തിരുവനന്തപുരം: സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സര്‍ക്കാരിന്റെ ധൂര്‍ത്തും അഴിമതിയുമെന്ന് റോജി എം ജോണ്‍. പെട്രോളിനും ഡീസലിനും വര്‍ധിപ്പിച്ച ഇന്ധന സെസ് പിന്‍വലിക്കണമെന്നും റോജി എം ജോണ്‍ പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം അവതരിപ്പിക്കുയായിരുന്നു അദ്ദേഹം.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് അഭിമൂഖീകരിക്കുന്നത്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് പോലും പണം നല്‍കാനാവുന്നില്ല. ട്രഷറി പൂട്ടിയിട്ടിരിക്കന്നതിന് തുല്യമാണ് ഇന്നത്തെ അവസ്ഥ. നവംബര്‍ വരെ ഡിഎ കുടിശിക 7973 കോടി രൂപ, പെന്‍ഷന്‍കാരുടെ ഡിആര്‍ കുടിശിക 4722 കോടി, പോസ്റ്റ്‌മെട്രിക് കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് കുടിശിക 976 കോടി, കാരുണ്യപദ്ധതി കുടിശിക 732 കോടി ഏകദേശം 26,500 കോടിയലധികം കുടിശികയായി കിടക്കുന്നുവെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്.
അരി പഞ്ചാസാര പയര്‍വര്‍ഗങ്ങള്‍ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്തതിന്റെ കുടിക പൂര്‍ണമായി വിതരണം ചെയ്യാത്തതുമൂലം പലരും ടെണ്ടറില്‍ പങ്കെടുക്കാതെ വിട്ടുനില്‍ക്കുന്നു. ഇതുമൂലം സബ്‌സിഡി സാധനങ്ങള്‍ സംഭരിക്കാനാവാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. എന്തുകൊണ്ടാണ് ഇത്തരമൊരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്തിയത്. കാര്യഗൗരവമായി സഭ ചര്‍ച്ച ചെയ്യണം.
ഈ പ്രതിസന്ധിയുടെ പ്രധാനകാരണം ജിഎസ്ടി നടപ്പാക്കിയപ്പോള്‍ നികുതിഭരണ സംവിധാനത്തില്‍ കാലോചിതമായി വരുത്തേണ്ട മാറ്റങ്ങള്‍ കൊണ്ടുവരുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടതാണ്. ഐജിഎസ്ടി പിരിവ് കാര്യക്ഷമമല്ല, സ്വര്‍ണ നികുതി പിരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതാണ് സാമ്പത്തിക പ്രതിസന്ധിയുടെ മുഖ്യകാരണം. സര്‍ക്കാരിന്റെ ധൂര്‍ത്തും അഴിമതിയും കെടുകാര്യസ്ഥതയും ഒപ്പം കേന്ദ്രസര്‍ക്കാരിന്റെ നിലപാടും ഈ സാമ്പത്തിക പ്രതിസന്ധിയുടെ ആക്കം കൂട്ടി.
കേന്ദ്രസര്‍ക്കാര്‍ ഓരോ മാസവും പ്രസിദ്ധീകരിക്കുന്ന ജിഎസ്ടി കളക്ഷന്‍ റിപ്പോര്‍ട്ടില്‍ ഓരോ മാസത്തെ കണക്ക് പരിശോധിക്കുമ്പോഴും ദേശീയ ശരാശരിയുടെ താഴെയാണ് കേരളത്തിലെ ജിഎസ്ടി കളക്ഷനിലുള്ള വളര്‍ച്ചാ നിരക്ക്. നികുതിപിരിവില്‍ നമുക്ക് ലഭിക്കേണ്ടിയിരുന്ന ആ വര്‍ധനവ് കൈവരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടു എന്നാണ് കാണിക്കുന്നത്.
ഇന്ധന സെസ് വര്‍ധിപ്പിച്ചതിലൂടെ സംസ്ഥാനത്ത് ഡീസലിന്റെയും പെട്രോളിന്റെയും ഉപഭോഗത്തില്‍ കുറവുണ്ടായിട്ടുണ്ട്. ദുരഭിമാനം വെടിഞ്ഞ് അടുത്ത ബജറ്റ് അവതരിപ്പിക്കുമ്പോള്‍ സംസ്ഥാന ഖജനാവിന് ഉണ്ടാകുന്ന നഷ്ടം വിലയിരത്തി സെസ് പിന്‍വലിക്കണമെന്നും റോജി എം ജോണ്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates