തിരുവനന്തപുരം: കേരളത്തിൽ സുലഭമായ തോറിയം അടിസ്ഥാനമാക്കിയുള്ള വൈദ്യുത ഉല്പാദനം അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ. ഇതിനായി ആണവ നിലയം വേണമെന്ന് സംസ്ഥാന വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി ആവശ്യപ്പെട്ടു. കേന്ദ്ര ഊർജ്ജ മന്ത്രി ആർ കെ സിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി കൃഷ്ണൻകുട്ടി ഈ ആവശ്യം മുന്നോട്ടു വെച്ചത്.
ഇതടക്കം നിരവധി ആവശ്യങ്ങൾ വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടി കേന്ദ്രസർക്കാരിന് മുന്നിൽ വെച്ചിട്ടുണ്ട്. സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിനായി പവർ പ്രോജക്റ്റുകൾക്ക് ഏകജാലക സംവിധാനം ഒരുക്കുക, നിലവിലുള്ള പദ്ധതികളുടെ വ്യവസ്ഥകളിൽ ഇളവ് അനുവദിക്കുക, പദ്ധതികൾക്ക് കേന്ദ്രത്തിന്റെ സാമ്പത്തിക സഹായം നൽകുക, നബാർഡിൽ നിന്നും കുറഞ്ഞ പലിശ നിരക്കിൽ ലോൺ നൽകുക.
2018 ലെ ആർ.ഡി.എസ്. സ്കീമിന്റെ നിരക്ക് പുതുക്കുക, സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിന് ബദൽ മാർഗരേഖ അംഗീകരിക്കുക, പുതിയതായി സ്ഥാപിക്കുന്ന ഇ.വി ചാർജ്ജിംഗ് സ്റ്റേഷനുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഉണ്ടാകുന്ന അഡിഷണൽ ഇൻഫ്രാസ്ട്രെക്ച്ചറിന്റെ ചെലവ് വഹിക്കുക, അംഗന്‍ ജ്യോതി പദ്ധതി വിപുലപ്പെടുത്തുന്നതിന് സാമ്പത്തിക സഹായം നൽകുക തുടങ്ങിയ ആവശ്യങ്ങളും കൂടിക്കാഴ്ചയിൽ കേരളം മുന്നോട്ടു വെച്ചിട്ടുണ്ട്.
കേരളത്തിന്റെ ആവശ്യങ്ങളെല്ലാം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചിട്ടുണ്ടെന്ന് വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടി വ്യക്തമാക്കി. അഡീഷണൽ ചീഫ് സെക്രട്ടറി (പവർ) കെ ആര്‍ ജ്യോതിലാൽ IAS, KSEBL ചെയർമാൻ & മാനേജിംഗ് ഡയറക്റ്റർ ഡോ. രാജൻ എന്‍ ഖോബ്രഗഡെ IAS, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (അനർട്ട്) നരേന്ദ്രനാഥ് വേലൂരി എന്നിവരും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.
ലോകത്തെ തോറിയം നിക്ഷേപത്തിന്റെ 90 ശതമാനവും ഇന്ത്യയിലാണ്. കേരള തീരത്തെ കരിമണലില്‍ രണ്ടുലക്ഷം ടണ്‍ തോറിയം നിക്ഷേപമുണ്ടെന്നാണ് കണക്കാക്കുന്നത്. നിലവില്‍ തമിഴ്നാട്ടിലെ കല്‍പ്പാക്കത്ത് 32 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന തോറിയം അധിഷ്ഠിത വൈദ്യുതനിലയം സ്ഥാപിച്ചിട്ടുണ്ട്. ഭാഭ ആറ്റമിക് റിസര്‍ച് സെന്റര്‍ ആണ് ഇത് വികസിപ്പിച്ചെടുത്തത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates