

ന്യൂഡല്‍ഹി: ആലിംഗന വിവാദത്തില്‍ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. പ്രധാനമന്ത്രിയെ അധിക്ഷേപിച്ച രാഹുല്‍ഗാന്ധിയുടെ പരാമര്‍ശം അപലപനീയമാണ്. രാഹുലിന്റെ നടപടി പ്രതിപക്ഷ നേതാവ് എന്ന പദവിക്ക് നിരക്കാത്തതാണ്. അപമാനിച്ചത് ഇന്ത്യയുടെ വിദേശബന്ധങ്ങളെയാണെന്നും രാജ് നാഥ് സിങ് കുറ്റപ്പെടുത്തി.
'പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഇന്ത്യയുടെ വിദേശനയത്തെയും കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ നിന്ദ്യവും അപലപനീയവുമാണ്. ഒരു ലോക്‌സഭ പ്രതിപക്ഷ നേതാവില്‍ നിന്നും ഇത്തരം മാന്യമല്ലാത്ത പെരുമാറ്റം സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്തതാണ്. രാഹില്‍ ഗാന്ധി പ്രധാനമന്ത്രിയെ മാത്രമല്ല, അന്താരാഷ്ട്ര തലത്തിലുള്ള ഇന്ത്യയുടെ യശസ്സിനെയുമാണ് അപമാനിച്ചത്. ഗാന്ധി എന്ന കുടുംബപ്പേരുള്ള ഒരാള്‍ക്ക് ഇത്രയും ലജ്ജാകരമായ പരാമര്‍ശം നടത്താന്‍ കഴിയുമെന്ന് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കില്ല.' രാജ്‌നാഥ് സിങ് അഭിപ്രായപ്പെട്ടു.
എന്താണ് രാഹുലിന്റെ പരാമര്‍ശം?
വ്യാഴാഴ്ച നടന്ന രച്നാത്മക് കോണ്‍ഗ്രസ് ദേശീയ കണ്‍വെന്‍ഷനിലാണ് രാഹുല്‍ഗാന്ധിയുടെ വിവാദമായ പരാമര്‍ശം ഉണ്ടായത്. വിദേശ രാഷ്ട്രത്തലവന്മാരെ കെട്ടിപ്പിടിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ രീതിയെവിമര്‍ശിച്ചുകൊണ്ട്, നരേന്ദ്ര മോദിയുടെ നയതന്ത്ര ശൈലിയെയാണ് രാഹുല്‍ ഗാന്ധി പരിഹസിച്ചത്. വേദിയില്‍ കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിതിനെ ആലിംഗനം ചെയ്തശേഷമായിരുന്നു രാഹുലിന്റെ പ്രസ്താവന.
'പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഈ ആശയം എവിടെ നിന്നാണ് ലഭിച്ചതെന്ന് എനിക്കറിയില്ല. വിചിത്രമായ ആശയങ്ങള്‍ ആളുകളുടെ തലയില്‍ കയറുന്നു. ഇതാണ് വിദേശനയമെന്ന് പ്രധാനമന്ത്രി കരുതുന്നു' സന്ദീപ് ദീക്ഷിതിനെ കെട്ടിപ്പിടിച്ചശേഷം രാഹുല്‍ ഗാന്ധി പറഞ്ഞു. ഞാന്‍ മെലോണി ആണെന്ന് കരുതിയാണോ കെട്ടിപ്പിടിച്ചതെന്ന് സന്ദീപ് ദീക്ഷിത് രാഹുലിനോട് ചോദിച്ചു. താന്‍ ഇതുവരെ ആ ഘട്ടത്തില്‍ എത്തിയില്ലെന്ന് രാഹുല്‍ മറുപടിയും നല്‍കി. ഇതാണ് പിന്നീട് വിവാദമായത്.
രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം അപക്വമാണെന്ന് ബിജെപി വിമര്‍ശിച്ചു. നിര്‍ഭാഗ്യകരവും നിന്ദ്യവുമായ പരാമര്‍ശമാണത്. പ്രതിപക്ഷ നേതാവ് പദവിയിലിരിക്കുന്ന, പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ക്ക് യോജിച്ചതല്ല അത്തരം പരാമര്‍ശങ്ങളെന്നും ബിജെപി വക്താവ് സഞ്ജു വര്‍മ കുറ്റപ്പെടുത്തി. എന്നാല്‍ രാഹുല്‍ ഗാന്ധി ഇറ്റലി പ്രധാനമന്ത്രിയെ അപമാനിച്ചിട്ടില്ലെന്നും, ജോര്‍ജിയ മെലോണിയുടെ പേര് രാഹുല്‍ പരാമര്‍ശിച്ചിട്ടു പോലുമില്ലെന്നും കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates