തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ നിയമപരമായ ബാധ്യതകള്‍ പൂര്‍ത്തീകരിക്കപ്പെട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മാണത്തിന്റെ ഉദ്ഘാടനം നടന്ന വേദിയില്‍ ആയിരുന്നു പ്രതിപക്ഷ നേതാവ് പദ്ധതിയുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. പല കാരണങ്ങളാല്‍ ഒന്നാം ഘട്ടം 5 വര്‍ഷം വൈകി. അത്തരത്തിലുള്ള വൈകലുകള്‍ ഇനിയുണ്ടാകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം എന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
2014 ല്‍ ആരംഭിച്ച പദ്ധതി 2019 ല്‍ ഉദ്ഘാടനം ചെയ്യപ്പെടേണ്ടതായിരുന്നു. എന്നാല്‍ പലകാരങ്ങളാല്‍ വൈകുന്ന നിലയുണ്ടായി. ഒന്നാം ഘട്ടം 2024 ല്‍ ആണ് ആരംഭിച്ചത്. ആ വൈകല്‍ മറികടക്കണം. അദാനി പോര്‍ട്ട് ഈ മേഖലയില്‍ മുന്‍ പരിചയമുള്ള സ്ഥാപനമാണ്. അത് മുതല്‍ക്കൂട്ടാണ്, അത് കാര്യക്ഷമായി ഉപയോഗപ്പെടുത്തണം.
ഒന്നാം ഘട്ടം പുര്‍ത്തിയാകുമ്പോള്‍ റോഡ് ഔട്ട് റീച്ച് പൂര്‍ത്തിയാക്കേണ്ടതുണ്ടായിരുന്നു. അത് ഉണ്ടായില്ല. അഞ്ച് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കേണ്ടിയിരുന്ന റെയില്‍ ഔട്ട് റീച്ച് പതിനൊന്ന് വര്‍ഷം പിന്നിട്ടിട്ടും സാധ്യമായില്ല. പദ്ധതിയോട് അനുബന്ധിച്ച് വിഭാവനം ചെയ്ത മത്സ്യ ബന്ധന തുറമുഖം, മത്സ്യ സംസ്‌കരണ പാര്‍ക്ക് എന്നിവ ഉള്‍പ്പെട്ട വലിയ പദ്ധതി സാധ്യമായില്ല. ഔട്ടര്‍ റിങ്ങ് റോഡ് ആരംഭിക്കാനായില്ല. ഗ്രോത്ത് കോരിഡോര്‍, വികസനത്തിനായുള്ള ഭൂമിയേറ്റടെുക്കല്‍ ഉള്‍പ്പെടെ മന്ദഗതിയിലായി. ഇത്തരത്തിലുള്ള കുറവുകള്‍ നികത്തി മുന്നോട്ട് പോയാല്‍ വിഴിഞ്ഞം കേരളത്തിന്റെ ചരിത്രത്തില്‍ നിര്‍ണായകമാകും. കേരളത്തിന്റെ വികസനത്തിന് കരുത്താകാന്‍ വിഴിഞ്ഞത്തെ മാറ്റണം എന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കാല്‍ നൂറ്റാണ്ടു കാലം കേരളത്തിന്റെ സ്വപ്നമായിരുന്ന വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാക്കാന്‍ പ്രയത്‌നിച്ച മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ ചാണ്ടി എന്നും ചടങ്ങില്‍ വി ഡി സതീശന്‍ അനുസ്മരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates