തിരുവനന്തപുരം: സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ പത്തുമണിക്കാണ് സത്യപ്രതിജ്ഞ. സതീശനൊപ്പം ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും. സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എംപി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരെത്തും. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളും ചടങ്ങിന് സാക്ഷികളാകും. തമിഴ്‌നാട് മുഖ്യമന്ത്രി വിജയിനെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കും.
സതീശന്‍ ലോക്ഭവനിലെത്തി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദമുന്നയിച്ചു. ദീപാദാസ് മുന്‍ഷിയും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും വിഡി സതീശനൊപ്പം ലോക്ഭവനിലെത്തി. എംഎല്‍എമാരുടെ പിന്തുണ അറിയിച്ചുകൊണ്ടുള്ള കത്ത് വിഡി സതീശന്‍ ഗവര്‍ണര്‍ക്ക് കൈമാറി. അതിനിടെ സതീശനെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു. സണ്ണി ജോസഫ് പ്രമേയം പാസാക്കി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പിന്താങ്ങി.
മുഖ്യമന്ത്രിയായി സതീശനെ കോണ്‍ഗ്രസ് തെരഞ്ഞെടുത്തതിനു പിന്നാലെ പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തിരഞ്ഞെടുത്ത് സിപിഎം. സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. ആദ്യമായാണ് പിണറായി വിജയന്‍ പ്രതിപക്ഷനേതൃ സ്ഥാനം ഏറ്റെടുക്കുന്നത്. പത്തു വര്‍ഷം മുഖ്യമന്ത്രിയായിരുന്നതിനു ശേഷമാണ് പിണറായി വിജയന്‍ പ്രതിപക്ഷനിരയെ നയിക്കാന്‍ എത്തുന്നത്.
സതീശന് എല്ലാവിധ പിന്തുണയും നല്‍കുമെന്നും അടുത്ത അഞ്ചു വര്‍ഷം കേരളത്തിന്റെ സുവര്‍ണ കാലമാകട്ടെ എന്ന് ആശംസിക്കുന്നുവെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി പറഞ്ഞു. വിഡി സതീശനുമായി വീട്ടില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു ആന്റണി. '2001ല്‍ കോണ്‍ഗ്രസിന് വലിയ ഭൂരിപക്ഷം കിട്ടിയപ്പോഴാണ് ഞാന്‍ മുഖ്യമന്ത്രി ആയത്. അന്നും ആദ്യം വലിയ ആരവമൊക്കെ ലഭിച്ചിരുന്നു. എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ ആരവങ്ങള്‍ കെട്ടടങ്ങുകയും മാധ്യമങ്ങള്‍ എനിക്കെതിരായി തിരിയുകയും ചെയ്തു. അന്നത്തെ സാഹചര്യത്തിനു പരിഹാരം കാണാന്‍ സര്‍ക്കാര്‍ എടുത്ത ചില കടുത്ത തീരുമാനങ്ങളാണ് അതിനു കാരണമായത്.
മുഖ്യമന്ത്രിക്ക് ഡല്‍ഹിക്കു പോകാന്‍ വിമാനടിക്കറ്റ് പോലും എടുക്കാന്‍ തരമില്ലാത്ത തരത്തില്‍ സാമ്പത്തിക പ്രതിസന്ധിയായിരുന്നു. അതു പരിഹരിക്കാനാണ് എല്ലാവരുമായി ആലോചിച്ച് കടുത്ത തീരുമാനങ്ങളെടുത്തത്. അതോടെ ആര്‍പ്പുവിളിച്ചവരെല്ലാം തിരിഞ്ഞു. ആ സ്ഥിതി സതീശനും സംഘത്തിനുമുണ്ടാകരുത്. അതുകൊണ്ട് ആദ്യനാളുകളില്‍ തന്നെ ഒന്നിനു പുറകേ ഒന്നായി ജനപ്രിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കരുത്. കുറച്ചു സമയം കൊടുക്കണം. ഇതു സാമ്പത്തികമായി തകര്‍ന്നടിഞ്ഞു പാപ്പരായ സംസ്ഥാനമാണ്. നാടിനെ അതില്‍നിന്നു കരകയറ്റാന്‍ സതീശന് അവസരം നല്‍കണം' - ആന്റണി പറഞ്ഞു.
ഇത്തവണ തെരഞ്ഞെടുപ്പില്‍ വിഡി സതീശന് ജനങ്ങള്‍ക്കിടയില്‍നിന്നു കിട്ടിയ പിന്തുണ പോലെ ഒന്ന് ഇതുവരെ കണ്ടിട്ടില്ലെന്ന് വിഎം സുധീരന്‍ പറഞ്ഞു. വീട്ടമ്മമാരും കുട്ടികളും ചെറുപ്പക്കാരും മുതിര്‍ന്നവരും ഒരേ പോലെ പ്രതികരിച്ച കാര്യം കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. പൊതുവികാരം വായിച്ചറിഞ്ഞാണ് ഇത്ര അനുയോജ്യമായ തീരുമാനം ഹൈക്കമാന്‍ഡ് എടുത്തത്. സതീശനാണ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിച്ചത്. 100 സീറ്റിലധികം കിട്ടിയില്ലെങ്കില്‍ വനവാസത്തിനു പോകുമെന്ന് സതീശന്‍ പറഞ്ഞത് വലിയ ആത്മവിശ്വാസമാണ് അണികള്‍ക്കു പകര്‍ന്നു നല്‍കിയത്. വര്‍ഗീയ കക്ഷികളുമായി സന്ധിയില്ലെന്ന് പറഞ്ഞ് കോണ്‍ഗ്രസിന്റെ മതേതര മുഖം ഉയര്‍ത്തിപ്പിടിച്ചതാണ് ജനങ്ങളില്‍നിന്നു പിന്തുണ ലഭിക്കാന്‍ കാരണം. എല്ലാ ഘടകകക്ഷികളെയും ഒരുമിച്ചു നിര്‍ത്താനും സതീശനു കഴിഞ്ഞുവെന്നും സുധീരന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates