പ്രതീകാത്മക ചിത്രം 
Kerala

ദുരന്തങ്ങളില്‍ പാഠം പഠിക്കാതെ സര്‍ക്കാര്‍; സംസ്ഥാനത്തെ 1,157 സ്‌കൂളുകളില്‍ പഠന യോഗ്യമല്ലാത്ത ക്ലാസ് മുറികള്‍

നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ സര്‍ക്കാര്‍ സ്ഥിതിഗതികള്‍ ഗൗരവമായി കാണുന്നുവെന്നും, ഇത് പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു

സോവി വിദ്യാധരൻ

തിരുവനന്തപുരം: സര്‍ക്കാര്‍ സ്‌കൂളുകളില്‍ നടപ്പാക്കിയ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അഭിമാനത്തോടെ പറയുമ്പോള്‍ നിയമസഭയില്‍ അവതരിപ്പിച്ച ഏറ്റവും പുതിയ കണക്കുകള്‍ വ്യത്യസ്തമായ ചിത്രമാണ് നല്‍കുന്നത്. സംസ്ഥാനത്തെ 1,157 സ്‌കൂള്‍ കെട്ടിടങ്ങള്‍ ക്ലാസുകള്‍ നടത്താന്‍ യോഗ്യമല്ലെന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പ് സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തില്‍ ക്ലാസുകള്‍ നടത്താന്‍ യോഗ്യമല്ലാത്ത സ്‌കൂളുകളില്‍ 75 ശതമാനത്തിലധികവും സര്‍ക്കാര്‍ സ്‌കൂളുകളാണെന്നതാണ് ശ്രദ്ധേയം.

കരുനാഗപ്പള്ളി എംഎല്‍എ സി ആര്‍ മഹേഷിന്റെ ചോദ്യത്തിന് നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ സര്‍ക്കാര്‍ സ്ഥിതിഗതികള്‍ ഗൗരവമായി കാണുന്നുവെന്നും, ഇത് പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.പ്ലാന്‍ ഫണ്ടുകള്‍ ഉപയോഗിച്ചും കിഫ്ബി (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്) പദ്ധതികള്‍ വഴിയും പുതിയ കെട്ടിടങ്ങളുടെ നിര്‍മ്മാണം നടക്കുന്നുണ്ടെങ്കിലും, അറ്റകുറ്റപ്പണികള്‍ക്കായി പ്രത്യേക ഫണ്ടുകളാണ് ഉപയോഗിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

പട്ടികയിലെ 1,157 സ്‌കൂളുകളില്‍ 875 എണ്ണം സര്‍ക്കാര്‍ സ്‌കൂളുകളും 262 എണ്ണം എയ്ഡഡ് സ്‌കൂളുകളുമാണ്. സംസ്ഥാനത്തെ ആകെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ പഠന യോഗ്യമല്ലാത്ത കെട്ടിടങ്ങളുള്ള സ്‌കൂളുകളുള്ളത് കൊല്ലത്താണ്. ഇത്തരത്തില്‍ 143 സ്‌കൂളുകളാണ് കൊല്ലത്തുള്ളത്. തൊട്ടുപിന്നില്‍ ആലപ്പുഴ (134), തിരുവനന്തപുരം (120). എന്നിങ്ങനെ പോകുന്നു കണക്കുകള്‍. 20 അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ പഠനയോഗ്യമല്ലാത്ത ക്ലാസ് മുറികളുണ്ടെന്നും കണക്കുകള്‍ പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ നടക്കേണ്ട അറ്റകുറ്റപ്പണികളിലെ ഗുരുതരമായ പിഴവുകള്‍ വെളിപ്പെടുത്തുന്നതാണിത്.

നിയമപ്രകാരം, സ്‌കൂളുകള്‍ ഓരോ വര്‍ഷവും വീണ്ടും തുറക്കുന്നതിന് മുമ്പ് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്ന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ നേടേണ്ടതുണ്ട്, ഇവ ഇല്ലാത്ത സ്‌കൂളുകള്‍ പ്രവര്‍ത്തിക്കരുതെന്നും നിര്‍ദേശമുണ്ട്. ഈ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് പുറപ്പെടുവിച്ച പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശം പല ഇടങ്ങളിലും കടലാസില്‍ ഒതുങ്ങിയെന്നാണ് കണക്കുകള്‍ പറയുന്നത്.

മെയ് മാസത്തില്‍ മന്ത്രിമാരായ ശിവന്‍കുട്ടിയും എം ബി രാജേഷും വിളിച്ചുചേര്‍ത്ത യോഗത്തില്‍ അപകടാവസ്ഥയിലുള്ള സ്‌കൂള്‍ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ തീരുമാനിച്ചിരുന്നു. തകര്‍ന്ന കെട്ടിടങ്ങള്‍ക്ക് സമീപമുള്ള പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് പോലും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചിരുന്നു. സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റികളുടെ സമ്മര്‍ദ്ദം കാരണം, മിക്ക കേസുകളിലും ഇത്തരം കെട്ടിടങ്ങള്‍ അടിയന്തരമായി പൊളിച്ചുമാറ്റല്‍ നടന്നില്ല. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ മിക്ക കെട്ടിടങ്ങളുടെയും ഫിറ്റ്‌നസ് നിഷേധിക്കപ്പെട്ടതായി ഒരു മുതിര്‍ന്ന പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

'ഇത്തരത്തില്‍ പഠന യോഗ്യമല്ലാത്ത കെട്ടിടങ്ങളില്‍ ഭൂരിഭാഗവും മതിലുകളുടെ മോശം പ്ലാസ്റ്ററിംഗ്, മോശം ബേസ്‌മെന്റ്, ക്ലാസ് മുറികള്‍ക്ക് നിര്‍ദ്ദേശിച്ചിട്ടുള്ള സ്ഥലത്തിന്റെ അപര്യാപ്തത തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അടുത്ത അധ്യയന വര്‍ഷത്തിന് മുമ്പ് പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന വ്യവസ്ഥയില്‍ ഇത്തരം സ്‌കൂളുകള്‍ക്ക് താല്‍ക്കാലിക ഫിറ്റ്‌നസ് നല്‍കി,' ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍, 140 സ്‌കൂളുകള്‍ക്ക് താല്‍ക്കാലിക ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിരുന്നു. ഇതില്‍ 74 സ്‌കൂളുകളും ഈ വര്‍ഷം സ്‌കൂള്‍ വീണ്ടും തുറക്കുന്നതിന് മുമ്പ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടു. ഇക്കാരണത്താല്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഇത്തരം സ്‌കൂളുകള്‍ക്കെതിരെ നടപടിയെടുക്കുന്നതിലേക്ക് എത്തിച്ചു.

പഠന യോഗ്യമല്ലാത്ത കെട്ടിടങ്ങളുള്ള സ്‌കൂളുകള്‍

സര്‍ക്കാര്‍ സ്‌കൂളുകള്‍: 875

എയ്ഡഡ്: 262

അണ്‍ എയ്ഡഡ്: 20

ആകെ: 1,157

ജില്ല തിരിച്ചുള്ള കണക്കുകള്‍

കൊല്ലം: 143

ആലപ്പുഴ: 134

തിരുവനന്തപുരം: 120

എറണാക!ളം: 106

തൃശൂര്‍: 102

പത്തനംതിട്ട: 89

മലപ്പുറം: 78

കാസര്‍കോട്: 77

ഇടുക്കി: 73

കണ്ണൂര്‍: 67

കോട്ടയം: 63

കോഴിക്കോട്: 47

പാലക്കാട്: 34

വയനാട്: 24

'Unfit' buildings in 1,157 schools, over 75% of them govt-run

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കളറാക്കി കലാശക്കൊട്ട്, ആവേശം കൊടുമുടിയില്‍; നാളെ നിശബ്ദ പ്രചാരണം, മറ്റന്നാള്‍ 7 ജില്ലകളില്‍ വിധിയെഴുത്ത്

വാട്‌സ്ആപ്പ് ഹാക്ക് ചെയ്ത ശേഷം സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കണമെന്ന് ബഹ്‌റൈൻ പൊലീസ്

14 വർഷത്തിലേറെയായി അത്താഴം കഴിച്ചിട്ടില്ല, ശരീരം മെലിയാൻ മുത്തച്ഛന്റെ റൂൾ; ഫിറ്റ്നസ് സീക്രട്ട് വെളിപ്പെടുത്തി മനോജ് ബാജ്പേയ്

ക്രെഡിറ്റ് കാര്‍ഡ് ബില്ലില്‍ കണ്‍ഫ്യൂഷന്‍ ഉണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഇക്കാര്യം ചെയ്തില്ലേ?, ഇനി ദിവസങ്ങൾ മാത്രം; പാൻകാർഡ് പ്രവർത്തനരഹിതമാകും

SCROLL FOR NEXT