Kerala

കോവിഡ് കാലത്ത് വിനോദയാത്ര റദ്ദായി, ടൂര്‍ ഓപ്പറേറ്റര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

അഡ്വാന്‍സ് തുക 50,000 രൂപ തിരിച്ചു നല്‍കാനും നഷ്ടപരിഹാരവും കോടതി ചെലവും ആയി 15,000 രൂപയും നല്‍കാന്‍ നിര്‍ദേശം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോവിഡ് കാലത്തെ യാത്രാ വിലക്ക് മൂലം ടൂര്‍ മുടങ്ങിയ സംഭവത്തില്‍ അഡ്വാന്‍സ് തുകയും നഷ്ടപരിഹാരവും ടൂര്‍ ഓപ്പറേറ്റര്‍ ഉപഭോക്താവിനു നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി ഉത്തരവിട്ടു. ടൂര്‍ ഓപ്പറേറ്റര്‍മാരുടെ സേവനത്തിലെ ന്യൂനത പരിഗണിച്ചുകൊണ്ട് അഡ്വാന്‍സ് തുകയായി ഈടാക്കിയ 50,000 രൂപ തിരിച്ചു നല്‍കാനും നഷ്ടപരിഹാരവും കോടതി ചെലവും ആയി 15,000 രൂപയും 30 ദിവസത്തിനകം പരാതിക്കാരന് നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.

2020 ഫെബ്രുവരി 5നാണ് പെരുമ്പാവൂര്‍ സ്വദേശിയായ ജേക്കബ് ഉമ്മനും ഭാര്യയും സോമാസ് ലിഷര്‍ ടൂര്‍സ് ഇന്ത്യ എന്ന സ്ഥാപനം മുഖേന 2020 മെയ് 25 ന് നിശ്ചയിച്ച റഷ്യന്‍ ടൂറിന് ടിക്കറ്റ് ബുക്ക് ചെയ്തത്. ഇരുവരും അമ്പതിനായിരം രൂപ ടൂര്‍ ഏജന്‍സിക്ക് അഡ്വാന്‍സും നല്‍കി. എന്നാല്‍ കോവിഡ് മൂലം രാജ്യാന്തരതലത്തില്‍ യാത്രയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനാല്‍ വിനോദ യാത്ര റദ്ദാക്കി. ഈ സാഹചര്യത്തില്‍ തങ്ങള്‍ നല്‍കിയ അഡ്വാന്‍സ് തുക തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാര്‍ എതിര്‍കക്ഷിയെ സമീപിച്ചു. എന്നാല്‍ ഈ വര്‍ഷം തന്നെ നടക്കുന്ന മറ്റൊരു വിനോദയാത്രയില്‍ ഇവര്‍ക്ക് പങ്കെടുക്കാമെന്നും അഡ്വാന്‍സ് തുക തിരിച്ചു നല്‍കാന്‍ നിര്‍വാഹമില്ല എന്ന നിലപാടാണ് എതിര്‍ കക്ഷി സ്വീകരിച്ചത്. തുടര്‍ന്നാണ് അഡ്വാന്‍സ് തുകയും നഷ്ടപരിഹാരവും എതിര്‍കക്ഷിയില്‍ നിന്ന് ഈടാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാര്‍ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചത്.

വലിയ തുക കൊടുത്താണ് ഹോട്ടലുകളില്‍ റൂം ബുക്ക് ചെയ്തതെന്നും ആ തുക തങ്ങള്‍ക്ക് തിരിച്ചു ലഭിക്കുന്നതല്ലെന്നും യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് അഡ്വാന്‍സ് തുക തിരിച്ച് നല്‍കാത്തതെന്നും എതിര്‍കക്ഷി കമ്മീഷന്‍ മുമ്പാകെ ബോധിപ്പിച്ചു. എന്നാല്‍ ഈ വസ്തുത തെളിയിക്കാന്‍ യാതൊരു രേഖകളും എതിര്‍കക്ഷി കമ്മീഷനുമുമ്പാകെ ഹാജരാക്കിയിട്ടില്ല എന്ന് വ്യക്തമാക്കി പരാതിക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍, പ്രസിഡണ്ട് ഡി ബി ബിനു, വൈക്കം രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവര്‍ ഉള്‍പ്പെട്ട എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി ഉത്തരവിട്ടു. പരാതിക്കാര്‍ക്കു വേണ്ടി അഡ്വ. നജ്മല്‍ ഹുസൈന്‍ ഹാജരായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സ്ത്രീകളുടെ സൗജന്യ യാത്രാസമയം മാറ്റണമെന്ന് പികെ ശ്രീമതി; ഒടുവില്‍ ക്ഷമാപണം

അമേരിക്ക - ഇറാന്‍ സമാധാന കരാര്‍ ഇന്ത്യയ്ക്ക് നേട്ടമാകുമോ?; ഹോര്‍മുസ് തുറക്കുന്നതുകൊണ്ട് സാധാരണക്കാരന് എന്തു ഗുണം?; എണ്ണ വിലയിലും ചാബഹാര്‍ തുറമുഖത്തിലും പ്രതീക്ഷ

കുരുക്കായത് കാമുകന്റെ വാട്‌സ്ആപ്പ് സ്റ്റാറ്റസ്; ഇന്‍ഷുറന്‍സ് തുകയ്ക്കായി സൈനികനായ ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

SCROLL FOR NEXT