കാസർകോട്: കേരള മന്ത്രിസഭയിൽ കാസർകോട് ജില്ലയിൽ നിന്നും ഇത്തവണ മന്ത്രിമാരില്ലെന്ന നിരാശ നിലനിൽക്കെ, അതിർത്തി കടന്ന് കർണാടക സംസ്ഥാന മന്ത്രിസഭയിൽ കാസർകോടിന്റെ പെരുമ ഉയർത്തിപ്പിടിച്ച് മലയാളി സാന്നിധ്യം. കാസർകോട് ഉപ്പള സ്വദേശിയും പ്രമുഖ കോൺഗ്രസ് നേതാവുമായ മംഗളൂരു എംഎൽഎ യുടി ഖാദറാണ് പുതുതായി അധികാരമേൽക്കുന്ന ഡികെ ശിവകുമാർ മന്ത്രിസഭയിൽ മന്ത്രിയായി ചുമതലയേറ്റത്. മംഗളൂരു മണ്ഡലത്തിൽ നിന്നും അഞ്ചു തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഖാദർ, കർണാടക രാഷ്ട്രീയത്തിലെ ഏറ്റവും അറിയപ്പെടുന്ന ന്യൂനപക്ഷ പ്രതിനിധി കൂടിയാണ്. മുൻപ് കർണാടക മന്ത്രിസഭയിൽ ആരോഗ്യ മന്ത്രിയായി മികച്ച പ്രവർത്തനം കാഴ്ചവെച്ച് തിളങ്ങിയിട്ടുള്ള അദ്ദേഹം, നിലവിൽ കർണാടക നിയമസഭാ സ്പീക്കറായി പ്രവർത്തിക്കുകയായിരുന്നു.
പ്രോട്ടോക്കോൾ പരിമിതികൾ നിലനിൽക്കുന്ന സ്പീക്കർ സ്ഥാനം ഒഴിഞ്ഞ് താൻ മന്ത്രി പദവിയിലേക്ക് മാറുന്നത് ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങിയുള്ള പ്രവർത്തനങ്ങൾ സുഗമമാക്കാനാണെന്ന് യുടി ഖാദർ വ്യക്തമാക്കി. തീരദേശ കർണാടകയിൽ നിന്നും ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നും ഉയർന്നുവന്ന ശക്തമായ ആവശ്യങ്ങൾ പരിഗണിച്ചാണ് കോൺഗ്രസ് ഹൈക്കമാൻഡ് ഇത്തരമൊരു നിർണ്ണായക തീരുമാനമെടുത്തതെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നുള്ള സൂചന. അഞ്ചു തവണ ജനപ്രതിനിധിയായ ഖാദർ, തന്റെ പിതാവും മുൻ എംഎൽഎയുമായിരുന്ന യുടി ഫരീദിന്റെ വിയോഗത്തെ തുടർന്ന് 2007-ൽ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെയാണ് ആദ്യമായി കർണാടക നിയമസഭയിൽ എത്തിയത്. അന്ന് ഉള്ളാൾ മണ്ഡലമെന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം ഇപ്പോൾ മംഗളൂരു നിയമസഭാ മണ്ഡലത്തിന്റെ ഭാഗമാണ്. പിതാവിന്റെ വിയോഗത്തോടെ ഒഴിഞ്ഞുകിടന്ന ഈ സീറ്റിൽ നിന്നും രാഷ്ട്രീയ യാത്ര ആരംഭിച്ച ഖാദർ, പിന്നീട് കർണാടക രാഷ്ട്രീയത്തിലെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു.
യുടി ഖാദറിന് പുറമെ മറ്റൊരു മലയാളി കൂടി കർണാടക മന്ത്രിസഭയിൽ അംഗമായി എന്നത് ശ്രദ്ധേയമാണ്. കോട്ടയം സ്വദേശിയായ കെജെ ജോർജ് ആണ് കർണാടക മന്ത്രിസഭയിലെ രണ്ടാമത്തെ മലയാളി സാന്നിധ്യം. ബെംഗളൂരു കേന്ദ്രീകരിച്ച് ദീർഘകാലമായി പ്രവർത്തിക്കുന്ന പ്രമുഖ കോൺഗ്രസ് നേതാവായ ജോർജ്, മുൻപ് കർണാടകത്തിലെ സുപ്രധാനമായ ആഭ്യന്തര മന്ത്രി പദവിയും കൈകാര്യം ചെയ്തിട്ടുണ്ട്. രണ്ട് മലയാളി പ്രമുഖർ ഒരേസമയം കർണാടക ഭരണസിരാകേന്ദ്രത്തിൽ മന്ത്രിമാരായി എത്തുമ്പോൾ, അത് അതിർത്തി ജില്ലയായ കാസർകോടിനും കേരളത്തിനും ഒരുപോലെ അഭിമാന മുഹൂർത്തമായി മാറുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates