യുഡിഎഫ് എംപിമാരുടെ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് സണ്ണി ജോസഫ് സംസാരിക്കുന്നു 
Kerala

'കേന്ദ്രത്തിന് കേരളത്തെ ചവിട്ടിത്താഴ്ത്താന്‍ വന്ന വാമനന്റെ രൂപം'; പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തില്‍ യുഡിഎഫ് പ്രതിഷേധം

കേരളത്തെ ചവിട്ടിത്താഴ്ത്താന്‍ വന്ന വാമനന്റെ രൂപത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് കെപിസിസി പ്രസിഡണ്ടും വൈദ്യുതി വകുപ്പ് മന്ത്രിയുമായ സണ്ണി ജോസഫ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

പാലക്കാട്: കേരളത്തെ ചവിട്ടിത്താഴ്ത്താന്‍ വന്ന വാമനന്റെ രൂപത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് കെപിസിസി പ്രസിഡണ്ടും വൈദ്യുതി വകുപ്പ് മന്ത്രിയുമായ സണ്ണി ജോസഫ്. പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തിനെതിരെ യുഡിഎഫ് എംപിമാര്‍ സംഘടിപ്പിച്ച സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റെയില്‍വേ ഡിവിഷന്‍ വിഭജനം പാര്‍ലമെന്റ് സമ്മേളനം നടക്കുന്ന സമയത്ത് പ്രഖ്യാപിച്ചിരുന്നുവെങ്കില്‍ വലിയ പ്രതിഷേധം ഉണ്ടാവുമെന്ന് കണ്ടാണ് സമ്മേളനം കഴിഞ്ഞ ഉടന്‍ അര്‍ദ്ധരാത്രിയില്‍ പ്രഖ്യാപനം നടത്തിയത്. ഏകപക്ഷീയമായ വിഭജനത്തിലൂടെ ഫെഡറല്‍ തത്വ ലംഘനവും കേരളത്തോട് കാണിച്ച കടുത്ത അനീതിയുമാണ് നടന്നത്. മംഗലാപുരത്തെ മൈസൂര്‍ ഡിവിഷനില്‍ യോജിപ്പിക്കുന്നതുകൊണ്ട് റെയില്‍വേയ്ക്ക് നേട്ടമുണ്ടാകില്ല. ഇവിടെനിന്ന് ബാംഗ്ലൂരിലേക്ക് ആഴ്ചയില്‍ ആകെ 10 സര്‍വീസുകള്‍ മാത്രമാണുള്ളത്. അതേസമയം കേരളത്തില്‍നിന്ന് ആളുകളും ചരക്ക് വാഹനങ്ങളുമായി നിരവധി സര്‍വീസുകളാണ് ഉള്ളത്. മംഗലാപുരം വേര്‍പെടുത്താനുള്ള തീരുമാനം കേരളത്തിലെ റെയില്‍വേ വികസനം തകര്‍ക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തിന്റെ പൊതുവായ ആവശ്യത്തിന് വേണ്ടി ഒന്നിച്ചു നില്‍ക്കേണ്ട സമയത്ത് ബിജെപിയിലെ ചിലര്‍ വിരുദ്ധ അഭിപ്രായം പറയുന്നത് ഖേദകരമാണ്. ഡിവിഷന്‍ വിഭജനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ട്. ഇപ്പോള്‍ നടക്കുന്നത് സൂചനാ സമരമാണ്. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ സമരം ശക്തമാക്കും. പ്രധാനമന്ത്രി ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു. ഇ ടി മുഹമ്മദ് ബഷീര്‍ എം പി അധ്യക്ഷത വഹിച്ചു. മറ്റു എംപിമാരായ വി കെ ശ്രീകണ്ഠന്‍, ഷാഫി പറമ്പില്‍, രാജ് മോഹന്‍ ഉണ്ണിത്താന്‍, എം കെ രാഘവന്‍, ബെന്നി ബഹനാന്‍, മന്ത്രി കെ എ തുളസി, എംഎല്‍എ രമേഷ് പിഷാരടി തുടങ്ങി നിരവധി കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തു.

UDF protests against the division of Palakkad Railway Division

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഐക്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശം'; മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും

'എന്തൊരു ടോർച്ചർ ആണിത്, മോശം എന്നല്ല ദുരന്തം തന്നെ! ഗീതു എന്താണീ ചെയ്ത് വച്ചിരിക്കുന്നേ? ' യഷിന്റെ 'ടോക്സിക്' എക്സ് പ്രതികരണം

'ആ 2 താരങ്ങളോടുള്ള ​ഗംഭീറിന്റെ പെരുമാറ്റം ശരിയായില്ല'

1.70 ലക്ഷം രൂപ, 156 സിസി; ഹോണ്ടയുടെ അഡ്വഞ്ചര്‍ സ്‌റ്റൈല്‍ മാക്‌സി സ്‌കൂട്ടര്‍ വിപണിയില്‍, എഡിവി 160

കൗതുക കാഴ്ചയായി വേമ്പനാട് കായലിലെ ഒഴുകും പൂക്കളം