തൃശൂര്‍: മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് ഒഴിവാക്കി ആഘോഷങ്ങളുടെ പകിട്ട് കുറച്ചെങ്കിലും ദുഃഖം ഉള്ളിലൊതുക്കി പുരുഷാരം ഇന്ന് പൂരനഗരിയിലേക്ക്. വടക്കുന്നാഥ ക്ഷേത്രത്തില്‍ അരങ്ങേറുന്ന പൂരം വടക്കുന്നാഥന്റേതല്ല എന്നതുപോലെ, തൃശൂര്‍ പൂരം തൃശൂരിന്റേതല്ല ലോകത്തിന്റേതാണ് എന്നാണ് പൊതുവേ പറയുന്നത്.
ഇന്നലെ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുര നട തുറന്ന് ഗജവീരന്‍ എറണാകുളം ശിവകുമാര്‍ നെയ്തലക്കാവിലമ്മയുടെ തിടമ്പുമായി പുറത്തേക്ക് എഴുന്നള്ളിയതോടെ കൊടിയേറിയ ആവേശം ഇന്ന് അതിന്റെ ഉച്ചിയിലെത്തും. പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരും 8 ഘടകക്ഷേത്രങ്ങളില്‍ നിന്നുമുള്ള ഭഗവതി ശാസ്താമാരും ഇന്ന് രാവിലെ മുതല്‍ വടക്കുന്നാഥനെ വണങ്ങാനെത്തും. ആ വരവുകള്‍ കാണാനായാണ് പൂരപ്രേമികള്‍ ഇന്നെത്തുക. മേളം കണ്ടു ആസ്വദിക്കാനായി ആദ്യം അവര്‍ തെക്കേ മഠത്തിനു മുന്നിലെ പന്തലിനു ചുറ്റിലുമായി സ്ഥലം പിടിക്കും. 11 മണിയോടെ മഠത്തില്‍വരവ് തുടങ്ങും. പഞ്ചവാദ്യം പലതു കേട്ടിട്ടുണ്ടെങ്കിലും മഠത്തില്‍വരവ് പഞ്ചവാദ്യത്തിന് ഇത്തിരി മധുരം കൂടുമെന്ന് അത് കേട്ടവര്‍ക്കറിയാം.
പഞ്ചവാദ്യത്തെക്കാള്‍ ഹരം പിടിക്കാന്‍ മേളം തന്നെ വേണമെന്നുള്ളവര്‍ പാറമേക്കാവില്‍ എത്തിയിരിക്കും. അവിടെ ഇക്കുറി എഴുന്നള്ളിപ്പ് നേരത്തെയാണ്. രാവിലെ 11.30ന് എഴുന്നള്ളിപ്പ് പുറപ്പെടുമ്പോള്‍ ചെമ്പട മേളം അകമ്പടിയായി ഉണ്ടാകും. ഉച്ചയ്ക്ക് രണ്ടിന് വടക്കുന്നാഥ ക്ഷേത്രത്തിനകത്തെ ഇലഞ്ഞിത്തറ മേളമായി മാറുന്നത് ഈ മേളമാണ്. വൈകിട്ട് 5.30ന് തെക്കേനടയിലാണ് ലോകം കാത്തിരിക്കുന്ന കുടമാറ്റം. രാത്രി ഭഗവതി ശാസ്താമാരുടെ പകലത്തെ എഴുന്നള്ളിപ്പുകള്‍ ആവര്‍ത്തിക്കും. വെടിക്കെട്ട് ഒഴിവാക്കിയുള്ള പൂരത്തില്‍ ആചാരത്തിന്റെ ഭാഗമായി പുലര്‍ച്ചെ വെടിക്കെട്ട് സമയത്ത് ഇരുവിഭാഗത്തിന്റെയും ഓരോ കതിന മുഴങ്ങും. നാളത്തെ പകല്‍പൂരം കഴിഞ്ഞ് ഉച്ചയോടെ പാറമേക്കാവ് -തിരുവമ്പാടി ഭഗവതിമാര്‍ ഉപചാരം ചൊല്ലും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates