തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി വിഡി സതീശൻ രംഗത്ത്. വൈദ്യുതി മന്ത്രി അയച്ച ഫയലിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യത കൂടി പരിശോധിച്ച് ഉചിതമായ തീരുമാനമാണ് സർക്കാർ കൈക്കൊണ്ടതെന്നും, ഉദ്യോഗസ്ഥർ കൊണ്ടുവരുന്ന ഏത് പേപ്പറിന് താഴെയും കണ്ണടച്ച് ഒപ്പിടുന്നത് സർക്കാരിന്റെ ശൈലിയല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സോളാർ സമയത്തും പീക്ക് അവറിലും ഉയർന്ന നിരക്കിൽ കുറഞ്ഞ വൈദ്യുതി നൽകുന്ന കരാറിന് പ്രതിപക്ഷ നേതാവ് എന്തിനാണ് കുടപിടിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും, ജനങ്ങൾക്കുമേൽ അധിക ബാധ്യത അടിച്ചേൽപ്പിക്കുന്ന ഒരു തീരുമാനവും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ സർക്കാരിന്റെ കാലത്ത് 25 വർഷത്തേക്ക് 4.29 രൂപ നിരക്കിൽ യുഡിഎഫ് സർക്കാർ കൊണ്ടുവന്ന ദീർഘകാല കരാർ എട്ട് വർഷത്തെ ഉപയോഗത്തിന് ശേഷം റദ്ദാക്കുകയും, പിന്നീട് 8 മുതൽ 14 രൂപ വരെ നിരക്കിൽ സ്വകാര്യ ഏജൻസികളിൽ നിന്ന് വൈദ്യുതി വാങ്ങാൻ കുടപിടിച്ച മുൻ സർക്കാരിന്റെ നടപടിയാണ് ജനദ്രോഹപരമെന്നും മുഖ്യമന്ത്രി വിമർശിച്ചു.
12.50 രൂപയ്ക്ക് വൈദ്യുതി നൽകാമെന്ന ഉറപ്പ് ഹിമാചൽ പ്രദേശ് അധികാരികൾ കെ.എസ്.ഇ.ബിക്ക് നൽകിയിട്ടില്ലെന്നും, കെ.എസ്.ഇ.ബിക്ക് പോലും ലഭിക്കാത്ത ആ പ്രൊപ്പോസൽ പ്രതിപക്ഷ നേതാവിന് എവിടെ നിന്നാണ് ലഭിച്ചതെന്ന് പുറത്തുവിടാൻ തയ്യാറാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഹിമാചൽ താരിഫ് സംബന്ധിച്ച് മുൻ കെ.എസ്.ഇ.ബി ചെയർമാൻ വ്യക്തമാക്കിയത് ഔദ്യോഗികമായി അംഗീകരിക്കാത്തപക്ഷം ഈ നിരക്ക് ഉറപ്പായി കണക്കാക്കാനാവില്ലെന്നാണ്. പി.ടി.സി എന്ന ഇടനിലക്കാർ വഴിയാണ് ഈ കരാറെന്നും അവരുടെ മാർജിൻ കൂടി ഉൾപ്പെടുത്തിയാണ് 14.50 രൂപ നിരക്ക് നിശ്ചയിച്ചതെന്നുമുള്ള വസ്തുത പ്രതിപക്ഷ നേതാവ് സൗകര്യപൂർവം മറച്ചുവെക്കുകയാണോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. രാജസ്ഥാൻ ബോർഡ് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാൻ കരാർ അംഗീകരിച്ചിരിക്കെ, ഹിമാചൽ എങ്ങനെയാണ് കുറഞ്ഞ നിരക്കിൽ കേരളത്തിന് നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ജി.എൻ.എ ഒരു ഉൽപാദന കമ്പനിയല്ലെന്ന് ഇപ്പോൾ കുറ്റപ്പെടുത്തുന്നവർ, മുൻപ് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇതേ സ്ഥാപനം വഴി പലവട്ടം വൈദ്യുതി വാങ്ങിയിട്ടുണ്ടെന്ന കാര്യം മനപ്പൂർവം മറച്ചുവെക്കുകയാണെന്നും, ഇത് പ്രതിപക്ഷ നേതാവിനെ നാണം കെടുത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു
സെപ്റ്റംബറിൽ കേരളത്തിൽ പവർകട്ട് ഏർപ്പെടുത്തേണ്ടി വന്ന സാഹചര്യവും മുഖ്യമന്ത്രി വിശദീകരിച്ചു. തുടർന്ന് ഒക്ടോബറിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നും പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും വൈദ്യുതി വാങ്ങിയാണ് പവർകട്ട് ഒഴിവാക്കിയത്. ഓപ്പൺ ടെൻഡർ വഴി ആവശ്യമായ വൈദ്യുതി ലഭ്യമല്ലെന്നും പവർകട്ട് ഒഴിവാക്കാൻ മുന്നിലുള്ള കരാറുകളിൽ അടിയന്തര തീരുമാനം എടുക്കണമെന്നും ആവശ്യപ്പെട്ടാണ് കെ.എസ്.ഇ.ബി സർക്കാരിന് ഫയൽ സമർപ്പിച്ചത്. നവംബറിൽ പവർകട്ട് ഉണ്ടാകുമെന്ന തരത്തിൽ ഒക്ടോബർ അവസാന വാരം മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നതായും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. പവർകട്ട് ഒഴിവാക്കാൻ ഏതാണ് അഭികാമ്യമെന്ന ചോദ്യത്തിന്മേലാണ് സർക്കാർ ഈ സാമ്പത്തിക പരിശോധന നടത്തി തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates