ഫോട്ടോ:ആല്‍ബിന്‍ മാത്യു ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ്
Kerala

'ഒരു നേരത്തെ ആഹാരം പോലും കിട്ടാത്തവര്‍ ഇപ്പോഴുമുണ്ട്'; അതിദാരിദ്ര്യ രഹിത അവകാശ വാദത്തെ തള്ളി ആദിവാസി സംഘടനകള്‍

നവംബര്‍ 1ന് മുഖ്യമന്ത്രി പിണറായി വിജയനും സിനിമാ താരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി, കമല്‍ഹാസന്‍ എന്നിവര്‍ പങ്കെടുക്കുന്ന താരനിബിഡമായ പരിപാടിയില്‍ ചരിത്രപരമായ പ്രഖ്യാപനം നടത്താന്‍ ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍.

ലക്ഷ്മി ആതിര

കല്‍പ്പറ്റ: സംസ്ഥാനത്തെ അതിദാരിദ്ര്യരഹിതമായി പ്രഖ്യാപിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. എന്നാല്‍ ഈ അവകാശവാദത്തെ പൂര്‍ണമായും തള്ളിക്കളയുകയാണ് ആദിവാസി സംഘടനകള്‍. പട്ടിണി, തൊഴിലില്ലായ്മ, ഭൂരാഹിത്യം എന്നിവയ്‌ക്കെതിരായി ആദിവാസി സംഘടനകള്‍ ഇപ്പോഴും പോരാട്ടം തുടരുന്നതിനിടെയാണ് സര്‍ക്കാരിന്‍റെ പ്രഖ്യാപനം.

നവംബര്‍ 1ന് മുഖ്യമന്ത്രി പിണറായി വിജയനും സിനിമാ താരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി, കമല്‍ഹാസന്‍ എന്നിവര്‍ പങ്കെടുക്കുന്ന താരനിബിഡമായ പരിപാടിയില്‍ ചരിത്രപരമായ പ്രഖ്യാപനം നടത്താന്‍ ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഈ ആഘോഷം തങ്ങളുടെ അതിജീവന പോരാട്ടത്തെ തന്നെ പരിഹസിക്കുന്നതാണെന്നതാണെന്ന നിലപാടിലാണ് ആദിവാസി വിഭാഗങ്ങള്‍. അതിദരിദ്രരെയും അരികുവല്‍ക്കരിക്കപ്പെട്ടവരേയും പരിഗണിക്കുന്നതില്‍ ഈ ക്യാംപെയ്ന്‍ പരാജയപ്പെട്ടെന്നാണ് ഇവരുടെ ആരോപണം.

ആദിവാസി ജനവിഭാഗങ്ങള്‍ കൂടുതലുള്ള വയനാടിനെ പട്ടികജാതി-പട്ടിക വര്‍ഗ മന്ത്രി ഒ ആര്‍ കേളു ഒക്ടോബര്‍ 25ന് അതിദാരിദ്ര്യരഹിത ജില്ലയായി പ്രഖ്യാപിച്ചു. ''മന്ത്രി വയനാട്ടിലെ ആദിവാസി സമൂഹത്തില്‍ നിന്നുള്ള ആളല്ലേ? ഇവിടെ താമസിക്കുന്ന ആര്‍ക്കും അറിയാം ഞങ്ങളുടെ ഗ്രാമങ്ങള്‍ പട്ടിണിയിലും അതിദാരിദ്ര്യത്തിലും കുടുങ്ങിക്കിടക്കുകയാണ്''- ആദിവാസി പ്രവര്‍ത്തകന്‍ മണിക്കുട്ടന്‍ പണിയന്‍ പറയുന്നു. ഇവിടുത്തെ ആളുകള്‍ക്ക് ഒരു നേരത്തെ ഭക്ഷണം കഴിക്കാന്‍ പോലും കഴിയാത്തപ്പോള്‍ എങ്ങനെയാണ് സര്‍ക്കാര്‍ അതി ദാരിദ്ര്യം തുടച്ചു നീക്കിയെന്ന് അവകാശപ്പെടാന്‍ കഴിയുകയെന്നും മണിക്കുട്ടന്‍ ചോദിച്ചു.

കേരളത്തിലെ 90% ആദിവാസി കുടുംബങ്ങള്‍ക്കും ഇപ്പോഴും ഭൂമിയില്ലെന്നും വൈദ്യുതിയോ ടോയ്‌ലെറ്റോ കുടിവെള്ളമോ ഇല്ലാതെ പ്ലാസ്റ്റിക് കൊണ്ട് മൂടിയ കുടിലുകളിലാണ് പലരും താമസിക്കുന്നതെന്നും ഇവര്‍ പറയുന്നു. സര്‍ക്കാരിന്റെ കടുത്ത ദാരിദ്ര്യ നിര്‍മാര്‍ജന പരിപാടിയില്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ചിട്ടും ആയിരക്കണക്കിന് ആദിവാസി കുട്ടികള്‍ പഠനം ഉപേക്ഷിച്ചുവെന്നും നിരവധി കുടുംബങ്ങള്‍ ഒരു നേരത്തെ ഭക്ഷണം മാത്രം കഴിച്ച് ഇപ്പോഴും ജീവിക്കുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

സുല്‍ത്താന്‍ബത്തേരിക്ക് സമീപമുള്ള മണിക്കുനി എന്ന സ്ഥലത്ത് ഏകദേശം 60 കുടുംബങ്ങള്‍ വളരെ ദയനീയമായ അവസ്ഥയിലാണ് ജീവിക്കുന്നത്, ആദിവാസി വനിതാ പ്രസ്ഥാനത്തിന്റെ നേതാവ് കെ അമ്മിണി പറഞ്ഞു. പൊതുടോയ്‌ലറ്റുകളുടെ ടാങ്കുകള്‍ നിറഞ്ഞു പുറത്തേയ്ക്ക് ദുര്‍ഗന്ധം വമിക്കുകയാണ്. വലിയ പ്രഖ്യാപനങ്ങള്‍ നടത്തുന്നതിന് മുമ്പ് മന്ത്രിമാര്‍ ഈ സ്ഥലങ്ങള്‍ സന്ദര്‍ശിക്കണം. ഈ ദാരിദ്ര്യരഹിത പ്രഖ്യാപനം ആര്‍ക്കുവേണ്ടിയാണെന്ന് ചിന്തിക്കണമെന്നും അമ്മിണി ചോദിച്ചു.

ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യം, ഉപജീവനമാര്‍ഗ്ഗം എന്നിവയിലെ വിടവുകള്‍ പരിഹരിച്ചുകൊണ്ട് 64,006 കുടുംബങ്ങളെ കടുത്ത ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റുക എന്ന ലക്ഷ്യത്തോടെയാണ് 2021 ല്‍ സര്‍ക്കാരിന്റെ അതി ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി ആരംഭിച്ചത്. 59,277 കുടുംബങ്ങളെ അതി ദാരിദ്ര്യത്തില്‍ നിന്ന് 'ഉയര്‍ത്തിയ'തായി തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് അടുത്തിടെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. '2021 ല്‍ 4,006 കുടുംബങ്ങളില്‍ 4,421 പേര്‍ മരിച്ചു, 261 നാടോടി കുടുംബങ്ങളെ കണ്ടെത്താനായില്ല. 4,729 കുടുംബങ്ങള്‍ ഒഴികെ ബാക്കിയുള്ളവരെ മൈക്രോ പ്ലാനുകള്‍ വഴി പുനരധിവസിപ്പിച്ചു, എന്നാണ് മന്ത്രി പറഞ്ഞത്. എന്നാല്‍ ആദിവാസി പ്രവര്‍ത്തകര്‍ ഈ കണക്കുകളെ തള്ളിക്കളയുകയാണ്. 'ഭക്ഷണമോ വരുമാനമോ ഇല്ലാതെ ടാര്‍പോളിന്‍ കുടിലുകളില്‍ താമസിക്കുന്നവര്‍ക്ക് ഈ സര്‍വേകളിലും സ്ഥിതിവിവരക്കണക്കുകളിലും ഒരു അര്‍ത്ഥവുമില്ല, മണിക്കുട്ടന്‍ പറഞ്ഞു. 'കേരളത്തില്‍ ഏകദേശം 35 വ്യത്യസ്ത ആദിവാസി സമൂഹങ്ങളുണ്ട്. കുറിച്യ സമൂഹം ഒഴികെ, മറ്റെല്ലാവരും അതി ദാരിദ്ര്യത്തിലാണ് കഴിയുന്നത്. വയനാട്ടിലെ പണിയ, അടിയ, ഊരാളി ബട്ട കുറുമ, കാട്ടുനായകന്‍ സമുദായങ്ങളുടെയും ഇടുക്കിയിലെ ഹില്‍ പുലയ, മുതുവാന്‍ സമുദായങ്ങളുടെയും സാമൂഹികസാമ്പത്തിക സാഹചര്യങ്ങള്‍ പരിശോധിച്ചാല്‍, അവരില്‍ ഭൂരിഭാഗവും ഇപ്പോഴും ഒരു ദിവസം ശരിയായ ഭക്ഷണം പോലും കഴിക്കാന്‍ പാടുപെടുന്നു.

വിദ്യാഭ്യാസമുള്ള ആദിവാസി യുവാക്കള്‍ തൊഴിലില്ലായ്മ അനുഭവിക്കുന്നു. പരിഷ്‌കാരങ്ങള്‍ എന്ന് വിളിക്കപ്പെടുന്നവ യഥാര്‍ത്ഥ നേട്ടമുണ്ടാക്കുന്നില്ല. അനുവദിച്ച ഫണ്ടിന്റെ 10% പോലും ജനങ്ങളില്‍ എത്തുന്നില്ല. നവംബര്‍ 1 ന് സര്‍ക്കാര്‍ ആഘോഷിച്ചേക്കാം, പക്ഷേ കേരളത്തിലെ ആദിവാസി ജനതയെ സംബന്ധിച്ചിടത്തോളം ദാരിദ്ര്യം ഒരു യാഥാര്‍ത്ഥ്യമായി തുടരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം കേരളത്തില്‍ 4,26,208 ആദിവാസി ജനങ്ങളുണ്ട്, അതില്‍ വയനാട് മാത്രം 1,52,808 (35.85%) ആണ്. 52,565 ആളുകളുമായി (12.33%) ഇടുക്കി രണ്ടാം സ്ഥാനത്തും, കാസര്‍കോട് 47,603 (11.17%) മൂന്നാം സ്ഥാനത്തുമാണ്.

Tribal groups rubbish Kerala govt’s ‘extreme poverty-free’ claim

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT