തിരുവനന്തപുരം: കേരള സർവകലാശാലയിൽ രജിസ്ട്രാർ- വൈസ് ചാൻസലർ പോര് തുടരുന്നു. സസ്പെൻഷനിലായ രജിസ്ട്രാർ ഡോ. കെ എസ് അനിൽ കുമാറിന്റെ ശമ്പളം തടയാൻ വൈസ് ചാൻസലർ മോഹൻ കുന്നുമ്മലിന്റെ നിർദ്ദേശം. അനിൽ കുമാറിന്റെ ശമ്പളം തടഞ്ഞുവെക്കാനും നിയമപ്രകാരമുള്ള ഉപജീവന ബത്ത അനുവദിക്കാനുമാണ് വി സി ഫൈനാൻസ് ഓഫീസർക്ക് നിർദ്ദേശം നൽകിയത്.
ജൂലായ് രണ്ടിനാണ് വൈസ് ചാൻസലർ പ്രത്യേക അധികാരം ഉപയോഗിച്ച് രജിസ്ട്രാറായിരുന്ന കെ എസ് അനിൽ കുമാറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ജൂലായ് ആറിന് ചേർന്ന അടിയന്തര സിൻഡിക്കേറ്റ് യോഗത്തിൽ രജിസ്ട്രാറുടെ സസ്പെൻഷൻ പിൻവലിക്കുകയായിരുന്നു. താൽക്കാലിക വിസി സിസ തോമസിന്റെ സാന്നിധ്യത്തിലായിരുന്നു യോഗം.
ബഹളത്തെത്തുടർന്ന് സിസ തോമസ് സിൻഡിക്കേറ്റ് യോഗം പിരിച്ചു വിട്ടതായി അറിയിച്ചെങ്കിലും, ഇടതുപക്ഷ സിൻഡിക്കേറ്റ് അംഗങ്ങൾ യോഗം ചേർന്ന് അനിൽ കുമാറിന്റെ സസ്പെൻഷൻ പിൻവലിക്കുകയായിരുന്നു. സസ്പെൻഷൻ പിൻവലിച്ചതിന് പിന്നാലെ അനിൽകുമാർ ഓഫീസിലെത്തിയിരുന്നു. ഇതിനിടെ ഡോ. മിനി കാപ്പന് വിസി രജിസ്ട്രാറുടെ ചുമതല നൽകിയിരുന്നു.
ഭാരതാംബ ചിത്രവിവാദമായിരുന്നു രജിസ്ട്രാറുടെ സസ്പെൻഷനിൽ കലാശിച്ചത്. അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറെ കണ്ട് സംസാരിക്കുകയും എസ്എഫ്‌ഐ സമരം നിർത്തുകയും ചെയ്തതോടെയാണ് കേരള സർവകലാശാലയിലെ സംഘർഷങ്ങൾ ശമിച്ചത്. അതേസമയം അനിൽ കുമാറിന്റെ സസ്പെൻഷൻ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന വിസിയുടെ നിലപാടാണ് പുതിയ ഉത്തരവിലൂടെ വ്യക്തമാകുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates