തൃശൂര്‍: തൃശൂര്‍ വടക്കേക്കാട് മുത്തച്ഛനെയും മുത്തശ്ശിയെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി അക്മല്‍ കുറ്റം സമ്മതിച്ചെന്ന് പൊലീസ്. ഇരുവരെയും കൊലപ്പെടുത്തിയത് കഴുത്തുമുറിച്ചാണെന്ന് അക്മല്‍ കുറ്റസമ്മതമൊഴി നല്‍കി. കൊല്ലപ്പെട്ട ജമീലയുടേതെന്ന് കരുതുന്ന ആഭരണങ്ങള്‍ കണ്ടെത്തിയതായും പൊലീസ് പറയുന്നു. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് ഇന്ന് തെളിവെടുക്കും.
ഉറങ്ങിക്കിടന്ന വൈലത്തൂര്‍ നായരങ്ങാടി അണ്ടിക്കോട്ടുകടവ് റോഡ് പനങ്ങാവില്‍ അബ്ദുല്ല (75), ഭാര്യ ജമീല (64) എന്നിവരെയാണ് മകളുടെ മകനായ അക്മല്‍ കഴുത്തറുത്തു കൊലപ്പെടുത്തിയത്. ജമീലയുടെ തല അറുത്തെടുത്തു കോണിപ്പടിയില്‍ വച്ച നിലയിലായിരുന്നു. ക്രൂര കൃത്യത്തിനു ശേഷം വീടു പൂട്ടി കടന്നുകളഞ്ഞ ചെറുമകന്‍ അഹമ്മദ് അക്മലിനെ മണിക്കൂറുകള്‍ക്കകം പൊലീസ് പിടികൂടി. ഇയാള്‍ ലഹരിക്ക് അടിമയാണെന്നു നാട്ടുകാര്‍ പൊലീസിനു മൊഴി നല്‍കി.
കഴിഞ്ഞദിവസം പുലര്‍ച്ചെയായിരുന്നു സംഭവം. മാറിത്താമസിക്കുന്ന, അബ്ദുല്ലയുടെ മകനായ നൗഷാദ് രാവിലെ 9 മണിയോടെ മാതാപിതാക്കള്‍ക്കു ഭക്ഷണവുമായെത്തിയപ്പോള്‍ വീടിന്റെ മുന്‍വാതില്‍ അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു.വാതിലിനോടു ചേര്‍ന്ന ജനലിലൂടെ കയ്യിട്ടു വാതിലിന്റെ കുറ്റി നീക്കി നൗഷാദ് ഉള്ളില്‍ കയറിയപ്പോഴാണ് ദാരുണദൃശ്യം കണ്ടത്.
നിലവിളിച്ചു കൊണ്ടു പുറത്തേക്കോടിയ നൗഷാദ് വീടിന്റെ ഗേറ്റില്‍ കുഴഞ്ഞുവീണു. പിന്നീട് ഫോണില്‍ സുഹൃത്തിനെ വിളിച്ചുവരുത്തിയതോടെയാണു ഞെട്ടിക്കുന്ന വിവരം പുറത്തറിയുന്നത്. അബ്ദുല്ലയുടെയും ജമീലയുടെയും മൃതദേഹങ്ങള്‍ 2 കിടപ്പുമുറികളിലെ കട്ടിലുകളിലായിരുന്നു കിടന്നിരുന്നത്. വീട്ടാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വെട്ടുകത്തിയാണു കൊലപാതകം നടത്താന്‍ ഉപയോഗിച്ചത്. മൃതദേഹത്തിനരികില്‍ നിന്നു കത്തി കണ്ടെടുത്തു.
ദമ്പതികളുടെ മൂത്തമകള്‍ നിമിതയുടെ ആദ്യ വിവാഹത്തിലെ ഏക മകനാണ് അക്മല്‍. നിമിത മറ്റൊരു വിവാഹം കഴിച്ചു കൊല്ലത്താണു താമസം. വര്‍ഷങ്ങളായി അബ്ദുല്ലയ്ക്കും ജമീലയ്ക്കും ഒപ്പമാണ് അക്മലിന്റെ താമസം. 2 തവണയായി ഒന്നര വര്‍ഷത്തോളം അക്മല്‍ മാനസികാരോഗ്യ ചികിത്സാ കേന്ദ്രത്തില്‍ കഴിഞ്ഞിട്ടുണ്ട്.
അക്മലിനു വേണ്ടിയാണ് അബ്ദുല്ലയും ജമീലയും ജീവിച്ചതെന്ന് പൊലീസ് പറയുന്നു. അവനെ വളര്‍ത്തി വലുതാക്കിയതും ഇവര്‍ തന്നെ. ചെറുപ്രായത്തില്‍ തന്നെ അക്മലിന്റെ ഉമ്മയും ഉപ്പയും വേര്‍പിരിഞ്ഞിരുന്നു. അനാഥത്വം അറിയിക്കാതെ ചെറുമകനെ വളര്‍ത്താനുള്ള ചുമതല അബ്ദുല്ലയും ജമീലയും സ്വയം ഏറ്റെടുക്കുകയായിരുന്നു. ബിബിഎയ്ക്കു പഠിക്കണമെന്നു പറഞ്ഞപ്പോള്‍ ചെറുമകന്റെ ഇഷ്ടാനുസരണം ഉപരിപഠനത്തിന് അനുവദിച്ചു. ഇഷ്ടമുള്ള കോളജില്‍ ചേര്‍ത്തു. പക്ഷേ, ലഹരിക്ക് അടിമയായ ശേഷം അക്മലിന്റെ രീതികളാകെ മാറിയെന്നും പൊലീസ് പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates