

ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിന്റെ തലേദിവസം വിഭജന ഭീകരത അനുസ്മരണ ദിനമായി ആചരിച്ച് ബിജെപി. ഇന്ത്യ വിഭജന വേളയിൽ ജീവൻ നഷ്ടപ്പെടുകയും കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്ത ദശലക്ഷക്കണക്കിന് ആളുകൾക്ക് ആദരമർപ്പിച്ചാണ് ബിജെപി നേതൃത്വം ഇത്തരമൊരു ദിനാചരണത്തിന് തുടക്കം കുറിച്ചത്. രാജ്യവിഭജനത്തിന് വഴിവെച്ചത് അന്നത്തെ കോൺഗ്രസ് നേതൃത്വത്തിന്റെ നയപരമായ വലിയ വീഴ്ചകളും അധികാര രാഷ്ട്രീയവുമാണെന്ന് ബിജെപി ദേശീയ പ്രസിഡന്റ് നിതിൻ നബിൻ കുറ്റപ്പെടുത്തി.
വിഭജന സമയത്തുണ്ടായ കലാപങ്ങളിലും കൂട്ടപ്പലായനങ്ങളിലും ജീവൻ ബലിയർപ്പിക്കേണ്ടിവന്ന നിരപരാധികളെ ഓർക്കുന്നതിനായി 2021 മുതലാണ് നരേന്ദ്ര മോദി സർക്കാർ ഓഗസ്റ്റ് 14 വിഭജന ഭീകരത അനുസ്മരണ ദിനമായി ആചരിച്ചുതുടങ്ങിയത്. അന്നത്തെ കോൺഗ്രസ് നേതൃത്വത്തിന്റെ വീഴ്ചകൾ ഭാരതാംബയുടെ അഖണ്ഡതയിലും അന്തസ്സിലും ആഴത്തിലുള്ള മുറിവുകളാണ് സൃഷ്ടിച്ചതെന്ന് നിതിൻ നബിൻ എക്സിൽ കുറിച്ചു.
രാഷ്ട്രീയ മോഹങ്ങളും സങ്കുചിത ചിന്താഗതികളും മൂലം മതത്തിന്റെ പേരിൽ രാജ്യം വിഭജിക്കപ്പെട്ടതിന്റെ വേദന ഇന്നും ജനങ്ങളുടെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപ. നദ്ദ പറഞ്ഞു. സർവ്വതും നഷ്ടപ്പെട്ടിട്ടും പുതിയ ജീവിതം കെട്ടിപ്പടുക്കുകയും രാജ്യത്തിന്റെ പുനർനിർമ്മാണത്തിൽ പങ്കാളികളാകുകയും ചെയ്ത കുടുംബങ്ങളുടെ ത്യാഗത്തെ അദ്ദേഹം അനുസ്മരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ദിനം പ്രഖ്യാപിച്ചത് അന്നത്തെ യാതനകളെയും ത്യാഗങ്ങളെയും ഓർമ്മിപ്പിക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും ഭീകരമായ അധ്യായമാണ് വിഭജനമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ അഭിപ്രായപ്പെട്ടു. ചരിത്രത്തിലെ ഏറ്റവും വേദനാജനകമായ സംഭവങ്ങളിൽ ഒന്നാണിതെന്നും ഇതിൽ നിന്ന് പാഠമുൾക്കൊണ്ട് രാജ്യത്തിന്റെ ഐക്യവും സാമൂഹിക സൗഹാർദ്ദവും ശക്തിപ്പെടുത്താൻ മുന്നിട്ടിറങ്ങണമെന്നും കേന്ദ്രമന്ത്രി സിആർ. പാട്ടീൽ ഓർമ്മിപ്പിച്ചു. വിഭജനകാലത്ത് വേരുകൾ നഷ്ടപ്പെടുകയും ജീവൻ ത്യജിക്കേണ്ടിവരികയും ചെയ്ത നിരപരാധികളുടെ ത്യാഗത്തെ ബിജെപി നേതാക്കളായ രവിശങ്കർ പ്രസാദും അനിൽ ബലൂനിയും അനുസ്മരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates