കൊച്ചി: മുസ്ലീം ലീഗ് സംഘടിപ്പിച്ച ഗാസ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ പങ്കെടുക്കാതെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ ലിസ്റ്റില്‍ വിഡി സതീശന്റെ പേരും ഉണ്ടായിരുന്നു. എറണാകുളം മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിച്ച സമ്മേളനം ഐയുഎംഎല്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പലസ്തീന്‍ അംബാസഡര്‍ അബ്ദുല്ല മുഹമ്മദ് അബു ഷാവേഷ് മുഖ്യാതിഥിയായി.
ഇന്ത്യ എന്നും പലസ്തീനൊപ്പമായിരുന്നുവെന്ന് ചടങ്ങില്‍ പങ്കെടുത്ത മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പലസ്തീന്‍ അറബികളുടേതാണെന്ന് ഇന്ത്യ അംഗീകരിച്ചതാണെന്നും ഇന്ന് രാജ്യം ഭരിക്കുന്നവര്‍ അത് മറന്നിരിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഗാസയിലെ കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതി കണ്ട് മിണ്ടാതിരിക്കാനാവില്ലെന്നും എല്ലാവരും മനസുകൊണ്ടെങ്കിലും ഈ ക്രൂരതയെ എതിര്‍ക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
'കുഞ്ഞുങ്ങളെ കൊന്നൊടുക്കുകയാണ് ഇസ്രയേല്‍. പലസ്തീനിലെ രാഷ്ട്രീയത്തില്‍ അഭിപ്രായവ്യത്യാസമുണ്ടായിരിക്കാം. അതിന് വംശഹത്യയാണോ പരിഹാരം? മറ്റൊരു പോംവഴിയില്ലേ? ലോകരാജ്യങ്ങള്‍ എന്താണ് മിണ്ടാത്തത്? ഇപ്പോള്‍ ഫ്രാന്‍സും ബ്രിട്ടനും മറ്റ് ചില രാജ്യങ്ങളും പലസ്തീന്‍ എന്ന രാജ്യത്തെ അംഗീകരിക്കാന്‍ തയ്യാറാവുന്നുണ്ട്. അമേരിക്ക ഇതുവരെ അതിന് തയ്യാറായിട്ടില്ല. അവര്‍ ലോകജനതയെ വെല്ലുവിളിക്കുകയാണ്. നമുക്ക് മിണ്ടാതിരിക്കാനാവുമോയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.
ജാതിമത വ്യത്യാസമില്ലാതെ ഹൈന്ദവ പുരോഹിതരും ക്രൈസ്തവ മേലധ്യക്ഷന്മാരും ഇസ്ലാം മതപണ്ഡിതരും മാധ്യമപ്രവര്‍ത്തകരും ചിന്തകരും എല്ലാവരും ഗാസയില്‍ നടക്കുന്ന കൂട്ടക്കുരുതിക്ക് എതിരായി ശബ്ദിക്കുകയാണ്. ലോകത്ത് ഒരുപാട് പേര്‍ ആ മനുഷ്യക്കുരുതിക്കെതിരായി ശബ്ദിക്കുന്നവരാണ്. ഒരിറ്റു കണ്ണീര്, ഒരു വാക്ക്, അതെങ്കിലും ആ മനുഷ്യക്കുരുതിക്കെതിരായി, ആ കുഞ്ഞുങ്ങള്‍ക്കായി നമ്മള്‍ ചെയ്തില്ലെങ്കില്‍ തെറ്റായിപ്പോകും. കുഞ്ഞുങ്ങളുടെ കുരുതി കണ്ട് മിണ്ടാതിരിക്കാനാവില്ല. എല്ലാവരും മനസുകൊണ്ടെങ്കിലും ഈ ക്രൂരതയെ എതിര്‍ക്കണം. ദുഷ്ടതയ്ക്കെതിരായ യുദ്ധത്തില്‍ മുസ്ലീം ലീഗും അണിചേരുന്നുവെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates