകുന്നത്. ഇതോടെ അധ്യാപകരെ നോക്കി പലരും നിങ്ങളിലുമുണ്ടല്ലേ എന്ന ചോദ്യം ഉയര്‍ത്തുകയാണ്. ഇത്തരമൊരു അനുഭവവം പറയുകയാണ് ചെറുകഥാകൃത്തും അധ്യാപകനുമായ കെ എസ് രതീഷ്. സ്‌കൂളിലെ വിമുക്തി ക്ലബ് ചാര്‍ജുള്ള മാഷെന്ന നിലയില്‍ തൂഫാന്‍ ഉള്‍പ്പെടെ ലഹരി വിമോചന ചിന്തകള്‍ ഈ വര്‍ഷം സ്‌കൂളില്‍ പകരേണ്ട തനിക്ക് അതിന് മതിയായ യോഗ്യതയുണ്ടോ എന്നതാണ് അദ്ദേഹം ചോദിക്കുന്നത്. പഠിച്ച് അധ്യാപകനായതിന്റെ പിന്നിലെ കഥയും അദ്ദേഹം വിവരിക്കുന്നു.

ചാറ്റ് ബോട്ടുകള്‍ ഭംഗിയായി വിജ്ഞാനം ചെയ്യാനൊരുങ്ങുന്ന കാലത്ത് നിലവിലുള്ള ചീത്തപ്പേരുകള്‍ നിന്നോട്ടെ ഇനിയും കൂടുതല്‍ പരിഹാസ്യ ബിരുദങ്ങള്‍ നേടാതിരിക്കട്ടെയും കെ എസ് രതീഷിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. അധ്യാപകനാകുന്നതിനായി ബാറില്‍ ജോലിക്ക് പോയ പഴയ കാല അനുഭവവും അദ്ദേഹം പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

കെ.എസ്‌ രതീഷ് എം ഡി അല്ലാത്ത എം.എ ബി എഡ്....

മൂന്ന് സ്‌പെഷ്യൽ അദ്ധ്യാപകർ രാസലഹരിയുടെ ഇടപാടിൽ അറസ്‌റ്റിലായിരിക്കുന്നു.എന്റെ പങ്കാളി മുതൽ ക്ലാസ് മുറിയിലെ കുട്ടികൾ വരെ നിങ്ങളുടെ കൂട്ടത്തിൽ ‘ഇതാ ചിലർ’ എന്ന കളിയാക്കലുകൾ തുടരുന്നു. ചാനലുകളിൽ മസാല പുരട്ടിയ കഥകൾ കണക്കെ വിവരണങ്ങളും.സ്‌കൂളിലെ വിമുക്തി ക്ലബ്ബ് ചാർജ്ജുള്ള മാഷെന്ന നിലയിൽ തൂഫാൻ ഉൾപ്പെടെ ലഹരി വിമോചന ചിന്തകൾ ഈ വർഷം സ്‌കൂളിൽ പകരേണ്ടത് ഞാനാണ്. എനിക്കതിന് മതിയായ യോഗ്യതയുണ്ടോ....?

ബി.എഡ് പഠിക്കാൻ കൂട്ടിവച്ചിരുന്ന കാശിലെ 80%വും ഒരു ലോഡ്ജുടമയും പോലീസുകാരനും കൂടെ പിടിച്ചു വാങ്ങി. അതിന്റെ കാരണം ചോദിക്കരുത്.എന്റെ മാളം (ഡിസി ബുക്സ്)എന്ന പുസ്തകത്തിൽ പാലം എന്നൊരു കഥയുണ്ട് അത് വായിച്ചാൽ എന്റെ കുമ്പസാരം കിട്ടും...

ബാക്കിയുള്ള 16,700 രൂപയും കൊണ്ട് വന്ന എനിക്ക് 14,500 ഫീസായി അടക്കേണ്ടി വന്നു.അങ്ങനെ തിന്നാനും കുടിക്കാനും മുട്ടിയപ്പോൾ വൈകുന്നേരങ്ങളിൽ അടുത്ത മുറിയിലെ മണല് വാരലുകാർക്കൊപ്പം പണിക്കിറങ്ങി. പോലീസുക്കർ പൊക്കി അടിവസ്ത്രം മാത്രമിട്ട് മൂന്നുനാലുമണിക്കൂർ സ്റ്റേഷനിലിരുന്നു.ചാടിപ്പോകാൻ ശ്രമിച്ച എനിക്ക് കവിളിൽ കിട്ടിയ അടിയും അടിനഭിക്ക് കിട്ടിയ ഒരു കുത്തും ബോധോദയമുണ്ടാക്കി...

അങ്ങനെയാണ് ഞാൻ അന്ന് താമസിച്ച വീടിന്റെ അടുത്ത കട്ടകമ്പനിയിൽ പണി ചോദിച്ചുചെന്നത്.അതും നമുക്ക് സെറ്റാവില്ല എന്ന് കണ്ടപ്പോൾ എന്റെ ഹൗസ് ഓണർ ഒരു വഴി കാണിച്ചു. അടുത്ത കവലയിൽ ഒരു ത്രീ സ്റ്റാർ ബാർ അതിൽ പാർട്ട് ടൈം ജോലി...

ബി എഡ് ക്ലാസ്സ് കഴിഞ്ഞാൽ മിന്നൽ വേഗത്തിൽ ഇവൻ എങ്ങിട്ടാണ് മുങ്ങുന്നതെന്ന് കൂടെ പഠിക്കുന്നവരോ അധ്യാപകരോ ആദ്യം അറിഞ്ഞില്ല. ബാറിന്റെ കൗണ്ടറിൽ ബില്ലുമായി ഒഴിക്കാൻ ഊഴം കാത്തുനിന്നവരും.

ഓ പി ആർ രണ്ടു തൊണ്ണൂറ് എന്നൊക്കെ ബിൽ കൗണ്ടറിൽ പറഞ്ഞവരും. റിസ്പഷനിൽ വന്ന് ഇവിടെ ഫാമിലിക്ക് റൂം കിട്ടുമോ?എന്നൊക്കെ ചോദിച്ചവരും ഇവൻ നമ്മളെ കൂടെ പഠിക്കുന്നതല്ലേ എന്ന് തിരിച്ചറിഞ്ഞു...

ബാറിൽ ജോലിക്ക് പോകുന്നതിന്റെ അധാർമ്മികതക്ക് ക്ലാസ് പ്രിൻസിപ്പലിന്റെ മുറിയിൽ നിന്നും കിട്ടി.ഇന്നലത്തെ ഹാങ് മാറിയില്ലേ? ഇന്നലെ ഏതാ അടിച്ചത്? എന്നൊക്കെയുള്ള കളിയാക്കലും..എന്നാലും ബാറിൽ പോക്ക് നിർത്തിയില്ല.നിർത്താൻ കഴിഞ്ഞില്ല..

ഉള്ളത് പറയാല്ലോ കുടിച്ച് മുടിഞ്ഞ പൂർവികരും നാട്ടുകാരെ വാറ്റിക്കുടിപ്പിച്ച അപ്പനുമുള്ള എനിക്ക് ഒരു തുള്ളി കുടിക്കാൻ തോന്നിയിരുന്നില്ല..

എന്തു ചെയ്യാൻ വയറു നിറയെ ഭക്ഷണം മുറിയുടെ വാടക കൊടുക്കാനും പഠന ചെലവിനും എനിക്ക് തന്ന് സഹായിക്കാൻ വേറാരുമില്ലല്ലോ..

അതുമല്ല ഒഴിച്ച് കൊടുക്കുന്ന കൗണ്ടറിലെ ഇടവേളയിൽ വിദ്യാഭ്യാസ മനഃശാസ്ത്ര പുസ്തകം ഒളിച്ചുവച്ചു പഠിക്കുന്ന എന്നെ കഴുത്തിന് പിടിച്ച് ഒരു പണിയുമില്ലാത്ത റിസപ്‌ഷനിൽ കൊണ്ടിരുത്തി ‘നീ ഇവിടിരുന്ന് പഠിച്ചോടാ’ എന്ന് പറഞ്ഞ ബാർ മുതലാളി സന്തോഷിന്റെ നല്ല മനസിലാണ് 1000 ൽ 780 മാർക്ക് കിട്ടിയ എന്റെ ബി എഡ് സർട്ടിഫിക്കറ്റ്...

എല്ലാ വൈകിട്ടും സിഗ്നേച്ചർ വിസ്കി രണ്ട് പെഗ് ആസ്വദിച്ചു കഴിക്കുന്ന കഴുത്തിൽ ചങ്ങല പോലെ സ്വർണ മാലയും കൈകളിൽ നിറയെ മോതിരവുമുള്ള ഒരു എയ്ഡഡ് സ്‌കൂൾ മാഷിനോട് സഹ ബാർമാൻ “ഇവൻ നിങ്ങളെപ്പോലെ സാറാവാനുള്ള കോഴ്സ് പഠിക്കുന്നതാണ്..”എന്ന് പറഞ്ഞത് മുതൽ എനിക്കയാൾ ടിപ്സ് തരാൻ തുടങ്ങി ചാർട്ടും മാർക്കറും പേനയും ടീച്ചിങ് പ്രാക്ടീസിനുള്ള മറ്റുപലതും ആ കാശിലാണ്. എനിക്കവരെയൊന്നും തള്ളിപ്പറയാൻ കഴിയില്ല.വല്ലപ്പോഴും ബാർ മുതലാളി സ്റ്റാഫിന് കൊടുക്കുന്ന ഒരു പെഗ് അവിടെത്തന്നെ വിറ്റ് കാശാക്കിയിട്ടുമുണ്ട്…

വന്ന വഴിയൊന്നും നീതിയല്ലെന്ന് എനിക്കേറ്റവും ബോധമുണ്ട്.ഉപദേശിക്കാനോ നിർദ്ദേശിക്കാനോ ഒരു തുള്ളി യോഗ്യനുമല്ല. എന്നാലും പ്രിയപ്പെട്ട അധ്യാപകരെ നമ്മളിപ്പോൾ നിൽക്കുന്ന വഴി ഈ ലോകം ഏറ്റവും കാര്യമായി നോക്കുന്നുണ്ട്..

ചാറ്റ് ബോട്ടുകൾ നമ്മളെക്കാൾ ഭംഗിയായി വിജ്ഞാനം വിതരണം ചെയ്യാനൊരുങ്ങുന്ന കാലത്ത് നിലവിലുള്ള ചീത്തപ്പേരുകൾ നിന്നോട്ടെ ഇനിയും കൂടുതൽ പരിഹാസ്യ ബിരുദങ്ങൾ നേടാതിരിക്കുക...🙏🏿

This is an era where chatbots provide knowledge, let people not earn absurd degrees anymore"; K S Ratheesh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെണ്‍മക്കള്‍ എന്ന് പറഞ്ഞിട്ടില്ല; മക്കള്‍ക്ക് പകര്‍ന്നു നല്‍കണമെന്നാണ് പറഞ്ഞത്; ഇതില്‍ എന്ത് സ്ത്രീ വിരുദ്ധത?; വിശദീകരണവുമായി മുഖ്യമന്ത്രി

അഴിമതിക്കെതിരെ 'പ്രൊജക്ട് സീറോ-വിജിലൻസ് വിസിൽ'; പേരിനു പിന്നിലെ വിജയ് സ്വാധീനം തുറന്നു പറഞ്ഞ് ചെന്നിത്തല

ദുൽഖറിനൊപ്പം ജി വി പ്രകാശും; 'അടുത്ത തെലുങ്ക് ബ്ലോക്ബസ്റ്റർ ഉറപ്പിച്ചോ', 'ആകാശംലോ ഒക താര'യിലെ ആദ്യ ഗാനം പുറത്ത്

ഉമീദ് പോര്‍ട്ടലില്‍ 79,905 വഖഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്ത് കേരളം; രാജ്യത്ത് മൂന്നാം സ്ഥാനത്ത്

'അനാവശ്യമായി തലയിടരുത്'; പ്രായപൂര്‍ത്തിയായര്‍ തമ്മിലുള്ള വിവാഹത്തില്‍ പൊലീസിന് നേരെ കണ്ണുരുട്ടി അലഹബാദ് ഹൈക്കോടതി