തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്നും ശക്തമായ എതിര്‍പ്പ് തുടരുമ്പോഴും, എന്‍. ശേഷാദ്രിനാഥനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കാനുളള നീക്കവുമായി മുഖ്യമന്ത്രി വിഡി സതീശന്‍ മുന്നോട്ട്. ശേഷാദ്രിനാഥനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കാനുളള മന്ത്രിസഭയുടെ ശുപാര്‍ശ അടങ്ങുന്ന ഫയല്‍ ലോക് ഭവനിലേക്ക് മുഖ്യമന്ത്രി അയച്ചിരിക്കുകയാണ്.
മന്ത്രിസഭാ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചാല്‍ മാത്രമേ നിയമനം പ്രാബല്യത്തില്‍ വരു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമന ഫയല്‍ ഗവര്‍ണറുടെ ഓഫീസില്‍ ലഭിച്ചതായി ലോക് ഭവന്‍ സ്ഥിരീകരിച്ചു. ഗവര്‍ണര്‍ സംസ്ഥാനത്ത് തിരിച്ചെത്തിയാലുടന്‍ ഫയലില്‍ തീരുമാനം എടുക്കുമെന്നും ലോക് ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു. തമിഴ് നാടിന്റെ ചുമതല കൂടിയുളളതിനാല്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ജൂലൈ 5 വരെ ചെന്നൈയിലാണ്.
ജൂലൈ 6ന് തിരിച്ചെത്തുന്ന ഗവര്‍ണര്‍, അന്നുതന്നെ നിയമന ഫയലില്‍ ഒപ്പുവെച്ചേക്കും. സംഘപരിവാര്‍ അനുകൂലി ആണെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ജില്ലാ ജഡ്ജിയായി വിരമിച്ച എന്‍. ശേഷാദ്രിനാഥന്റെ നിയമനത്തെ എതിര്‍ക്കുന്നത്. പശ്ചാത്തലം സംഘപരിവാര്‍ ആയത് കൊണ്ടുതന്നെ ശേഷാദ്രിനാഥനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കുന്നതിനോട് ലോക് ഭവന് എതിര്‍പ്പില്ല. അതിനാല്‍ ഗവര്‍ണര്‍ തലസ്ഥാനത്ത് തിരിച്ചെത്തിയാല്‍ വളരെ പെട്ടെന്ന് തന്നെ തീരുമാനം എടുക്കുമെന്നാണ് ലോക് ഭവന്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ജില്ലാ ജഡ്ജിയായി വിരമിച്ച എന്‍. ശേഷാദ്രിനാഥനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചത്. നിയമന വിവരം പുറത്തുവന്നതിന് പിന്നാലെ ശേഷാദ്രിനാഥന്റെ രാഷ്ട്രീയ പശ്ചാത്തലം ചൂണ്ടിക്കാട്ടിക്കൊണ്ട് എതിര്‍പ്പുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി.
ദീര്‍ഘനാളായി ജുഡീഷ്യല്‍ സര്‍വീസില്‍ ആയിരുന്നെങ്കിലും സംഘപരിവാര്‍ രാഷ്ട്രീയം പിന്‍പറ്റുന്നയാളാണ് എന്‍.ശേഷാദ്രിനാഥന്‍ എന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ നിയമനത്തെ എതിര്‍ക്കുന്നത്. കെപിസിസി ജനറല്‍ സെക്രട്ടറി പി.എം. നിയാസാണ് എതിര്‍പ്പ് പരസ്യമാക്കി രംഗത്ത് വന്നത്. സംഘപരിവാറിനെ അനുകൂലിക്കുന്ന നിലപാട് എടുത്ത സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ തെളിവുകളും ആയിട്ടാണ് പി.എം.നിയാസ് നിയമനത്തെ എതിര്‍ത്ത് നിലപാടെടുത്തത്.
വിമര്‍ശനം വന്നതോടെ ശേഷാദ്രിനാഥന്റെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളില്‍ നിന്ന് സംഘപരിവാര്‍ അനുകൂല പോസ്റ്റുകള്‍ അപ്രത്യക്ഷമായിട്ടുണ്ട്. കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയ പശ്ചാത്തലമുളള ശേഷാദ്രിനാഥനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കരുത് എന്നാവശ്യപ്പെട്ട് പി.എം.നിയാസ് മുഖ്യമന്ത്രിക്കും കെ.പി.സി.സി നേതൃത്വത്തിനും കത്ത് നല്‍കിയിരുന്നു.
കണ്ണുളളവര്‍ എല്ലാം കാണുന്നുണ്ട്, എന്നാല്‍ കാണേണ്ടവര്‍ കാണുന്നില്ലെന്നാണ് പി.എം.നിയാസിന്റെ പ്രതികരണം. അതേസമയം, നിയാസ് ഉള്‍പ്പെടെയുളളവരുടെ എതിര്‍പ്പിനെ അവഗണിച്ച് മുന്നോട്ടുപോകാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം. എതിര്‍പ്പുമായി രംഗത്തുവന്ന പി.എം.നിയാസ് കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളില്‍ കെ.സി.വേണുഗോപാലിന് ഒപ്പമാണ്. സര്‍ക്കാരിന് എതിരെ കെ സി പക്ഷത്തിന്റെ ആസൂത്രിത നീക്കമാണോ എതിര്‍പ്പെന്ന സംശയത്തിലാണ് മുഖ്യമന്ത്രി വി.ഡി.സതീശന്‍ നിയമനവുമായി മുന്നോട്ടുപോകുന്നതെന്നാണ് സൂചന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates