ഹൈക്കോടതി ഫയൽ
Kerala

ജഡ്ജി അഭിഭാഷക വിവാദത്തില്‍ ട്വിസ്റ്റ്; മധ്യസ്ഥ ചര്‍ച്ചയില്‍ പങ്കെടുത്ത ജോര്‍ജ് പൂന്തോട്ടത്തെ സസ്‌പെന്‍ഡ് ചെയ്തു

ഇന്ന് നടന്ന അസോസിയേഷന്‍ ജനറല്‍ ബോഡി യോഗത്തിലാണ് പൂന്തോട്ടത്തെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അസോസിയേഷന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതെ ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തതിന് കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍(കെഎച്ച്‌സിഎഎ) മുതിര്‍ന്ന അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടത്തെ സസ്‌പെന്‍ഡ് ചെയ്തു. വനിതാ അഭിഭാഷകയോട് ജസ്റ്റിസ് എ ബദറുദ്ദീന്‍ മോശമായി പെരുമാറിയെന്ന ആരോപണത്തുടര്‍ന്നുള്ള പ്രശ്‌നം പരിഹരിക്കുന്നതിനായിരുന്നു യോഗം ചേര്‍ന്നത്. വനിതാ അഭിഭാഷകയോടൊപ്പം പൂന്തോട്ടം യോഗത്തില്‍ പങ്കെടുത്തതിനാണ് നടപടി.

ഇന്ന് നടന്ന അസോസിയേഷന്‍ ജനറല്‍ ബോഡി യോഗത്തിലാണ് പൂന്തോട്ടത്തെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടികള്‍ ആരംഭിക്കാനും തീരുമാനിച്ചു. അഭിഭാഷകയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ജസ്റ്റിസ് എ ബദറുദ്ദീനെതിരായ ബഹിഷ്‌കരണം അവസാനിപ്പിക്കാന്‍ അസോസിയേഷന്‍ തീരുമാനിച്ചു.

ജോര്‍ജ് പൂന്തോട്ടവും മറ്റ് അഭിഭാഷകരും അവതരിപ്പിച്ച പ്രമേയത്തെത്തുടര്‍ന്ന് ജസ്റ്റിസ് ബദറുദ്ദീന്റെ കോടതി ബഹിഷ്‌കരിക്കാന്‍ അസോസിയേഷന്‍ വെള്ളിയാഴ്ച തീരുമാനിച്ചിരുന്നു. വനിതാ അഭിഭാഷകയെ അപമാനിച്ചതിനെത്തുടര്‍ന്ന് ജഡ്ജി പരസ്യമായി മാപ്പു പറയണമെന്നായിരുന്നു അഭിഭാഷകരുടെ ആവശ്യം. പരേതനായ അഡ്വ.അലക്‌സ് സ്‌കറിയയുടെ വിധവയായ അഭിഭാഷക, ഭര്‍ത്താവിന്റെ മരണ ശേഷം വക്കാലത്ത് ഫയല്‍ ചെയ്യാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നു. 2025 ജനുവരി 8ന് അഡ്വ.അലക്‌സ് സ്‌കറിയ അന്തരിച്ചു. മാര്‍ച്ച് എട്ടിന് അദ്ദേഹം നടത്തിയിരുന്ന കേസ് വിളിച്ചപ്പോള്‍ അഭിഭാഷകയായ അദ്ദേഹത്തിന്റെ ഭാര്യ കോടതിയില്‍ ഹാജരാകുകയും മരണവാര്‍ത്ത അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് കേസില്‍ കൂടുതല്‍ സമയം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ആരാണ് അലക്‌സ് സ്‌കറിയ എന്നാണ് ജഡ്ജി ചോദിച്ചത്. കണ്ണു നിറഞ്ഞ അലക്സ് സ്കറിയയുടെ ഭാര്യയെ കണ്ടിട്ടും വീണ്ടും അദ്ദേഹം പരുഷമായ പെരുമാറ്റം തുടര്‍ന്നുവെന്നാണ് അഭിഭാഷകരുടെ ആരോപണം

ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാറിന്‍റെ ചേംബറില്‍ ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖിന്റേയും മുതിര്‍ന്ന അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടത്തിന്റേയും സാന്നിധ്യത്തില്‍ ജസ്റ്റിസ് എ ബദറുദ്ദീന്‍ അഗാധമായ ഖേദം പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് മാര്‍ച്ച് എട്ടിന് എല്ലാ തുടര്‍ നടപടികളും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വനിതാ അഭിഭാഷക അസോസിയേഷന് ഒരു കത്തയച്ചു. ഈ സാഹചര്യത്തില്‍ ഇന്ന് ചേര്‍ന്ന ജനറല്‍ ബോഡി യോഗമാണ് അസോസിയേഷന്റെ അനുമതിയില്ലാതെ ജഡ്ജി അഭിഭാഷക പ്രശ്‌നത്തില്‍ മധ്യസ്ഥനായ അഡ്വ.ജോര്‍ജ് പൂന്തോട്ടത്തെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; തെളിവ് കോടതിയില്‍ ഹാജരാക്കും: വിഡി സതീശന്‍

'ദിലീപും പള്‍സര്‍ സുനിയും ഒരുമിച്ചുള്ള ചിത്രം ഫോട്ടോ ഷോപ്പ്, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള പരാതിയില്‍ ഞാന്‍ പറഞ്ഞത് ശരിയായില്ലേ'

അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്നതല്ല, പാരഡി പാടിയതിലാണ് അവര്‍ക്കു വേദന; സിപിഎമ്മിനെതിരെ വിഡി സതീശന്‍

അച്ചാറില്‍ പൂപ്പല്‍ പിടിക്കാതിരിക്കാന്‍ ഇവ ശ്രദ്ധിക്കാം

'മാണിക്യക്കല്ലാല്‍ മേഞ്ഞു മെനഞ്ഞേ....', പാട്ട് പാടി വൈറലായി ഡോക്ടറും രോഗിയും; കയ്യടിച്ച് സോഷ്യല്‍മീഡിയ

SCROLL FOR NEXT