കൊച്ചി: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്ഷണിക്കപ്പെടാതെ എത്തിയ പി പി ദിവ്യയെ യാത്രയയപ്പ് സമ്മേളനത്തില്‍ നിന്നും ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ വിലക്കണമായിരുന്നു. ജില്ലാ കലക്ടര്‍ക്കും ഇതില്‍ പങ്കുണ്ട്. അദ്ദേഹം നടത്തിയ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ ദിവ്യ കടന്നു വന്നപ്പോള്‍, സോറി മാഡം ഇതു ഞങ്ങളുടെ ഡൊമസ്റ്റിക് പ്രോഗ്രാം ആണെന്ന് പറയേണ്ട ഉത്തരവാദിത്തം അയാള്‍ക്കുണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് പറഞ്ഞു.
പി പി ദിവ്യ അടുത്തിരുന്ന് ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ട് പോകുന്ന ഉദ്യോഗസ്ഥനെക്കുറിച്ച് മോശമായി സംസാരിക്കുമ്പോള്‍, ദയവുചെയ്ത് നിങ്ങള്‍ ഇതു നിര്‍ത്തണം, ഇത് അതിനുള്ള വേദിയല്ല എന്ന് കലക്ടര്‍ പറയണമായിരുന്നു. രാവിലെ നിശ്ചയിച്ച പരിപാടി എന്തിനാണ് കലക്ടര്‍ ഉച്ചയ്ക്കു ശേഷത്തേക്ക് മാറ്റിയത്. ആരാണ്, പാര്‍ട്ടിയുടെ ഏത് നേതാവാണ് ഇതിനുവേണ്ടി ഇടപെട്ടത്. കലക്ടര്‍ നടത്തിയതും ശരിയായ കാര്യമല്ല എന്നും വിഡി സതീശന്‍ പറഞ്ഞു.
ദിവ്യക്കെതിരെ സിപിഎം ഇപ്പോള്‍ നടപടി സ്വീകരിച്ചത് തെരഞ്ഞെടുപ്പ് കാലം ആയതു കൊണ്ടാണ്. ദിവ്യയെ നീക്കം ചെയ്തതുകൊണ്ട് പോകുന്ന കാര്യമല്ല ഇത്. ഇവര്‍ ചെയ്തതിനേക്കാള്‍ വലിയ ക്രൂരത സിപിഎം ചെയ്തു. എഡിഎമ്മിനെ അഴിമതിക്കാരനാക്കാന്‍ വേണ്ടി, അപകടകരമായ ശ്രമം നടത്തി. വിവരം അറിഞ്ഞപ്പോള്‍ തന്നെ പത്തനംതിട്ടയിലേയും കണ്ണൂരിലേയും ഞങ്ങളുടെ എന്‍ജിഒ അസോസിയേഷന്‍ നേതാക്കളെ ബന്ധപ്പെട്ടു. അവര്‍ പറഞ്ഞത് നവീന്‍ നമ്മുടെ കൂടെയുള്ള ആളല്ല, അദ്ദേഹം സിപിഎം പാര്‍ട്ടി കുടുംബമാണ്. പക്ഷെ അഴിമതിക്കാരനാണെന്ന് പറഞ്ഞാല്‍ സമ്മതിക്കില്ലെന്നാണ് ഞങ്ങളുടെ ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞത്.
പാര്‍ട്ടി നേതാവിനെ രക്ഷിക്കാന്‍ വേണ്ടി പാര്‍ട്ടി കുടുംബത്തില്‍പ്പെട്ട ആളോട് പോലും നീതി കാണിക്കാത്ത പാര്‍ട്ടിയാണ് സിപിഎം. എഡിഎം നവീന്‍ബാബു, സംരഭകനില്‍ നിന്ന് 98,500 രൂപ കൈക്കൂലി വാങ്ങിയെന്ന കഥ സിപിഎം ഉണ്ടാക്കിയതാണ്. നവീന്‍ ബാബുവിന്റെ കുടുംബത്തോടും കേരളത്തിലെ ജനങ്ങളോടും മാപ്പു പറയണം. ദിവ്യയെ രക്ഷിക്കാന്‍ വേണ്ടി, മരിച്ച എഡിഎമ്മിനെതിരെ വ്യാജരേഖ കെട്ടിച്ചമച്ച ആളുകളെക്കുറിച്ചു കൂടി അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates