മലപ്പുറം: മലപ്പുറം ജില്ലയുടെ ഗതാഗതരംഗത്ത് വലിയ മാറ്റമുണ്ടാക്കുമെന്ന പ്രതീക്ഷയോടെയാണ് രാമനാട്ടുകര മുതല്‍ കാപ്പിരിക്കാട് വരെയുള്ള ആറുവരി ദേശീയപാത യാഥാര്‍ഥ്യമായത്. യാത്രാസമയം കുറയ്ക്കുകയും ദീര്‍ഘദൂര വാഹനങ്ങള്‍ക്ക് സുഗമ സഞ്ചാരം ഉറപ്പാക്കുകയും ചെയ്ത ഈ പാത ജില്ലയിലെ വികസനത്തിന് പുതിയ സാധ്യതകള്‍ തുറന്നുവെന്ന വിലയിരുത്തലും ഉണ്ടായി. ജില്ലയിലെ ഏക ടോള്‍ പ്ലാസ വെട്ടിച്ചിറയില്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ പ്രദേശവാസികളും കൂടുതല്‍ വികസനവും വ്യാപാര വളര്‍ച്ചയും പ്രതീക്ഷിച്ചിരുന്നു.
എന്നാല്‍ ടോള്‍ പിരിവ് ആരംഭിച്ച് മാസങ്ങള്‍ പിന്നിടുമ്പോള്‍ പ്രദേശവാസികള്‍ ഉയര്‍ത്തുന്ന പരാതികളുടെ എണ്ണം വര്‍ധിക്കുകയാണ്. അമിത ടോള്‍ നിരക്ക് മുതല്‍ സുരക്ഷിതമായ നടപ്പാതയുടെ അഭാവം വരെ ഒട്ടേറെ പ്രശ്‌നങ്ങളാണ് ജനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ബസ് കാത്തിരിപ്പുകേന്ദ്രമില്ലായ്മ, മേല്‍നടപ്പാലത്തിന്റെ അഭാവം, അപര്യാപ്തമായ ദിശാസൂചന ബോര്‍ഡുകള്‍, യാത്രക്കാരും ടോള്‍ ജീവനക്കാരും തമ്മിലുണ്ടാകുന്ന തര്‍ക്കങ്ങള്‍ എന്നിവയും പ്രതിഷേധത്തിന് കാരണമാകുന്നു.
ദേശീയപാതയുടെ നിര്‍മാണം പൂര്‍ണമായി അവസാനിക്കുന്നതിന് മുന്‍പേ, കഴിഞ്ഞ ജനുവരി 30-നാണ് ടോള്‍ പിരിവ് ആരംഭിച്ചത്. തുടര്‍ന്ന് ഏപ്രില്‍ ഒന്നിന് നിരക്കില്‍ വീണ്ടും വര്‍ധന വരുത്തി. ജില്ലയിലെ മറ്റ് ഭാഗങ്ങളിലെ നിര്‍മാണ പുരോഗതിയെ ചൂണ്ടിക്കാട്ടിയായിരുന്നു പുതുക്കിയ നിരക്ക് നടപ്പാക്കിയത്. തുടക്കത്തിലെ നിരക്ക് തന്നെ ഉയര്‍ന്നതാണെന്ന പരാതിക്കിടെയാണ് രണ്ടുമാസത്തിനകം വീണ്ടും വര്‍ധന വന്നത്. ഇതോടെ സ്വകാര്യ വാഹന ഉടമകള്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കും വലിയ സാമ്പത്തിക ബാധ്യതയായി.
ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് സ്വകാര്യ ബസ് മേഖലയാണ്. ഉയര്‍ന്ന ടോള്‍ നിരക്ക് കാരണം സര്‍വീസ് തുടരുന്നത് പ്രായോഗികമല്ലെന്ന നിലപാടില്‍ ഉടമകള്‍ ബസ് സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന മുന്നറിയിപ്പ് നല്‍കി. പിന്നീട് ജില്ലാ കലക്ടറുടെ ഇടപെടലിനെ തുടര്‍ന്ന് സ്വകാര്യ ബസുകള്‍ക്കുള്ള ടോള്‍ നിരക്കില്‍ ഇളവ് അനുവദിച്ചതോടെയാണ് പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമായത്. അതേസമയം ആതവനാട് പഞ്ചായത്ത് ഭരണസമിതിയുടെ ഇടപെടലിനെ തുടര്‍ന്ന് പഞ്ചായത്തിലെ സ്‌കൂള്‍ ബസുകള്‍ക്ക് ടോള്‍ നിരക്കില്‍ നിന്ന് ഒഴിവും ലഭിച്ചു.
ടോള്‍ പ്ലാസ പ്രവര്‍ത്തനം ആരംഭിച്ചതോടെ വെട്ടിച്ചിറയിലെ പൊതുഗതാഗത സംവിധാനത്തിലും വലിയ മാറ്റമാണ് ഉണ്ടായത്. മുമ്പ് വെട്ടിച്ചിറ ജംഗ്ഷനില്‍ നിര്‍ത്തിയിരുന്ന ദീര്‍ഘദൂര ബസുകള്‍ ഇപ്പോള്‍ പ്ലാസയ്ക്ക് സമീപമാണ് യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത്. കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള സര്‍വീസുകളും ഇതേ രീതിയിലാണ്. ഇതുമൂലം വെട്ടിച്ചിറ ടൗണിലേക്ക് പോകേണ്ടവര്‍ ബസിറങ്ങിയ ശേഷം ദൂരം നടക്കുകയോ ഓട്ടോറിക്ഷയെ ആശ്രയിക്കുകയോ ചെയ്യേണ്ട സാഹചര്യമാണുള്ളത്. പ്രദേശം പരിചയമില്ലാത്ത യാത്രക്കാര്‍ക്ക് വഴികാട്ടുന്ന ബോര്‍ഡുകള്‍ ആവശ്യത്തിന് ഇല്ലാത്തതും കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു.
കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലേക്ക് എത്തുന്ന ഭക്തര്‍ക്കും സമാനമായ പ്രയാസമാണ് അനുഭവപ്പെടുന്നത്. പ്ലാസയ്ക്ക് സമീപം ബസിറങ്ങിയാല്‍ ക്ഷേത്രത്തിലെത്താന്‍ ഓട്ടോറിക്ഷയെ ആശ്രയിക്കുകയോ വെട്ടിച്ചിറ ജംഗ്ഷനിലെത്തി മറ്റൊരു ബസ് പിടിക്കുകയോ വേണം. മടക്കയാത്രയിലും ഇതേ ബുദ്ധിമുട്ട് തുടരുന്നു.
പൂളമംഗലം, മാട്ടുമ്മല്‍, കൂടശ്ശേരിപ്പാറ, കരിപ്പോള്‍, പുന്നത്തല, മുഴങ്ങാണി തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍ക്കും യാത്ര ദുഷ്‌കരമായിരിക്കുകയാണ്. ടോള്‍ പ്ലാസയ്ക്ക് സമീപം റോഡ് മുറിച്ചുകടക്കാന്‍ സുരക്ഷിത സംവിധാനമില്ല. ടോള്‍ അടയ്ക്കാന്‍ വാഹനങ്ങള്‍ വേഗം കുറയ്ക്കുന്ന നിമിഷങ്ങളിലാണ് പലരും ജീവന്‍ പണയംവെച്ച് റോഡ് മുറിച്ചുകടക്കുന്നത്. അല്ലാത്തപക്ഷം ഒരു കിലോമീറ്ററിലധികം സഞ്ചരിച്ച് വെട്ടിച്ചിറ ടൗണ്‍ വഴി മറുവശത്തെത്തണം. മേല്‍നടപ്പാലമോ ലിഫ്റ്റ് സൗകര്യമോ ഇല്ലാത്തതിനാല്‍ പ്രായമായവര്‍ക്കും കുട്ടികള്‍ക്കും ഇത് വലിയ ബുദ്ധിമുട്ടാണ്.
ബസ് യാത്രക്കാരുടെ ദുരിതവും തുടരുകയാണ്. പ്ലാസയുടെ ഇരുവശങ്ങളിലും ബസ് കാത്തിരിപ്പുകേന്ദ്രങ്ങള്‍ ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ വെയിലും മഴയും സഹിച്ചാണ് റോഡരികില്‍ നില്‍ക്കുന്നത്. ഇരിക്കാന്‍ പോലും സൗകര്യമില്ലാത്തതിനാല്‍ പ്രായമായവര്‍ പലപ്പോഴും റോഡരികില്‍ ഇരുന്നാണ് ബസിനായി കാത്തിരിക്കുന്നത്. കുടിവെള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടില്ലെന്ന പരാതിയുണ്ട്.
ടോള്‍ പ്ലാസയിലെ ശുചിമുറിയും മറ്റൊരു വിവാദ വിഷയമാണ്. ഇരുവശങ്ങളിലും ശുചിമുറികള്‍ നിര്‍മ്മിച്ചിരുന്നെങ്കിലും മലിനജല സംസ്‌കരണ സംവിധാനത്തിലെ പോരായ്മകള്‍ തുടക്കത്തില്‍ തന്നെ ചര്‍ച്ചയായി. പ്രവര്‍ത്തനം ആരംഭിച്ചതിന് പിന്നാലെ ശുചിമുറിയില്‍ നിന്നുള്ള മലിനജലം സമീപത്തെ സ്വകാര്യ സ്ഥലങ്ങളിലേക്ക് ഒഴുകിയെത്തിയതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ആരോഗ്യവകുപ്പിനും പഞ്ചായത്തിനും പരാതി നല്‍കിയതിനെ തുടര്‍ന്ന് ദേശീയപാത അതോറിറ്റിയുമായും നിര്‍മാണ കമ്പനിയുമായും ചര്‍ച്ചകള്‍ നടന്നെങ്കിലും പരിഹാരമുണ്ടായില്ല.
മഴക്കാലത്ത് മലിനജലം സമീപത്തെ ജലസ്രോതസ്സുകളിലേക്കും തോടുകളിലേക്കും ഒഴുകുമെന്ന ആശങ്കയും ശക്തമായി. ആതവനാട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഏപ്രില്‍ 27-ന് പഞ്ചായത്ത് ശുചിമുറി അടച്ചുപൂട്ടാന്‍ തീരുമാനിച്ചു. ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം മലിനീകരണ നിയന്ത്രണ ബോര്‍ഡും പരിശോധന നടത്തി.
മലിനജലം പൂര്‍ണമായും സംസ്‌കരിക്കാന്‍ ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കുന്നതുവരെ ശുചിമുറി തുറക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും. ഇതിനിടെ പഞ്ചായത്ത് നിര്‍മാണ കമ്പനിക്കെതിരെ 25,000 രൂപ പിഴയും ചുമത്തി. മലിനജലം കുഴല്‍ക്കിണറിലേക്ക് തിരിച്ചുവിടാനുള്ള താല്‍ക്കാലിക ശ്രമം നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടി വന്നു. ശുചിമുറി അടഞ്ഞുകിടക്കുന്നതിനാല്‍ ദേശീയപാതയിലൂടെ യാത്ര ചെയ്യുന്നവര്‍ സമീപത്തെ ഹോട്ടലുകളെയും മറ്റ് സ്വകാര്യ സൗകര്യങ്ങളെയും ആശ്രയിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates