

ന്യൂഡൽഹി: തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് വിജയ്‌യുടെ ടിവികെയുടെ പൊതുയോഗത്തിനിടെ കരൂർ തിക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള തമിഴ്നാട് സർക്കാരിന്റെ ഉത്തരവ് റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി വിധിക്കെതിരെ തമിഴ്നാട് സർക്കാരും മറ്റുള്ളവരും സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് നിർണ്ണായക ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. വിഷയത്തിൽ എതിർകക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചു.
തൊഴിൽ നൽകുന്ന വിഷയങ്ങളിൽ പൊതുതാൽപര്യ ഹർജികൾ നിലനിൽക്കില്ലെന്ന് സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഡോ അഭിഷേക് മനു സിങ്‌വി വാദിച്ചു. തുടർന്ന്, ഒരു ദുരന്തത്തിലെ ഇരകൾക്ക് തൊഴിൽ നൽകാൻ സർക്കാർ തീരുമാനിക്കുന്നതിൽ എന്താണ് തടസ്സമെന്ന് സുപ്രീം കോടതി ചോദിച്ചു. തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരണപ്പെടുമ്പോൾ അവരുടെ കുടുംബത്തിന് ആശ്വാസമേകാൻ സർക്കാരിന് തീരുമാനമെടുക്കാം. കുടുംബത്തിലെ ഏക വരുമാനക്കാരനാണ് മരണപ്പെട്ടതെങ്കിൽ അവരുടെ മകനോ മകൾക്കോ ജോലി നൽകുന്നതിൽ എങ്ങനെയാണ് തെറ്റ് പറയാൻ സാധിക്കുകയെന്നും ജസ്റ്റിസ് പർദിവാല ആരാഞ്ഞു. ഹർജിയെ എതിർത്ത അഭിഭാഷകൻ രാഷ്ട്രീയ ലക്ഷ്യങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ, കോടതി മുറിയിലേക്ക് രാഷ്ട്രീയം വലിച്ചിഴയ്ക്കരുതെന്ന് ജസ്റ്റിസ് വിനോദ് ചന്ദ്രൻ താക്കീത് നൽകി.
നേരത്തെ ജൂലൈ 27-നാണ് കരൂർ ദുരന്തബാധിതർക്ക് ജോലി നൽകാനുള്ള ഉത്തരവ് ഭരണഘടനയുടെ 14, 16 അനുച്ഛേദങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് റദ്ദാക്കിയത്. നിലവിൽ സർക്കാർ വകുപ്പുകളിൽ ആശ്രിത നിയമനം കാത്തിരിക്കുന്ന ആയിരക്കണക്കിന് ആളുകളുണ്ടെന്നും ഇത്തരം പ്രത്യേക ഉത്തരവുകൾ ഭാവിയിൽ സമാന ആവശ്യങ്ങളുമായി വലിയൊരു വിഭാഗം ആളുകൾ കോടതിയെ സമീപിക്കാൻ വഴിയൊരുക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി വിധി. ഹൈക്കോടതിയുടെ ഈ ഉത്തരവിനാണ് ഇപ്പോൾ സുപ്രീം കോടതിയുടെ സ്റ്റേ ലഭിച്ചിരിക്കുന്നത്.
ടിഎംകെയ്ക്കും വിജയ് സർക്കാരിനും ഏറെ ആശ്വാസം നൽകുന്നതാണ് സുപ്രീംകോടതിയുടെ ഇടക്കാല വിധി. വിഷയത്തിൽ വിജയ് സർക്കാരിനെതിരെ പ്രതിപക്ഷ കക്ഷികളായ ഡിഎംകെയും എഐഎഡിഎംകെയും ശക്തമായ പ്രതിഷേധവുമായി രംഗതെത്തിയിരുന്നു. ഹൈക്കോടതി വിധിയെ തുടർന്ന് തങ്ങളുടെ നിലപാടിനുള്ള അംഗീകാരമായാണ് ഇരുകക്ഷികളും അവകാശപ്പെട്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates