തിരുവനന്തപുരം: പത്ത് വർഷത്തെ പ്രണയത്തിനൊടുവിൽ വരണമാല്യം അണിയിച്ച് പുടവ നൽകി പ്രണയ ദിനത്തിൽ മനു ശ്യാമയെ ജീവിതസഖിയാക്കി.ഇരുവരുടെയും വീട്ടുകാരുടെയും പിന്തുണയോടെ പ്രിയപ്പെട്ടവരുടെയെല്ലാം സാന്നിധ്യത്തിൽ ഇടപ്പഴിഞ്ഞി അളകാപുരി ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു വിവാഹം. ട്രാൻസ്‌ജെൻഡർ വ്യക്തിത്വത്തിൽത്തന്നെ നിന്നുകൊണ്ട് വിവാഹം രജിസ്റ്റർ ചെയ്യാനാണ് ഇവരുടെ തീരുമാനം.
ടെക്‌നോപാർക്കിൽ സീനിയർ എച്ച് ആർ എക്സിക്യുട്ടീവാണ് തൃശ്ശൂർ സ്വദേശി മനു കാർത്തിക. സാമൂഹികസുരക്ഷാ വകുപ്പിൽ ട്രാൻസ്‌ജെൻഡർ സെല്ലിലെ സ്റ്റേറ്റ് പ്രോജക്ട് കോ-ഓർഡിനേറ്ററും ആക്ടിവിസ്റ്റുമായ ശ്യാമ എസ് പ്രഭ തിരുവനന്തപുരം സ്വദേശിയാണ്. പത്തുവർഷം മുമ്പാണ് മനു ശ്യാമയോട് ഇഷ്ടം തുറന്നു പറയുന്നത്. സ്ഥിര ജോലി നേടി കുടുംബത്തിലെ ഉത്തരവാദിത്വങ്ങളെല്ലാം പൂർത്തിയാക്കിയ ശേഷം മതി വിവാഹം എന്നായിരുന്നു ഇരുവരുടെയും തീരുമാനം.
മുൻപും ട്രാൻസ് വ്യക്തികൾ വിവാഹം നടന്നിട്ടുണ്ടെങ്കിലും രേഖകളിലെ ആൺ, പെൺ ഐഡന്റിറ്റി ഉപയോഗിച്ചാണ് വിവാഹം രജിസ്റ്റർ ചെയ്തത്. ആധാർ അടക്കമുള്ള ഞങ്ങളുടെ എല്ലാ രേഖകളിലും ഞങ്ങൾ ഇരുവരും ട്രാൻസ്ജെൻഡർ ആണ്. ആയതിനാൽ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് അവരുടെ ലിംഗസ്വത്വം ഉപയോഗിച്ചുള്ള വിവാഹത്തിന് സാധുത നൽകണമെന്നാവശ്യപ്പെട്ട് വേണ്ടിവന്നാൽ ഹൈക്കോടതിയെയും സമീപിക്കാനൊരുങ്ങുകയാണ് ഞങ്ങൾ, മനു പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates